നല്ലവരാകരുത്; വിശുദ്ധരാകുക

"എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് കഴുത്തിൽ ഒരു വലിയ തിരികല്ല്  കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും. പ്രലോഭനങ്ങൾ നിമിത്തം ലോകത്തിന് ദുരിതം! പ്രലോഭനങ്ങൾ ഉണ്ടാകേണ്ടതാണ്, എന്നാൽ, പ്രലോഭനഹേതുവാകുന്നവന് ദുരിതം! നിന്റെ കൈയ്യോ കാലോ നിനക്ക് പാപഹേതുവാകുന്നെങ്കിൽ അത് വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനേക്കാൾ നല്ലത് അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണ് നിനക്ക് ദുഷ് പ്രേരണ കാരണമാകുന്നെങ്കിൽ അത് ചുഴന്നെടുത്തു എറിഞ്ഞു കളയുക. ഇരു കണ്ണുകളോടുംകൂടെ നരകാഗ്നിയിൽ  എറിയപ്പെടുന്നതിനെക്കാൾ നല്ലത്, ഒരു കണ്ണുള്ളവനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്." (മത്തായി 18:6-9)

ചിന്ത 
ഒട്ടേറെ നന്മകൾ ചെയ്ത് ഒരു വ്യക്തി നല്ലവനെന്ന് പേരുടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇങ്ങിനെയുള്ളവർക്ക് എളുപ്പം സംഭവിക്കാവുന്ന ഒരു തെറ്റാണ്, നല്ലവനെന്ന് സമൂഹത്തിൽനിന്നും പേര് കിട്ടുന്നതോടുകൂടി താൻ ദൈവത്തിന്റെ മുന്പിലും നല്ലവനായി എന്ന ചിന്ത. യേശുവിന്റെ കാലത്ത് ജീവിച്ചിരുന്ന ഫരിസേയരുടെയും പുരോഹിതരുടെയും ഒക്കെ ജീവിതലക്ഷ്യം നല്ലവരാകുക എന്നതായിരുന്നു. അതിനായി അവർ നിയമങ്ങളുടെ അനുഷ്ഠാനത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും, ബലികളർപ്പിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ഒക്കെ ചെയ്തിരുന്നു. യഹൂദരിൽ ഒട്ടേറെപ്പേർ അവരെ നല്ലവരായി കരുതുകയും ചെയ്തിരുന്നു. എന്നാൽ യേശുവാകട്ടെ, നല്ലവരെന്നു വിളിക്കപ്പെടുന്ന അവരെ ചൂണ്ടി തന്റെ അനുയായികളോട് പറഞ്ഞത്, നിങ്ങൾ അവരെപ്പോലെ ആകരുത് എന്നാണ്. നല്ലതും ചീത്തയുമൊക്കെ ഈ ലോകത്തിന്റെ സൃഷ്ടികളാണ്. സ്വർഗ്ഗരാജ്യത്തിൽ ദൈവത്തോടൊപ്പം വാഴുന്നവരെ നമ്മൾ വിളിക്കുന്നത്‌ വിശുദ്ധർ എന്നാണ്, നല്ലവർ എന്നല്ല. ഇതിനർത്ഥം വിശുദ്ധർ നല്ലവരല്ല എന്നല്ല, മറിച്ച്, എല്ലാ നല്ലവരും വിശുദ്ധരല്ല എന്നാണ്. 

എന്താണ് ഒരു വ്യക്തിയെ ഈ ലോകത്തിൽ നല്ലവനാക്കുന്നത്?  പലപ്പോഴും അത് അവർ ചെയ്യുന്ന പ്രവർത്തികളാണ്. ദരിദ്രരെയും അനാഥരെയും വിധവകളെയും രോഗികളെയും ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി നല്ലവനാണെന്ന് എളുപ്പത്തിൽ വിധിയെഴുതാൻ ലോകത്തിനാകും. പുറമേ കാണുന്നതുപയോഗിച്ചു വിധിക്കുന്നതാണ് ലോകത്തിന്റെ രീതി. എന്നാൽ ദൈവം വിധിക്കുന്നത് നമ്മുടെ ആത്മാവിന്റെ അവസ്ഥ കണ്ടിട്ടാണ്. ഒട്ടേറെ ദുഷ്ടതകൾ ഒളിപ്പിക്കാനും, തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കുമായി നന്മപ്രവർത്തികൾ ഒരു മറയായി ഉപയോഗിക്കുന്ന ഒട്ടനവധി ആൾക്കാരുണ്ട്. താൻ മൂലം സമൂഹത്തിനുണ്ടാവുന്ന നന്മകളെ ഉയിർത്തിക്കാട്ടി തന്നിലെ ദുഷ്ടതകളെ ന്യായീകരിക്കുന്നവരുമുണ്ട്. 

