സൗഖ്യദായകനായ മിശ്ശിഹാ


"അപ്പോൾ യേശു വളരെപ്പേരെ രോഗങ്ങളിൽനിന്നും പീഡകളിൽനിന്നും അശുദ്ധാത്മാക്കളിൽനിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാർക്കു കാഴ്ച കൊടുക്കുകയും ചെയ്തു. അവൻ പറഞ്ഞു: നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്മാർ കാണുന്നു; മുടന്തന്മാർ നടക്കുന്നു; കുഷ്ടരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ചയുണ്ടാകാത്തവൻ ഭാഗ്യവാൻ." (ലൂക്കാ 7: 21-23) 

ചിന്ത 
യേശു എന്തിനാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും സുവിശേഷം മറ്റുള്ളവരിലേക്കെത്തിച്ചാൽ പോരായിരുന്നോ? പക്ഷെ യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത്, പോയിടത്തെല്ലാം പ്രസംഗത്തെക്കാളേറെ പ്രവർത്തികളിലൂടെയാണ്‌ അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. യേശു ചെന്നിടത്തെല്ലാം ജനം ചുറ്റും കൂടിയത് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ മാത്രമല്ല, മറിച്ചു തങ്ങളുടെ ആവശ്യങ്ങളിൽ സഹായം തേടി കൂടിയാണ്. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്ന യേശുവിനെ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ഫരിസേയരെയും സദുക്കായരെയും ഭയക്കാതെ, യേശുവിനു എന്റെ പ്രശ്നത്തിൽ ഇടപെടാൻ കഴിയും എന്ന് വിശ്വസിച്ച്, തന്റെ മുമ്പിൽ വന്നു നിന്ന ഒരാളെയും യേശു നിരാശനായി മടങ്ങാൻ അനുവദിക്കുന്നില്ല. 

ആദിയിൽ ദൈവം മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ചു, മാത്രവുമല്ല തന്റെ സൃഷ്ടി നന്നായിരിക്കുന്നുവെന്ന് കാണുകയും ചെയ്തു. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ് - ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തെങ്കിലും തകരാറുകളോടെ അല്ല, വികലമായതൊന്നും മനുഷ്യനിൽ ഇല്ലായിരുന്നു. പ്രപഞ്ചത്തിൽ ഉടനീളം, അതുമൂലം മനുഷ്യനിലും, ഒരു സമതുലനാവസ്ത നിലനിന്നിരുന്നു. സഹോദരനായ അബേലിനെ കൊന്ന കായേനോട് ദൈവം പറയുന്നു: "നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ചുകരയുന്നു. കൃഷി ചെയ്യുമ്പോൾ മണ്ണ് നിനക്ക് ഫലം തരികയില്ല." (ഉൽപത്തി 4:10,12). ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്, മനുഷ്യൻ ചെയ്യുന്ന ഓരോ പാപവും പ്രപഞ്ചത്തിന്റെ മൈത്രി തകരാറിലാക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ പൊരുത്തതിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനുഷ്യനെയും ബാധിക്കും - അതവന്റെ ശാരീരികവും മാനസ്സികവുമായ പരിപൂർണ്ണതയിൽ വിള്ളലുകൾ വരുത്തുന്നു. ദൈവത്തിൽ നിന്നകന്ന് പ്രകൃതിയുമായി മല്ലടിക്കുന്ന മാനവരാശിയുടെ വികലതകളാണ് രോഗങ്ങളായും മറ്റു വേദനകളായും പ്രത്യക്ഷീകരിക്കുന്നത്. എന്നാൽ ഇതിനർത്ഥം രോഗം രോഗിയുടെ നേരിട്ടുള്ള പാപത്തിൽ നിന്ന് ആയിക്കൊള്ളണമെന്നല്ല, മറിച്ചു പ്രപഞ്ചത്തിന്റെ പൊതുവായുള്ള താളപ്പിഴകൾ ഓരോ വ്യക്തികളിലും പലവിധ അസുഖങ്ങളിലൂടെയും മറ്റും വെളിപ്പെടുന്നു എന്നും ആവാം.

