ദാസനായ യജമാനൻ

"യേശു അവരെ അടുത്ത് വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നു എന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ." (മാർക്കോസ് 10: 42-45)

ചിന്ത 
 അധികാരങ്ങളും പദവികളും വഹിക്കുന്നവരിൽ നിന്ന് ദൈവം എന്താണ് ആഗ്രഹിക്കുന്നത്? നാമെല്ലാവരും ഒരർത്ഥത്തിൽ അധികാരികളാണ്. നമ്മുടെ അധികാരപരിധിയിൽ വലിപ്പചെറുപ്പങ്ങളുണ്ടാവാം. പക്ഷെ, ആർക്കെങ്കിലും മേലെ എന്തിനെങ്കിലും മേലെ അഞ്ജാശക്തി ഉള്ളവരാണ് നാമെല്ലാവരും. പ്രപഞ്ചത്തിലുള്ള സകലതിനും മീതെ ദൈവം നമുക്ക് അധികാരം നൽകിയിരിക്കുന്നതായി ഉൽപ്പത്തി പുസ്തകത്തിലും കാണാവുന്നതാണ് (ഉൽപത്തി  1:28). എന്താണ് ഈ അധികാരങ്ങളുടെയെല്ലാം അർഥം? 

ഈ ഭൂമിയിൽ ലൗകീകമായ ഒരു രാജ്യം യേശു പടുത്തുയർത്തുമെന്നായിരുന്നു ശിഷ്യന്മാർ കരുതിയിരുന്നത്. ആ തങ്ങളുടെ പദവികൾ എന്തൊക്കെ ആയിരിക്കുമെന്നതിനെക്കുറിച്ച് അവർക്ക് പല പ്രതീക്ഷകളുമുണ്ടായിരുന്നു. ഇക്കാര്യത്തെ ചൊല്ലി പലപ്പോഴും അവർ പരസ്പരം തർക്കിക്കുകയും ചെയ്യാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു തർക്കവേളയിലാണ് യേശു അവർക്ക് പദവിയും അധികാരവും കൈയ്യാളുന്നവർ എന്ത് ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് വെളിപ്പെടുത്തുന്നത്. നമ്മിൽ ഒട്ടേറെപ്പേർ അധികാരത്തെ മറ്റുള്ളവരെ ചൂഷണം ചെയ്യുവാനുള്ള അനുവാദമായാണ് കരുതി വരുന്നത്. തന്റെ കീഴിൽ ജോലി ചെയ്യുന്നവർ ആ കാരണം കൊണ്ടുമാത്രം തന്നെക്കാൾ ചെറിയവരാണെന്ന് നമ്മൾ പലപ്പോഴും കരുതാറുണ്ട്‌. കീഴുദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നവരും കുറവല്ല. 

സർവതും സൃഷ്ടിക്കുകയും പരിപാലിക്കുകയും ദൈവത്തിന്റെ ഏകജാതൻ ഭൂമിയിൽ അവതരിച്ചത് ഒരു കോടീശ്വരനോ രാജാവോ ആയി അല്ല. മറിച്ചു, മറ്റുള്ളവർക്ക് വേണ്ടി മേശയും കസേരയും പണിയുന്ന ഒരു ആശാരി ആയിട്ടാണ്. ദാരിദ്ര്യത്തിൽ ജനിച്ച് അദ്ധ്വാനിച്ച് ജീവിച്ചതിലൂടെ സേവനത്തിന്റെ മഹാത്മ്യം എന്താണെന്നു ഈശോ നമുക്ക് കാണിച്ചുതരുന്നു. അധികാരവും പദവിയുമൊക്കെ മറ്റുള്ളവരെ ചൂഷണം ചെയ്യാനല്ല, മറിച്ച് തന്റെ കീഴിലുള്ളവരെ സഹായിക്കുന്നതിനും അവർക്ക് സേവനം ചെയ്യുന്നതിനുമാണെന്ന് യേശു തന്റെ ശിഷ്യരെ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. മർദ്ദിതർക്കു നീതി നടത്തികൊടുക്കുകയും, വിശക്കുന്നവർക്ക് ആഹാരം നൽകുകയും, ബന്ധിതരെ മോചിപ്പിക്കുകയും, അന്ധരുടെ കണ്ണു തുറക്കുകയും, നിലംപറ്റിയവരെ എഴുന്നേൽപ്പിക്കുകയും, പരദേശികളെ പരിപാലിക്കുകയും, വിധവകളെയും അനാഥരെയും സംരക്ഷിക്കുകയും ചെയ്യുന്നവനാണ് കർത്താവ്‌ (സങ്കീർത്തനം 146: 7-9). നമുക്ക് തന്നിരിക്കുന്ന കഴിവുകളുപയോഗിച്ചു നാമോരോരുത്തരും ഇങ്ങനെതന്നെ ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതും. അങ്ങിനെയുള്ളവരെയാണ് ദൈവം ഉയർത്തുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!