അവരെ തടയരുത്

"അവൻ തൊട്ടനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ യേശു കോപിച്ച് അവരോട് പറഞ്ഞു: 
ശിശുക്കൾ എന്റെയടുത്ത് വരാൻ അനുവദിക്കുവിൻ. അവരെ തടയരുത്." (മാർക്കോസ് 10:13,14)

ചിന്ത 
ഏതു തരത്തിലുള്ള ക്രിസ്തുശിഷ്യരാണ് നമ്മൾ? മറ്റുള്ളവരെ ദൈവത്തിങ്കലേക്കു കൊണ്ടെത്തിക്കുന്നവരോ അതോ അവരെ ദൈവത്തിൽനിന്ന് അകറ്റുന്നവരോ? ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ ആയിരുന്ന കാലത്ത് ബൈബിളിൽ കൂടി കേട്ടറിഞ്ഞ യേശുവിനെ കൂടുതൽ അടുത്തറിയുന്നതിനായി ഒരു ദിവസം ഒരു ദേവാലയത്തിൽ പോയി. വർണ്ണവിവേചനം നിലവിലിരുന്ന ആ കാലത്ത് വെള്ളക്കാർക്കും  കറുത്തവർക്കും വെവ്വേറെ പള്ളികളുണ്ടായിരുന്നു. ഇതറിയാതെ, വെള്ളക്കാരുടെ ഒരു ദേവാലയത്തിൽ ആണ് ഗാന്ധിജി എത്തിച്ചേർന്നത്‌. യേശുവിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെന്നു കേട്ടപ്പോൾ ആ പള്ളിയിലെ അച്ഛൻ പറഞ്ഞു: യേശുവിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ നിങ്ങളോട് പറയാൻ എനിക്കാവും, എങ്കിലും നിങ്ങൾ ഒരു വെള്ളക്കാരനല്ലാത്തതിനാൽ നിങ്ങളോട് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഈയൊരു സംഭവം അനുസ്മരിച്ചുകൊണ്ട് ഏറെ കാലങ്ങൾക്ക് ശേഷം ഗാന്ധിജി പറഞ്ഞു: എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ്, എന്നാൽ ക്രിസ്ത്യാനികളെ അല്ല (I like Christ, but not Christians).

പാരന്പര്യവും അവകാശവുമായി ഈശോയെ കൊണ്ടുനടക്കുന്ന ക്രിസ്ത്യാനികൾ പലപ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്: ദൈവവചനം കേൾക്കുന്നവനല്ല ക്രിസ്തുശിഷ്യൻ, മറിച്ചു ആ വചനങ്ങൾ ഉൾക്കൊള്ളുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവനാണ്. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന യേശുവിന്റെ കൽപ്പന പാലിക്കാതെ ഒരുവനും അവിടുത്തെ ശിഷ്യനാകുന്നില്ല. അയൽക്കാരൻ ആരാണെന്നോ എന്താണെന്നോ നോക്കി സ്നേഹിക്കാനല്ല കർത്താവു പറഞ്ഞത്, ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്നാണ്. ഇങ്ങിനെയുള്ള നമ്മെയാണ് ദൈവം സ്നേഹിക്കുന്നത്? പൗലോസ്‌ ശ്ലീഹാ റോമാക്കാർക്കുള്ള ലേഖനത്തിൽ പറയുന്നത്, യേശു നമുക്കുവേണ്ടി കുരിശിൽ മരിച്ച സമയത്ത് നമ്മൾ പാപികളും ബലഹീനരും ശത്രുക്കളും ദൈവനിന്ദകരുമായിരുന്നു എന്നാണ് (റോമ 5: 6-10). കുരിശിൽ മരിക്കുന്നതിനു പകരമായി ദൈവം നമ്മോടു ഒന്നും ആവശ്യപ്പെട്ടില്ല, അവിടുത്തെ ത്യാഗം നിബന്ധനകൾക്കതീതമായിരുന്നു. അത് സ്നേഹത്തിൽ അധിഷ്ടിതമായിരുന്നു.

തന്റെ അടുത്ത് വരുന്നതിൽ നിന്ന് യേശു ആരെയും തടയുന്നില്ല. ഭൂമിയിൽ മനുഷ്യനായി ജീവിച്ച കാലത്ത് അവിടുന്ന് കൂടുതൽ സമയം ചെലവഴിച്ചത്‌ ചുങ്കക്കാരുടെയും വേശ്യകളുടെയും കുഷ്ഠരോഗികളുടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റപ്പെട്ട മറ്റുള്ളവരോടും ഒപ്പമായിരുന്നു. അവരെ സ്നേഹിച്ചു, അവരെ ആദരിച്ച്, അവരോടു കരുണയോടെ പെരുമാറിയാണ്‌ യേശു ദൈവരാജ്യം എന്തെന്ന് അവരെ പഠിപ്പിച്ചത്.  ക്രിസ്തുവിന്റെ ജീവിതം അനുകരിക്കുകയാണ് ഓരോ ക്രിസ്തുശിഷ്യനും ചെയ്യേണ്ടത്. വാക്കുകളിലൂടെയല്ല  നമ്മുടെ അനുദിനജീവിതത്തിലെ പ്രവർത്തികളിലൂടെയാണ് നമ്മൾ പ്രേക്ഷിതരാകേണ്ടത്. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കി അവരെ നമ്മിൽ നിന്നകറ്റിനിർത്തുന്പോൾ, അവരെ നന്മയിലേക്ക് നയിക്കാൻ ദൈവം ഒരുക്കിത്തരുന്ന ഒരു വഴിയാണ് നമ്മൾ അടയ്ക്കുന്നത്. മറ്റുള്ളവരെ ദൈവത്തിൽ നിന്നകറ്റുന്ന എന്തെങ്കിലും തിന്മകൾ നമ്മിലുണ്ടെങ്കിൽ അതിൽ നിന്ന് മോചനം നേടാനുള്ള കൃപ ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമുക്കോരോരുത്തർക്കും നല്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്