പക്ഷേ ഇന്നത്തെ യുക്തിയിൽ മാത്രം ശരണം വയ്ക്കുന്ന നമ്മുടെ സമൂഹം രോഗങ്ങളുടെയെല്ലാം അടിസ്ഥാനകാരണം പാപമാണെന്ന യാധാർത്യത്തെ അപ്പാടെ തിരസ്കരിച്ചിരിക്കുകയാണ്. പകരം, വൈദ്യശാസ്ത്രത്തിലൂടെ മാത്രമേ രോഗശാന്തി ഉള്ളൂ എന്ന ധാരണ അനുദിനം ശക്തമായി വരികയാണ്. മരുന്നുകൾ ദൈവസ്നേഹത്തിന്റെ, ദൈവം തരുന്ന സൌഖ്യത്തിന്റെ, മറ്റൊരു രൂപമായി കാണാതെ, അവയെ ദൈവമില്ലായെന്നു സ്ഥാപിക്കുവാനുള്ള ഒരു വഴിയായിട്ടാണ് ഇന്ന് ഒട്ടേറെപ്പേർ ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ മരുന്നുകളും എല്ലാവർക്കും സൌഖ്യം പ്രദാനം ചെയ്യാതെ പോകുമ്പോൾ, ചികിത്സകളില്ലാത്ത രോഗങ്ങൾ ആവിർഭവിക്കുംപോൾ, വൈദ്യശാസ്ത്രത്തിന് ഉത്തരം മുട്ടുന്നു. ഇങ്ങനെയുള്ള അവസരങ്ങളിലെല്ലാം നാം തിരിച്ചറിയേണ്ട, അംഗീകരിക്കേണ്ട ഒരു വസ്തുതയുണ്ട് - "യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആൾ തന്നെയാണ് (ഹെബ്രായർ 13:8). രണ്ടായിരം വർഷംമുംപ് തന്റെ മുന്പിലെത്തിയ, തന്നെ വിളിച്ചപേക്ഷിച്ച എല്ലാ രോഗികൾക്കും സൌഖ്യം നൽകിയ യേശുക്രിസ്തു തിരുസഭയിലൂടെ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു. പരമാർത്ഥഹൃദയത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്ന എതൊരാൾക്കും സൗഖ്യദായകനായ യേശു സമീപസ്ഥനാണ്.

യേശുവിനെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ രോഗികളായവർ ഒറ്റെരെപ്പേർ ഉണ്ടായിരുന്നു. എന്നാൽ തന്റെ അടുത്തുവന്ന് തന്നോട് സഹായം ചോദിച്ചവർക്ക് മാത്രമേ യേശു സൌഖ്യം നല്കിയുള്ളൂ. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഭയത്താൽ, അല്ലെങ്കിൽ ചോദിക്കാൻ അഭിമാനം സമ്മതിക്കാത്തത് മൂലം മിണ്ടാതെ നിന്ന ഒരാൾക്ക്‌ പോലും സൌഖ്യം ലഭിച്ചില്ല. പാപം ചെയ്ത് നമ്മൾ നശിപ്പിച്ചു കളഞ്ഞ സൌഭാഗ്യങ്ങൾ വീണ്ടെടുത്ത്‌ തരുന്നതിനാണ് യേശു ഭൂമിയിൽ അവതരിച്ചത്, അവയെല്ലാം ദാനമായി നമുക്കിപ്പോൾ ലഭ്യവുമാണ്. പക്ഷെ അത് സ്വീകരിക്കാനായി നമ്മൾ യേശുവിന്റെ അടുക്കൽ ഹൃദയം തുറക്കണം, ദൈവസന്നിധിയിൽ എളിമപ്പെടണം. അപ്പോൾ നുറുങ്ങിയ ഹൃദയവുമായി മുൻപിൽ നിന്ന മുടിയനായ തന്റെ മകനെ രണ്ടുകൈയും നീട്ടി ആശ്ലേഷിച്ച പിതാവിന്റെ സ്നേഹം സൌഖ്യങ്ങളായി നമ്മിലേക്കുമെത്തും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്