കളകൾ വേർതിരിക്കപ്പെടുന്ന ദിനം വരും

"മറ്റൊരുപമ അവൻ അവരോട് പറഞ്ഞു: ഒരുവൻ വയലിൽ നല്ല വിത്തുവിതക്കുന്നതിനോട് സ്വർഗ്ഗരാജ്യത്തെ ഉപമിക്കാം. ആളുകൾ ഉറക്കമായപ്പോൾ അവന്റെ ശത്രു കടന്നുവന്ന്, ഗോതന്പിനിടയിൽ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാർ ചെന്ന് വീട്ടുടമസ്ഥനോട് ചോദിച്ചു: യജമാനനേ, നീ വയലിൽ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെനിന്ന്? അവൻ പറഞ്ഞു: ശത്രുവാണ് ഇത് ചെയ്തത്. വേലക്കാർ ചോദിച്ചു: ഞങ്ങൾ പോയി കളകൾ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ; കളകൾ പറിച്ചെടുക്കുന്പോൾ അവയോടൊപ്പം ഗോതന്പുചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നുവരും. കൊയ്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്ത് ഞാൻ കൊയ്ത്തുകാരോട് പറയും: ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയുവാൻ അവ കെട്ടുകളാക്കി വയ്ക്കുവിൻ; ഗോതന്പ് എന്റെ ധാന്യപ്പുരയിൽ സംഭരിക്കുവിൻ." (മത്തായി 13:24-30)

വിചിന്തനം 
സമൂഹത്തിൽ തിന്മ അഴിഞ്ഞാടുന്പോഴും, കള്ളത്തരം പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുന്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അനുവദിച്ചു കൊടുക്കുന്നത് എന്ന്? ലോകം ശരിയെന്നു മുദ്രകുത്തി അനുവദിച്ചുതരുന്ന ഒട്ടേറെ കാര്യങ്ങൾ, അത് ദൈവഹിതത്തിനു യോജിച്ചതല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം എടുക്കാൻ ദൈവമക്കൾ നിർബന്ധിതരാകാറുണ്ട്. അതിനാൽത്തന്നെ ദൈവകല്പനകൾ പാലിച്ച്, ദൈവത്തിന്റെതായി ജീവിക്കുക എന്നുവച്ചാൽ പലപ്പോഴും ഒട്ടേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇങ്ങനെയുള്ളവരുടെ സംശയങ്ങളെയെല്ലാം ദൂരീകരിച്ചുകൊണ്ട് ഈശോ ഈ ഉപമയിലൂടെ ദൈവത്തിന്റെ ക്ഷമ ഒരിക്കൽക്കൂടി നമുക്ക് വെളിപ്പെടുത്തി തരുകയാണ്‌. 

ദൈവം സർവനന്മകളും തികഞ്ഞ, നല്ല ഫലം പുറപ്പെടുവിക്കുന്ന ഗോതന്പുചെടികളായാണ്  ലോകത്തെ സൃഷ്ടിച്ചത്. എന്നാൽ പിശാചു തന്റെ കുതന്ത്രങ്ങളുപയോഗിച്ചു നമ്മുടെ ഇടയിൽ കളവചനം വിതച്ചു. അങ്ങിനെ ആദ്യമായി ആദവും ഹവ്വയും പാപത്തിനടിമയായി. ഇവിടെ ദൈവത്തിനു വേണമെങ്കിൽ ഒരു കാര്യം ചെയ്യാമായിരുന്നു: ആദത്തെയും ഹവ്വയെയും നശിപ്പിച്ചിട്ട്, മനുഷ്യനെ വീണ്ടും സൃഷ്ടിക്കാമായിരുന്നു. അതിനു ദൈവം മുതിരാതിരുന്നതിൽനിന്നും നമുക്ക് ഒരു കാര്യം ഉറപ്പിക്കാം, ദൈവം സൃഷ്ടിച്ച ഒന്നിനെയും നശിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. പിശാചിനെയും തന്നോട് അനുസരണക്കേട്‌ കാട്ടിയ മറ്റു മാലാഖാമാരെയും  നശിപ്പിക്കുകയല്ല, മറിച്ചു അവരുടെ ഇഷ്ടമനുസരിച്ച് ദൈവത്തിന്റെ സാന്നിധ്യം ഇല്ലാത്ത ഒരു സ്ഥലം നിർമ്മിച്ച്‌ അവരെ അങ്ങോട്ടയക്കുകയാണ് ദൈവം ചെയ്തത്. വ്യവസ്തകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റെത്. അതുകൊണ്ടുതന്നെ, നാമാരും തന്നെ സ്നേഹിക്കണമെന്നു ദൈവം നിർബ്ബന്ധം പിടിക്കുന്നുമില്ല. പാപം ചെയ്ത് കളകളുടെ കൂട്ടത്തിൽ ഒരു വ്യക്തി അകപ്പെടുന്പോൾ, അയാളെ ഉടനെതന്നെ ശിക്ഷിക്കുകയോ, പിഴുതെറിയുകയോ അല്ല ദൈവം ചെയ്യുന്നത്. അങ്ങനെയുള്ളവരെയും നല്ലവർക്കൊപ്പം തന്റെ സംരക്ഷണത്തിന്റെ ചിറകിൻകീഴിൽ വളരാൻ അനുവദിക്കുകയാണ് ദൈവം ചെയ്യുന്നത്. അവർ ഏതവസരത്തിലും പാപം ഉപേക്ഷിച്ചു തന്നിലേക്ക് തിരികെ വന്നെക്കാമെന്നുളള പ്രത്യാശയാണ്, ക്ഷമയോടെ കാത്തിരിക്കാൻ ദൈവത്തെ പ്രചോദിപ്പിക്കുന്നത്. 

