പാപിനിക്കു മോചനം

"ഫരിസേയരിൽ ഒരുവൻ തന്നോടോത്തു ഭക്ഷണം കഴിക്കാൻ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടിൽ പ്രവേശിച്ച് ഭക്ഷണത്തിനിരുന്നു. അപ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ ഫരിസേയന്റെ വീട്ടിൽ അവൻ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കൽഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു. അവൾ അവന്റെ പിന്നിൽ പാദത്തിനരികെ കരഞ്ഞുകൊണ്ട്‌ നിന്നു. കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവൻ പ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവൾ ഒരു പാപിനി ആണല്ലോ. യേശു അവനോടു പറഞ്ഞു: ശിമയോനെ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിചെയ്താലും എന്നവൻ പറഞ്ഞു. ഒരു ഉത്തമർണ്ണന് രണ്ടു കടക്കാർ ഉണ്ടായിരുന്നു. ഒരുവൻ അഞ്ഞൂറും മട്ടവാൻ അൻപതും ദനാറാ കടപ്പെട്ടിരുന്നു. വീട്ടാൻ കഴിവില്ലാത്തതുകൊണ്ട് ഇരുവർക്കും അവൻ ഇളച്ചുകൊടുത്തു. ആ രണ്ടു പേരിൽ ആരാണ് അവനെ കൂടുതൽ സ്നേഹിക്കുക? ശിമയോൻ മറുപടി പറഞ്ഞു: ആർക്ക് അവൻ കൂടുതൽ ഇളവു ചെയ്തോ അവൻ എന്ന് ഞാൻ വിചാരിക്കുന്നു. അവൻ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യെട്ശു ആ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമയോനോട് പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാൻ നിന്റെ വീട്ടിൽ വന്നു; കാലുകഴുകുവാൻ നീയെനിക്ക് വെള്ളം തന്നില്ല. എന്നാൽ ഇവൾ  കണ്ണീരുകൊണ്ട് എന്റെ കാലുകഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തു. നീ എനിക്ക് ചുംബനം തന്നില്ല; എന്നാൽ, ഞാനിവിടെ പ്രവേശിച്ചതുമുതൽ എന്റെ പാദങ്ങൾ ചുംബിക്കുന്നതിൽനിന്ന് ഇവൾ വിരമിച്ചിട്ടില്ല. നീ എന്റെ തലയിൽ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളിൽ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാൽ ഞാൻ നിന്നോട് പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, ഇവൾ അധികം സ്നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവൻ അല്പം സ്നേഹിക്കുന്നു. അവൻ അവളോട്‌ പറഞ്ഞു: നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവനോടുകൂടെ പന്തിയിൽ ഇരുന്നവർ പരസ്പരം പറയാൻ തുടങ്ങി: പാപങ്ങൾ ക്ഷമിക്കുക പോലും ചെയ്യുന്ന ഇവാൻ ആരാണ്? അവൻ അവളോട്‌ പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക." (ലൂക്കാ 7: 36-50)

ചിന്ത 
ദൈവസ്നേത്തിന്റെ മഹിമ തിരിച്ചറിയാൻ കൂട്ടാക്കാതെ അലംഭാവത്തോടെയുള്ള ജീവിതമാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ശാപം. നീതിമാന് സംരക്ഷണവും പാപിക്ക്‌ പാപബോധവും നൽകുന്ന ദൈവസ്നേഹം, നീതിമാനെന്നു അഹങ്കരിച്ചു നടക്കുന്ന പാപിയിൽ എന്തെങ്കിലും ചലനമുണ്ടാക്കുന്നതിൽ പരാജയപ്പെടുന്നു. 

തന്നോടൊത്ത് ഭക്ഷണം കഴിക്കാൻ യേശുവിനെ ക്ഷണിച്ച ഫരിസേയനും ദൈവസ്നേഹത്തിന്റെ കാര്യത്തിൽ നമ്മിൽനിന്നും ഒട്ടും വിഭിന്നനല്ല. തന്റെ പേരും പ്രശസ്തിയും മൂലമാണ് യേശു തന്റെ വീട്ടിൽ വന്നതെന്നാണ് അയാളുടെ ഭാവം. അതുകൊണ്ടുതന്നെ യേശുവിനെ പരിചരിക്കുന്ന കാര്യത്തിൽ അയാൾ അത്രയൊന്നും ശ്രദ്ധാലുവല്ല. യേശുവില്ലാതെ തന്നെ സ്വയം നീതീകരിക്കപ്പെട്ടു എന്ന വ്യർത്ഥചിന്തയുമായി ജീവിക്കുന്ന അയാൾ ദൈവസ്നേഹത്തിന്റെ വില മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു.

