അവിശ്വാസിയുടെ പ്രാർത്ഥന

"എന്തെങ്കിലും ചെയ് യാൻ നിനക്ക് കഴിയുമെങ്കിൽ ഞങ്ങളുടെമേൽ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ! യേശു പറഞ്ഞു: കഴിയുമെങ്കിലെന്നൊ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും. ഉടനെ കുട്ടിയുടെ പിതാവ് വിളിച്ചുപറഞ്ഞു: ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച്  എന്നെ സഹായിക്കണമേ !" (മർക്കോസ് 9:22-24)

ചിന്ത 
കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യമാണ്‌ വിശ്വാസത്തിന്റെ കാതൽ. ഈയൊരു വസ്തുത തന്നെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ അകറ്റിനിർത്തുന്നതും. ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്ന നമ്മിൽ പലരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് കാണപ്പെടുന്നവയിൽ മാത്രമാണെന്നുള്ളതാണ് യാഥാർത്യം. നല്ലകാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം നമ്മിലെ വിശ്വാസത്തിന്റെ അപര്യാപ്തത തന്നെയാണ്. "വിശ്വാസം ഇല്ലാതെ ദൈവത്തെ പ്രസാധിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം" (ഹെബ്രായർ 11:6). കാണാൻ സാധിക്കുന്നില്ലെങ്കിലും ദൈവം ഉണ്ടെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാനെന്നുമുള്ള നമ്മുടെ വിശ്വാസത്തിനു ഇളക്കം തട്ടുന്ന ഒട്ടേറെ കാര്യങ്ങൾ അനുദിനജീവിതത്തിൽ നമുക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഈ അവസരങ്ങളിൽ ദൈവം നമ്മിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നത് ഇന്നത്തെ വചനഭാഗത്തിൽ വ്യക്തമാണ്‌.

പിശാചു ബാധിതനായ തന്റെ മകന് സൌഖ്യം ലഭിച്ചേക്കുമെന്നുള്ള  വിശ്വാസമാണ് കുട്ടിയുടെ പിതാവിനെ യേശുവിന്റെ ശിഷ്യന്മാരുടെ അടുക്കലെത്തിച്ചത്. എന്നാൽ അതിനെ പുറത്താക്കാൻ അവർക്ക് കഴിഞ്ഞില്ല, കുട്ടിക്ക് സൌഖ്യം ലഭിച്ചില്ല. ഇത് നമ്മുടെ പലരുടെയും അവസ്ഥ ആണ്. നമുക്കൊരു ബുദ്ധിമുട്ട് വരുമ്പോൾ ദൈവത്തിന്റെ അടുത്ത് സഹായം ചോദിക്കുക, പക്ഷേ ആഗ്രഹിക്കുന്ന രീതിയിൽ ഉത്തരം കിട്ടാതെ വരുക. ഒട്ടേറെപ്പേർ ദൈവത്തിൽനിന്നു അകലുന്നത് ചോദിച്ചത് കിട്ടാതെ വരുംപോഴാണ് - കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യത്തിൽനിന്നും കാണപ്പെടുന്നവയിൽ മാത്രം പ്രത്യാശ അർപ്പിക്കുന്ന ഒരു അവസ്ഥ. എന്നാൽ, എല്ലാം ഒരു തട്ടിപ്പാണെന്നും, സൌഖ്യം കിട്ടുമെന്ന് വിശ്വസിച്ച ഞാൻ ഒരു മണ്ടനാണെന്നും ശപിച്ചുകൊണ്ട് മകനെയും കൊണ്ട് അവിടെനിന്നു പോകുകയല്ല ആ പിതാവ് ചെയ്തത്. തന്റെ ആവശ്യം നടത്തിതരാൻ ശിഷ്യർക്കായില്ലെങ്കിലും, യേശുവിനോട് സംസാരിച്ച് തന്റെ പരിഭവം അറിയിച്ചിട്ടേ അവിടെനിന്നു പോകുകയുള്ളൂ എന്നതായിരുന്നു ആ പിതാവിന്റെ തീരുമാനം. തിരിച്ചടികൾ ലഭിക്കുംപോൾ, പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുംപോൾ, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാതെ വരുംപോൾ ഒക്കെ ആ പിതാവ് കാട്ടിയ മനോഭാവമാണ് ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഞാനാഗ്രഹിച്ചതുപോലെ നടന്നില്ല, എങ്കിലും 'എനിക്ക് അങ്ങയിലുള്ള വിശ്വാസത്തെ വർദ്ധിപ്പിക്കുവാൻ എന്തെങ്കിലും ചെയ് യണേ' എന്ന് പറഞ്ഞു എളിമപ്പെടുന്ന ആരെയും കണ്ടില്ലെന്നു നടിക്കാൻ സ്നേഹമാകുന്ന ദൈവത്തിനാവില്ല.

"വിശ്വസിക്കുന്നവന് എല്ലാം സാധിക്കും" എന്ന് പറയുന്ന ദൈവത്തിൽ നിന്ന് തന്നെയാണ് വിശ്വസിക്കാനുള്ള കൃപയും വരുന്നത്. നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുമെന്നു യാക്കോബ്ശ്ലീഹായും  നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിലെല്ലാം "എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ" എന്ന് പ്രാർത്ഥിക്കാൻ നമുക്കാവണം. അങ്ങിനെ ചെയ് യുംപോൾ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവം നമ്മുടെ വിശ്വാസത്തെ സ്തിരീകരിക്കും.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!