വീണ്ടെടുക്കപ്പെടേണ്ട കാഴ്ചശക്തി

" അവർ ജറീക്കോയിലെത്തി. അവൻ ശിഷ്യരോടും വലിയൊരു ജനാവലിയോടുംകൂടെ ജറീക്കോ വിട്ടുപോകുന്പോൾ തിമെയൂസിന്റെ പുത്രനായ ബർതിമേയൂസ് എന്ന അന്ധയാചകൻ വഴിയരുകിൽ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേശുവാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ! നിശബ്ദനായിരിക്കുവാൻ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാൽ, അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! യേശു പെട്ടെന്ന് നിന്നിട്ട് പറഞ്ഞു: അവനെ വിളിക്കുക. അവർ അന്ധനെ വിളിച്ചു അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേൽക്കുക; യേശു നിന്നെ വിളിക്കുന്നു. അവൻ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്‌, കുതിച്ചുച്ചാടി യേശുവിന്റെ അടുത്തെത്തി. യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധൻ അവനോട് പറഞ്ഞു: ഗുരോ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തൽക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു." (മർക്കോസ് 10:46-52)

ചിന്ത 
എന്തിനാണ് യേശു ബർതിമേയൂസ് എന്ന ആ അന്ധനോട്‌ അവന്റെ ആഗ്രഹമെന്താണെന്ന് ചോദിക്കുന്നത്, കാഴ്ച ലഭിക്കുക എന്നതല്ലേ ഏതൊരു അന്ധന്റെയും ആഗ്രഹം? ഇതിനുള്ള ഉത്തരം ആ കുരുടന്റെ മറുപടിയിലുണ്ട്: എനിക്ക് കാഴ്ച വേണമെന്നല്ല, മറിച്ചു എനിക്ക് കാഴ്ച വീണ്ടുകിട്ടണം എന്നാണ് അയാൾ യേശുവിന് മറുപടി നല്കുന്നത്. അതിനർത്ഥം ജീവിതയാത്രയിൽ എവിടെയോവച്ച് അയാൾക്ക്‌ കാഴ്ച നഷ്ടപ്പെട്ടു എന്നാണ്. ഈയൊരു തിരിച്ചറിവാണ് പ്രതിബന്ധങ്ങളെ വകവയ്കാതെ യേശുവിനെ വിളിച്ചപേക്ഷിക്കാൻ അയാൾക്ക് പ്രേരണ നൽകിയത്. കണ്ണുണ്ടായിട്ടും കാഴ്ച നഷ്ടപ്പെട്ടുപോയ നമോരോരുത്തരോടും മുന്പിലൂടെ യേശു ഇന്നും കടന്നുപോകുന്നുണ്ട്‌. പക്ഷെ, കാഴ്ചയില്ലെന്ന തിരിച്ചറിവിനാൽ നിറഞ്ഞു, യേശുവിനെ ഉറക്കെ വിളിക്കാൻ നമുക്കാവുന്നുണ്ടോ?

കാണപ്പെടുന്നവയിലാണ് നാമെല്ലാവരും തന്നെ വിശ്വാസമർപ്പിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ അവ നമുക്ക് പലപ്പോഴും ദൈവമാകാറുമുണ്ട്. പ്രിയപ്പെട്ടവരും പണവും വീടും ജോലിയും ഒക്കെ ജീവിതത്തിൽ എവിടെയോക്കെയോവച്ച് നമുക്കങ്ങനെ വിഗ്രഹങ്ങളായി മാറുന്നു. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും വിഗ്രഹാരാധനയിൽ മുഴുകുന്ന നമുക്ക് അവയെയൊക്കെ ദാനമായി തരുന്ന ദൈവത്തിന്റെ കരങ്ങൾ കാണാൻ സാധിക്കാതെ വരുന്നു, അങ്ങിനെ നമുക്ക് കാഴ്ച നഷ്ടമാകുന്നു. നമ്മൾ കാണുന്നതല്ലാതെ, അതിന് പിന്നിൽ മറ്റൊന്നും ഇല്ല എന്നുള്ള ചിന്ത ഒരുതരം അന്ധത തന്നെയാണ് - അത്മീയാന്ധത. ഈയൊരു അന്ധതയെക്കുറിച്ചുള്ള തിരിച്ചറിവ് ലഭിച്ച പൗലോസ്‌ശ്ലീഹ പറയുന്നു, " ഞങ്ങൾ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ച്ചയാലല്ല." (2 കോറിന്തോസ് 5:7). നമ്മുടെ അനുദിന ജീവിതത്തിൽ നമ്മെ എന്താണ് നയിക്കുന്നത്, കാണാനാവുന്ന പണവും പ്രശസ്തിയുമോ, അതോ കാണാനാവാത്ത ദൈവത്തിലുള്ള വിശ്വാസമോ?

തുറന്നിരിക്കുന്ന കണ്ണുകളുമായി അന്ധതയിൽ അലയുന്ന നാമോരുത്തരെയും യേശു തന്റെ അടുത്തേക്ക് വിളിക്കുന്നുണ്ട്. കാഴ്ച വേണമെന്നാഗ്രഹിച്ചു യേശുവിന്റെ അടുത്തേക്കോടാൻ നമുക്ക് പലപ്പോഴും തടസ്സമാകുന്നത് നമ്മുടെ പുറങ്കുപ്പായങ്ങളാണ്. ഒരു ദരിദ്രയാചകന്റെ ഏറ്റവും വലിയ സന്പാദ്യങ്ങളിൽ ഒന്നായിരിക്കണം തന്റെ പുറങ്കുപ്പായം, പകലിലെ ചൂടിൽനിന്നും രാത്രിയിലെ തണുപ്പിൽനിന്നും രക്ഷ നേടാനുള്ള ഏകമാർഗ്ഗം. തനിക്ക് അന്ധതയിൽനിന്നും മോചനം ലഭിക്കുന്നതിന് അതൊരു തടസ്സമായേക്കാം എന്ന് തിരിച്ചറിഞ്ഞപ്പോൾ പുറങ്കുപ്പായം ഊരിയെറിയാൻ ബർതിമേയൂസ് മടികാട്ടിയില്ല. എന്തൊക്കെയാണ് നമ്മെ ദൈവതിൽനിന്നകറ്റി നിർത്തുന്ന നമ്മുടെ പുറങ്കുപ്പായങ്ങൾ? യേശുവിന്റെ വിളി സ്വീകരിച്ച് അവയെല്ലാം ഊരിമാറ്റി അവിടുത്തെ സമീപിക്കാൻ നമുക്കും ആവണം. അങ്ങിനെ കാഴ്ചശക്തി വീണ്ടെടുത്ത്‌ അവിടുത്തെ അനുഗമിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!