എന്നാൽ പാപിനിയായ ആ സ്ത്രീയെ അവിടെയെത്തിച്ചത് യേശുവിന്റെ സ്നേഹത്തിന് നിരവധിയായ അവളുടെ പാപങ്ങളിൽ നിന്ന് അവളെ മോചിപ്പിക്കാൻ കഴിയും എന്ന വിശ്വാസമാണ്. യേശുവിലൂടെ മാത്രമേ രക്ഷ സാധ്യമാകൂ എന്ന തിരിച്ചറിവാണ് അവളെ ഒട്ടേറെപ്പേരിൽ തെറ്റിദ്ധാരണ ഉളവാക്കിയേക്കാവുന്ന പ്രവർത്തിക്ക് പ്രേരിപ്പിച്ചത്. പക്ഷെ മറ്റുള്ളവർ എന്തു കരുതും എന്ന് വിചാരിച്ച് തന്റെ പാപം ഉള്ളിലൊതുക്കി ഇരിക്കുകയല്ല അവൾ ചെയ്തത്. മറ്റുള്ളവരെ ഭയന്ന് തനിക്കു യേശുവിനോടുള്ള സ്നേഹം അവൾ മറച്ചു വയ്ക്കുന്നുമില്ല. തന്നെ അടുത്ത് വരാൻ അനുവദിക്കുക വഴി യേശു തന്നോട് എത്ര വലിയ കരുണയാണ് കാട്ടുന്നതെന്ന് അവൾക്കു അറിയാമായിരുന്നു. പശ്ചാപത്താൽ നിറഞ്ഞ ഹൃദയവുമായി തന്റെ സന്പാദ്യത്തിൽനിന്നും ഏറ്റവും വിലപ്പെട്ടവ യേശുവിന്റെ പാദങ്ങളിൽ സമർപ്പിക്കുകയാണ് അവൾ ചെയ്തത്. കണക്കുക്കൂട്ടി അളന്നുതൂക്കി നൽകുന്നതല്ല ദൈവസ്നേഹം എന്ന തിരിച്ചറിവ് കിട്ടുന്ന ഒരാൾക്കുമാത്രമേ തനിക്കുള്ളതെല്ലാം നൽകി ദൈവസ്നേഹത്തോട് പ്രതികരിക്കാനാകൂ.

നമ്മുടെ പാപങ്ങളുടെ ഫലമെന്താണെന്നതിനെക്കുറിച്ച് ശരിയായ ധാരണ നമ്മിൽ മിക്കവർക്കും ഇല്ല. അതുകൊണ്ടുതന്നെ നമ്മളുടെ പാപങ്ങൾ ക്ഷമിക്കുന്ന ദൈവസ്നേഹത്തിന്റെ വിലയെന്തെന്ന് നമ്മൾ തിരിച്ചറിയാതെ പോകുന്നു. ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ് നമുക്ക് ശരിയായ പാപബോധ്യം തരുന്നത്. ഈ ബോധ്യത്തിലൂടെ നമ്മൾ ദൈവസ്നേഹത്തിൽ നിന്ന് എത്രത്തോളം അകന്നു പോയിരിക്കുന്നു എന്ന് മനസ്സിലാക്കുന്പോഴാണ് നമ്മിൽ യഥാർഥമായ പശ്ചാത്താപം ഉടലെടുക്കുന്നത്.  "ഉരുകിയ മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല" (സങ്കീർത്തനം 51:17), എന്ന ദാവീദുരാജാവിന്റെ പ്രാർത്ഥന അടിസ്ഥാനവും ഇത്തരത്തിലുള്ള കുറ്റബോധം തന്നെയാണ്. ഇങ്ങനെയുള്ള മനസ്താപത്താൽ ഉരുകുന്ന ഹൃദയങ്ങളിക്കാണ് ദൈവത്തിന്റെ രക്ഷ കടന്നുവരുന്നത്‌.   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!