എന്നാൽ പാപം ചെയ്തുകൊണ്ട്, ഒപ്പം ഉപശാന്തിയായി നന്മയും ചെയ്യുന്നവർക്ക് ദൈവം തരുന്ന താക്കീതാണ് ഇന്നത്തെ വചനഭാഗം. സ്വയംന്യായീകരണത്തിലൂടെ എങ്ങിനെയെങ്കിലും തട്ടികൂട്ടി കയറിപ്പറ്റാവുന്ന ഒന്നല്ല സ്വർഗ്ഗരാജ്യം എന്നാണ് യേശു നമ്മെ ഓർമ്മിപ്പിക്കുന്നത്. ലോകം നല്ലവൻ എന്ന പദവി കല്പ്പിച്ചുതരുന്നതു ആപേക്ഷികതയിൽ (relativism) അടിസ്ഥാനമിട്ടാണ്. നല്ലവൻ എന്ന പദം കൊണ്ട് ലോകം ഉദ്ദേശിക്കുന്നത്, ഒരു സമൂഹത്തിലെ മറ്റുചിലരെക്കാൾ മെച്ചപ്പെട്ടവൻ എന്നുമാത്രമാണ്. സമൂഹത്തിലെ നല്ലവൻ ദൈവസന്നിധിയിൽ സ്വീകര്യനാകണമെന്നില്ല. നമ്മൾ ചെയ്യുന്ന സൽപ്രവർത്തികൾ ഒരിക്കലും ദൈവത്തിൽനിന്നും വരുന്ന വിശുദ്ധീകരണത്തിനു പകരമാകുന്നില്ല. പ്രലോഭനഹേതുക്കളെയും ദുഷ്പ്രേരണകളെയും ഉപേക്ഷിച്ചു ദൈവാത്മാവിന്റെ പ്രചോദനമനുസരിച്ചു വിശുദ്ധിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ ദൈവസ്നേഹത്തോടുള്ള പ്രതികരണം മാത്രമായിരിക്കണം സൽപ്രവർത്തികൾ. 

നാമെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് കത്തോലിക്കാസഭ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധരിൽ വിശുദ്ധനായ സ്വർഗീയപിതാവ് പൂർണനായിരിക്കുന്നതുപോലെ പൂർണതയിലേക്ക് വിളിക്കപ്പെട്ടവരാണ് നമോരുത്തരും. "ഈ പൂർണത പ്രാപിക്കാൻ ക്രിസ്തുവിന്റെ ദാനങ്ങളാൽ പ്രദാനം ചെയ്യപ്പെട്ട ശക്തി വിശ്വാസികൾ ഉപയോഗിക്കണം... അങ്ങനെ എല്ലാക്കാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ട്‌ പിതാവിന്റെ ഇഷ്ടം ദൈവമഹത്വത്തിനും അയല്ക്കാരുടെ സേവനത്തിനുമായി അവർ തങ്ങളെ ഹൃദയപൂർവം പൂർണഹൃദയത്തോടെ പ്രതിഷ്ഠിക്കണം." (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം: 2013).

സ്നേഹനാഥാ, അങ്ങയിലേക്കുള്ള വഴി ഇടുങ്ങിയതും ക്ലേശങ്ങൾ നിറഞ്ഞതുമാണെന്നു ഞാനറിയുന്നു. പേരും പെരുമയുമാകുന്ന വിശാലവഴിയിൽക്കൂടി നടന്നുശീലിച്ച ഞാൻ അങ്ങയിലേക്കുള്ള വഴിയിൽ നിരന്തരം വീണുപോകുന്നു. എന്റെ വീഴ്ചകളിൽ താങ്ങായി  കരുണാമയനായ കർത്താവേ അങ്ങുണ്ടാകണമേ. പകലുകളിൽ തണലായും ഇരുളിൽ പ്രകാശമായും അങ്ങെന്നെ നയിക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്