വാക്കുകളുടെ വില

"ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാൽ, ഫലത്തിൽനിന്നാണ് വൃക്ഷത്തെ മനസ്സിലാക്കുന്നത്‌. അണലിസന്തതികളെ! ദുഷ്ടരായിരിക്കെ നല്ല കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. നല്ല മനുഷ്യൻ നന്മയുടെ ഭാണ്ടാരത്തിൽനിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ തിന്മയുടെ ഭാണ്ടാരത്തിൽനിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടി വരും. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും." (മത്തായി 12:33-37)

ചിന്ത 
ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി  നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകമിന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ യഥാർത്ഥ്യം അന്വേഷിക്കാൻ നാമാരും മിക്കവാറും മെനക്കെടാറില്ല. കേൾക്കുന്നതെന്തും, അതിന്റെ തെറ്റും ശരിയും അന്വേഷിക്കാതെ, തന്റെ കൂട്ടായ്മയിൽ എത്തിക്കുന്നതിനോടാണ് നമുക്ക് താൽപര്യം. ഇങ്ങനെയുള്ള നമ്മുടെ വാക്കുകളുടെ അനന്തരഫലം എന്തെന്ന് നാമാരെങ്കിലും ചിന്തിക്കാറുണ്ടോ?

അപകീർത്തിക്കും അപവാദത്തിനുമെതിരെ യേശു നല്കുന്ന ശക്തമായ താക്കീതാണ് ഇന്നത്തെ വചനഭാഗം. "വാക്കുകളിൽ നിയന്ത്രണം പാലിക്കുന്നവൻ തന്റെ ജീവൻ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവൻ നാശമടയുന്നു" (സുഭാഷിതങ്ങൾ 13:3) എന്ന ദൈവോപദേശത്തിന്റെ ഗുരുതര സ്വഭാവവും, സൌമ്യശീലനായ ഈശോ അതിശയോക്തി അല്പംപോലും ഇല്ലാതെ ഇവിടെ നമ്മോടു പറയുന്നുണ്ട്. ഉയർത്തിക്കാട്ടാൻ സ്വന്തമായി കഴിവുകളൊന്നും ഇല്ലാതെ വരുംപോഴാണ് മറ്റുള്ളവരുടെ ന്യൂനതകൾ നമ്മൾ ലക്ഷ്യമിടാറ്‌. അധ്വാനിച്ചും ത്യാഗങ്ങൾ സഹിച്ചും സ്വന്തം പേര് ഉയർത്തുന്നതിലും എളുപ്പം മറ്റുള്ളവരുടെ കുറ്റങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന്, അവരെ തന്നെക്കാൾ താഴ്തുന്നതാണെന്ന ബോധ്യം ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് നമ്മിൽ ഒട്ടേറെപ്പേർ. ഇതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ പ്രശസ്തരായവരെപറ്റി, അല്ലെങ്കിൽ നമ്മിൽ ഏതെങ്കിലും രീതിയിൽ അസൂയ ജനിപ്പിക്കുന്നവരെ കുറിച്ച്  എന്തെങ്കിലും ഒരു വിലകുറഞ്ഞ വാർത്ത കേട്ടാൽ നാമത് മറ്റുള്ളവരിലേക്കെത്തിക്കാൻ തിടുക്കം കൂട്ടുന്നത്‌. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കും, നിയമപാലനത്തിനും അല്ലാതെ മറ്റൊരു ഉദ്ദേശ്യവും മനസ്സിൽ വച്ചുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങൾ വെളിപ്പെടുത്താൻ നമുക്ക് അവകാശമില്ല, ദൈവം അതനുവദിക്കുന്നില്ല. 

നന്മയും തിന്മയും മനുഷ്യനിലെ സ്വഭാവമല്ല, മറിച്ചു അവ മനുഷ്യനെടുക്കുന്ന തീരുമാനങ്ങളാണെന്ന് അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിൽ പറയുന്നു. ദൈവത്തിന്റെ മുന്നിൽ ദുഷ്ടനായി കുറ്റം വിധിക്കപ്പെടാൻ ആഗ്രഹിക്കാത്ത ഏതൊരാൾക്കും എളുപ്പത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന ഒരു മേഖലയാണ് തന്റെ സംസാരം. "വ്യർത്ഥഭാഷണത്തെ വെറുക്കുന്നവൻ തിന്മയിൽനിന്നു ഒഴിഞ്ഞിരിക്കും. കേൾക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല. മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടത് പറയരുത്; പാപം ആവുകയില്ലെങ്കിൽ, അത് നീ വെളിപ്പെടുത്തരുത്. കേൾക്കുന്നവന് നിന്നിൽ വിശ്വാസം നഷ്ടപ്പെടും; ക്രമേണ അവൻ നിന്നെ വെറുക്കും. കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ; ധൈര്യമായിരിക്കുക; നീ പൊട്ടിത്തെറിക്കുകയില്ല." (പ്രഭാഷകൻ 19: 6-10).

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!