അസൂയക്കെന്താണ് പ്രതിവിധി?

"യോഹന്നാൻ അവനോട് പറഞ്ഞു: ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. ഞങ്ങൾ അവനെ തടഞ്ഞു. കാരണം, അവൻ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയണ്ട, ഒരുവന് എന്റെ നാമത്തിൽ അത്ഭുതപ്രവർത്തി ചെയ്യാനും  എന്നെ ദൂഷിച്ചു പറയാനും സാധിക്കുകയില്ല. നമുക്കെതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്." (മാർക്കോസ് 9: 38-40)

ചിന്ത 
മറ്റുള്ളവർ ചെയ്യുന്ന സൽപ്രവർത്തികൾ കാണുംപോൾ നമുക്കെന്താണ് അനുഭവപ്പെടാറുള്ളത് - സന്തോഷമോ അതോ ദുഖമോ? അവരുടെ പ്രവർത്തികളിലെ നന്മ തിരിച്ചറിഞ്ഞ് അവരെ അഭിനന്ദിക്കാനാണോ  അതോ എങ്ങിനെയെങ്കിലും അവരിൽ തെറ്റ് കണ്ടെത്തി വിമർശിക്കനാണോ നമ്മൾ ശ്രമിക്കാറ്.

ഇന്നത്തെ വചനഭാഗത്തിൽ യേശു തന്റെ ശിഷ്യന്മാരിലെ അസൂയയും ദുശ്ശങ്കയും കണ്ട് അവരെ ശാസിക്കുകയാണ്. തങ്ങളോടൊപ്പം വരാൻ വിസമ്മതിച്ച ഒരു വ്യക്തി യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, അത് സൽപ്രവർത്തികളാണെങ്കിൽകൂടിയും, അയാളെ തടയാനാണ് യേശുവിന്റെ ശിഷ്യന്മാർ ശ്രമിച്ചത്. എന്നാൽ യേശുവാകട്ടെ, അയാളിലെ നന്മ തിരിച്ചറിഞ്ഞ് അതിനെ അംഗീകരിക്കാനാണ് തുനിഞ്ഞത്. "സ്നേഹം അസൂയപ്പെടുന്നില്ല, ...അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല" (1 കോറിന്തോസ് 13:4,5) എന്ന് പൗലോസ്‌ ശ്ലീഹാ നമ്മെ ഓർമിപ്പിക്കുന്നു. അതന്വർത്തമാക്കികൊണ്ട്  തന്നെ സ്നേഹിക്കാത്ത ഒരുവനും തന്റെ നാമത്തിൽ സൽപ്രവർത്തി ചെയ്യാനാകില്ല എന്ന വിവേകപൂർവമായ മറുപടിയാണ് യേശു ശിഷ്യർക്ക് നൽകുന്നത്.

മറ്റുള്ളവർ സൽപ്രവർത്തികളിലൂടെ പേരെടുക്കുംപോൾ വേദനിക്കുന്ന ഒരു ഹൃദയമാണോ നമ്മുടേത്‌? ഇതിനുള്ള ഉത്തരം പൂർണ്ണഹൃദയത്തോടെ നമ്മൾ അന്വേഷിക്കണം. കാരണം, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ പ്രേരകശക്തി സ്നേഹമാണോ അതോ അസൂയയാണോ എന്ന തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. മറ്റൊരാളുടെ പ്രശസ്തി നമ്മെ സന്തോഷിപ്പിക്കുന്നെങ്കിൽ സ്നേഹവും, വേദനിപ്പിക്കുന്നെങ്കിൽ അസൂയയുമാണ് നമ്മെ നയിക്കുന്നത്. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരു വ്യക്തി ആണോ നിങ്ങൾ? ഒരുപക്ഷേ അതിനു കാരണം മറ്റുള്ളവരുടെ ഉയർച്ച ഉൾകൊള്ളാൻ കഴിയാത്തതാവം. അസൂയ സ്നേഹത്തിനെതിരാണ്, സ്നേഹമില്ലാത്തിടത്ത് സന്തോഷവുമില്ല.

പക്ഷെ, അസൂയക്കെന്താണ് പ്രതിവിധി? ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞ് അതുൾക്കൊള്ളാൻ ഹൃദയം ദൈവസന്നിധിയിൽ തുറക്കുക ഒന്നുമാത്രമാണ് അസൂയക്കുള്ള മരുന്ന്. ദൈവസ്നേഹം സമൃദ്ധവും നിസ്വാർത്തവുമാണ്. ഉദാരമായി കൊടുക്കാനും നല്ലത് സംസാരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് ദൈവത്തിന്റെ സ്നേഹമാണ്. ദൈവത്തോടുള്ള സ്നേഹത്തെ പ്രതി നിസ്വാർത്ഥമായി ആർക്കെങ്കിലും ഒരു കപ്പ് വെള്ളം കൊടുക്കുന്നവനുപോലും സ്വർഗ്ഗത്തിൽനിന്നു പ്രതിഫലം ലഭിക്കുമെന്നും യേശു തുടർന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ആയതിനാൽ, നമ്മെ നിരന്തരം ഞെരുക്കി ദുഖത്തിന്റെ പടുകുഴിയിൽ ചവിട്ടി താഴ്ത്തുന്ന അസൂയയിൽ നിന്നും കുശുന്പിൽ നിന്നും മോചനം നല്കാൻ ദൈവസ്നേഹമാകുന്ന പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്