കണ്ണടച്ച്‌ ഇരുട്ടാക്കുന്നവർ

"അവൻ പറഞ്ഞു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ എല്പ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ് യും. അവൻ വധിക്കപ്പെട്ടു മൂന്ന് ദിവസം കഴിയുംപോൾ ഉയിർത്തെഴുന്നെൽക്കും. ഈ വചനം അവർക്ക് മനസ്സിലായില്ല. എങ്കിലും അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു." (മർക്കോസ് 9:31-32)

ചിന്ത 
ഐശ്വര്യവും യശസ്സും ആഗ്രഹിക്കാത്തവരില്ല. പക്ഷെ ഈ മഹത്വം എവിടെനിന്ന് വരണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത് - ദൈവത്തിൽ നിന്നോ അതോ മനുഷ്യനിൽ നിന്നോ? ക്രിസ്തുവിന്റെ അനുയായികളെന്നു വിളിക്കുന്ന നാമോരുത്തരും പലപ്പോഴും അംഗീകരിക്കാൻ മടിക്കുന്ന ഒരു സത്യമുണ്ട് - പിതാവായ ദൈവം പുത്രനെ മഹത്വപ്പെടുത്തിയത് കുരിശിലൂടെയാണ്‌.

തന്റെ പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പ് യേശു തന്റെ ശിഷ്യന്മാർക്ക് നൽകുന്നത് പ്രതീകങ്ങളിലൂടെയല്ല, മറിച്ചു ഏവർക്കും മനസ്സിലാകുന്ന രീതിയിൽ യാതൊരു മറകളും ഇല്ലാതെ ലളിതമായ ഭാഷയിലാണ്. എങ്കിലും ഈശോ എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ സങ്കല്പങ്ങളിലെ മിശിഹാ ഭൂമിയിൽ തന്റെ രാജ്യം സ്ഥാപിക്കുന്ന ഒരു വ്യക്തിയായിരുന്നു. യേശുവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരുടെയും തന്നെ ആഗ്രഹം ഈശോ തന്റെ രാജ്യം സ്ഥാപിക്കുംപോൾ ആ മഹത്വത്തിൽ പങ്കുപറ്റുക എന്നതായിരുന്നു. എന്നാൽ യേശുവിന്റെ  പ്രവചനം അവരുടെ പ്രതീക്ഷകൾക്ക് എതിരായിരുന്നു. തങ്ങളുടെ സങ്കല്പങ്ങളിലുള്ള മഹത്വമല്ല യേശുവിന്റെ ലക്‌ഷ്യം എന്ന അറിവ് അവർക്ക് അംഗീകരിക്കാനായില്ല. അതുകൊണ്ടുതന്നെ കേട്ടത് കേട്ടില്ലെന്നു നടിക്കാനാണ് അവർ  തുനിഞ്ഞത്. എന്തെങ്കിലും ചോദിച്ചാൽ ഈശോ കൂടുതൽ സ്പഷ്ടമായി ഉത്തരം നല്കിയേക്കുമെന്നുള്ള ഭയത്താൽ താന്താങ്ങളുടെ വ്യർഥമായ ദിവാസ്വപ്നങ്ങളിലേക്ക് ഒളിച്ചോടുകയാണ് അവർ ചെയ്തത്.

പലപ്പോഴും നമ്മുടെ അവസ്ഥയും  ശിഷ്യന്മാരിൽ നിന്നും ഒട്ടും വിഭിന്നമല്ല. നമ്മുടെ വഴികൾ ശരിയല്ല എന്ന് ദൈവവചനത്തിനനുസൃതമായി ബോധ്യങ്ങൾ ലഭിക്കുംപോൾ എതിർചിന്തകളോടെ സ്വന്തം വഴികളെ ന്യായീകരിക്കാൻ നമ്മൾ വ്യഗ്രത കാട്ടാറുണ്ട്‌. നമുക്കിഷ്ടമില്ലാത്തത് കേൾക്കുംപോൾ ഏതുവിധേനയും അത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് നമുക്ക് താൽപര്യം. വചനം കേട്ട് അത് മനസ്സിലാക്കി അത് പാലിക്കാൻ ശ്രമിക്കാതെ, ഇപ്രകാരം ജീവിക്കാൻ സാധിക്കുകയില്ല എന്ന് പറഞ്ഞു അതിനെ തള്ളിക്കളയുകയാണ് നമ്മൾ മിക്കവാറും ചെയ് യാറുള്ളത്.

കണ്ണടച്ചിരുട്ടാക്കുന്നവർ പലപ്പോഴും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്: ഞാൻ കണ്ണടച്ചാൽ എനിക്ക് ചുറ്റുമുള്ള പ്രകാശം ഇല്ലാതാവുന്നില്ല. മറിച്ചു, ആ പ്രകാശം എന്നിലേക്കെത്തുന്നതിനെ തടയുവാൻ മാത്രമേ എനിക്കാവുകയുള്ളൂ. "ദൈവം പ്രകാശമാണ്. ദൈവത്തിൽ അന്ധകാരമില്ല. അവിടുത്തോട്‌ കൂട്ടായ്മ ഉണ്ടെന്നു പറയുകയും അതേ സമയം അന്ധകാരത്തിൽ നടക്കുകയും ചെയ്‌താൽ നാം വ്യാജം പറയുന്നവരാകും; സത്യം പ്രവർത്തിക്കുന്നുമില്ല." (1 യോഹന്നാൻ 1:6). അതുകൊണ്ട്, അഹങ്കാരത്തിൽ നിന്നുടലെടുക്കുന്ന ഭയമാകുന്ന അന്ധകാരത്തിലൂടെ നടക്കുന്ന നമോരുത്തരും പ്രകാശമാകുന്ന സത്യാത്മാവിനു വേണ്ടി ദൈവത്തിനുമുമ്പിൽ ഹൃദയം തുറക്കണം. നശ്വരമായ ലൌകീക മഹത്വം ലക്ഷ്യമാക്കാതെ അനശ്വരമായ ദൈവമഹത്വത്തിനായി യത്നിക്കണം. പരമമായ ശക്തി ദൈവത്തിന്റെതാണ് ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്ന കളിമണ്‍ പാത്രങ്ങളായി നമുക്ക് രൂപന്തരപ്പെടാം. (2 കോറിന്തോസ് 4:7).
   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്