എന്താണ് ദൈവാനുഗ്രഹം?

"ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലന്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത്‌ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിരവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി." (ലൂക്കാ 1:39-45)

ചിന്ത 
പരിശുദ്ധഅമ്മയെ അനുഗ്രഹീത എന്നഭിസംബോധന ചെയ്താണ് എലിസബത്ത്‌ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നത്. ദൈവമാതാവാകുവാൻ ഭാഗ്യം ലഭിച്ച കന്യാമറിയത്തിനു ആ അഭിസംബോധന തികച്ചും യോജിച്ചതാണ്‌താനും. എന്നാൽ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അർഹയായശേഷം അമ്മ ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മുതൽ ഗാഗുൽത്താമലയിൽ തന്റെ ഏകപുത്രന്റെ മൃതശരീരം ഏറ്റുവാങ്ങിയതുവരെയുള്ള സംഭവങ്ങൾ നോക്കിയാൽ, ദൈവമാതൃത്വം പരിശുദ്ധഅമ്മയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ സഹനങ്ങൾക്ക്‌ കാരണമാകുന്നുണ്ട്. അങ്ങിനെയെങ്കിൽ, എന്താണ് ദൈവാനുഗ്രഹം? ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തി എന്ന് പറയുന്പോൾ, അതിലൂടെ ദൈവവചനം എന്താണ് വിവക്ഷിക്കുന്നത്?

'മകാറിയോസ്' എന്ന ഗ്രീക്ക് പദത്തിന്റെ മലയാള വിവർത്തനമാണ് 'അനുഗ്രഹം'. പരമാനന്ദം (beatitude) എന്നാണ് ഗ്രീക്കിൽ ഈ പദംകൊണ്ട് അർത്ഥമാക്കുന്നത്. അസ്‌പൃശ്യവും പ്രശാന്തവുമായ, അതിൽത്തന്നെ പൂർണ്ണതയുള്ള, വിവിധ സന്ദർഭങ്ങളിൽനിന്നും സ്വതന്ത്രമായ, ജീവിതത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതികളിൽ മാറ്റം സംഭവിക്കാത്ത ഒരനുഭവത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, നമ്മുടെ അനുദിന ജീവിതത്തിൽ നാം അനുഭവിക്കുന്ന സുഖദുഖങ്ങളിൽനിന്നും തികച്ചും വേറിട്ടൊരു അനുഭവമാണ് ദൈവാനുഗ്രഹം. ഈ അനുഗ്രഹത്തിലൂടെ മറിയത്തിന് ഒരേസമയം ലഭിച്ചത് സന്തോഷങ്ങളുടെ ഒരു കിരീടവും സന്താപങ്ങളുടെ ഒരു കുരിശുമാണ്. എന്നിരിക്കിലും അമ്മയുടെ ആനന്ദത്തിനു ഒരു കോട്ടവും സംഭവിക്കുന്നില്ല,  കാരണം അത് അമ്മയ്ക് ലഭിക്കുന്നത് വിശ്വാസത്തിലൂടെയും പ്രത്യാശയിലൂടെയും ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന ബോധ്യത്തിലൂടെയുമാണ്. 

ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുക എന്നുള്ളത് ഒരു വിശേഷഭാഗ്യമാണ്, ഒപ്പം വലിയൊരു ഉത്തരവാദിത്തവുമാണ്. മറിയത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശുദ്ധ ആൻസേം (St. Anselm) പറയുന്നത്, ദൈവത്തിന്റെ ഏകാജാതൻ  ഇല്ലായിരുന്നുവെങ്കിൽ നാമീ കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല; എന്നാൽ, മറിയത്തിന്റെ ഏകജാതൻ ഇല്ലായിരുന്നുവെങ്കിൽ ഒന്നും രക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നില്ല, എന്നാണ്. തന്റെ സുഖദുഖങ്ങൾ മാറ്റിവച്ച്, മാനവകുലത്തിന്റെ പരിത്രാണത്തിൽ പങ്കുചേരുക എന്ന വലിയ ഉത്തരവാദിത്തമാണ് ദൈവാനുഗ്രഹത്തിലൂടെ മറിയം തിരഞ്ഞെടുത്തത്. ഇങ്ങനെ തനിക്കു മാത്രമല്ല, തന്റെ ചുറ്റുമുള്ളവരിലേക്കും ആനന്ദം പകർന്ന് കൊടുക്കാൻ അമ്മക്കായി. ലോകത്തിൽ മറ്റൊന്നിനും തരാനാവാത്ത ആ സന്തോഷം അനുഭവിച്ചപ്പോൾ എലിസബത്ത് മാത്രമല്ല, അവളുടെ ഉദരത്തിലെ ശിശുവും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു കുതിച്ചുചാടി. 

പരിശുദ്ധാത്മാവിന്റെ നിറവിലൂടെ ലഭിക്കുന്ന ഈ സന്തോഷം അനുഭവിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ദൈവം ഇന്നും നമ്മെ വിളിക്കുന്നുണ്ട്. ലൌകീകക്ലേശങ്ങൾക്ക്‌ ഒരിക്കലും എടുത്തുമാറ്റാനാവാത്ത ആനന്ദം നമ്മിലേക്കെത്തിക്കുന്ന ദൈവാത്മാവിന്റെ അഭിഷേകത്തിനായി ഹൃദയത്തെ തുറക്കാൻ നമ്മൾ താൽപര്യം കാട്ടാറുണ്ടോ? 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്