എന്നാൽ ദൈവത്തിൽ നിന്നകന്നു പാപം ചെയ്തു, ലോകസുഖങ്ങളിൽ മയങ്ങിപ്പോയവർ പലപ്പോഴും ദൈവത്തിന്റെ കരുണാർദ്രമായ ഈ ക്ഷമയെ തിരിച്ചറിയുന്നില്ല. 'ദൈവം ഇതൊന്നും അത്ര കാര്യമാക്കില്ല' എന്ന് തുടങ്ങി 'ദൈവം എന്നൊന്നില്ല' എന്ന് വരെയുള്ള തലതിരിഞ്ഞ ചിന്തകൾക്ക് അടിപ്പെട്ട്, ദൈവത്തിന്റെ കരുണയോടു പുറം തിരിഞ്ഞു നിൽക്കുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ ഇടയിൽ. "ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്‌, നിങ്ങളോട് ദീർകക്ഷമ കാണിക്കുന്നുവേന്നെയുള്ളൂ. കർത്താവിന്റെ ദിനം കള്ളനെപ്പോലെ വരും." (2 പത്രോസ് 3:9,10). ഭൂമിയും അതിലെ സമസ്തവും കത്തിനശിക്കുന്ന ആ ദിനത്തിൽ, കളകളായിതന്നെ ജീവിക്കുന്നവരെ തീയിൽ ചുട്ടുകളയും എന്നാണു ദൈവചനം പഠിപ്പിക്കുന്നത്. നല്ല ഗോതന്പുചെടികളായി ജനിച്ചിട്ടും, കളകളായി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നമ്മിലെ പാപസ്വാധീനങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ബോധ്യമുണ്ടോ? മറ്റാരും അറിയില്ല എന്ന് വിചാരിച്ച് രഹസ്യപാപങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? ഗോതന്പ് മണികളിൽനിന്നും കളയെ വേർതിരിക്കുന്ന യേശുവിന്റെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ച്, കളങ്കവും കറയും അകറ്റി, പാപങ്ങളിൽനിന്നും നമ്മെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ നിറവിനായി നമുക്കും പ്രാർത്ഥിക്കാം. 

പാപബോധവും പശ്ചാത്താപവും തരുന്ന ദൈവാത്മാവേ, പാവനസ്നേഹം വെടിഞ്ഞ്, പാപാന്ധകാരത്തിൽ നടക്കുന്ന എന്നിലേക്ക്‌, ആത്മസൌഖ്യവും നിത്യാനന്ദവും ഏകുന്ന പ്രകാശനാളമായി വന്നു നിറയണമേ. പുതിയ ആകാശവും പുതിയ ഭൂമിയുമാകുന്ന ദൈവവാഗ്ദാനത്തിനായി, നിർമ്മലമായ ഒരു ഹൃദയത്തോടെ കാത്തിരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!