ഭൂമിയുടെ ഉപ്പാകുക
"നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറ കേട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല." (മത്തായി 5:13)
വിചിന്തനം
സ്വർഗ്ഗരാജ്യത്തെക്കുറിച്ചും, ദൈവത്തിനു മനുഷ്യരെപ്പറ്റിയുള്ള പദ്ധതികളെക്കുറിച്ചുമൊക്കെ മനസ്സിലാക്കുക എന്നത്, ഒട്ടേറെ അവസരങ്ങളിൽ പരിമിതികളുള്ള മനുഷ്യബുധിക്ക് അസാധ്യമായ കാര്യമാണ്. ഇതറിയാവുന്ന യേശു തന്റെ പ്രബോധനങ്ങളെല്ലാം തന്നെ മനുഷ്യർക്ക് എളുപ്പം ഗ്രഹിക്കാനാവുന്ന പ്രതീകങ്ങളിലൂടെയാണ് നൽകിയിരിക്കുന്നത്. ഇവിടെ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് ഉപ്പാകുവാനാണ്. അനുദിനജീവിതത്തിൽ ഉപ്പ് ഏതൊക്കെ രീതിയിൽ നമുക്കുപകാരപ്പെടുന്നുവോ, അതുപോലെയെല്ലാം നാമും നമ്മുടെ സഹോരർക്കും, അതുവഴി ഈ ലോകത്തിനും ഉപകാരപ്പെടണം.
ആദ്യമായി, ഉപ്പ് ഭക്ഷണത്തിലും മറ്റും ചേർക്കുകവഴി ആ ഭക്ഷണത്തിന്റെ രുചി വർദ്ധിക്കുന്നു. ഉപ്പ് പ്രത്യേകമായി ഒരു രുചി പ്രദാനം ചെയ്യുകയല്ല, മറിച്ചു ആ പദാർത്ഥത്തിൽ നേരത്തേതന്നെ അടങ്ങിയിരുന്ന രുചിയെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ, നാമും നമ്മോട് ഇടപഴകുന്നവരിലെ നന്മകളെ വികസിപ്പിക്കുന്നവരാകണം. മറ്റുള്ളവരിലെ തെറ്റുകൾ തിരഞ്ഞെടുത്ത് അതുയർത്തിക്കാട്ടി അവരെ കൂടുതൽ തെറ്റുകളിലേക്ക് വലിച്ചിഴക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മാത്രം പോരാ, അവരിലെ നന്മകളെ തിരിച്ചറിഞ്ഞു അത് മറ്റുള്ളവരോട് വിവരിച്ചു പറയുന്നവരാകണം.
ഭക്ഷണവും പെട്ടെന്ന് കേടാകുന്ന മറ്റു വസ്തുക്കളും എളുപ്പം കേടുവരാതെ സൂക്ഷിക്കാൻ നമുക്കിന്ന് ഒട്ടേറെ മാർഗ്ഗങ്ങളുണ്ട്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ നിലവിലില്ലാതിരുന്ന കാലത്ത് ഉപ്പ് ഒരു സംരക്ഷണോപാധിയായിരുന്നു. ഉപ്പ് ലായനിയിലിട്ടും ഉപ്പ് ചേർത്ത് ഉണക്കിയുമൊക്കെ ഒട്ടേറെ ഭക്ഷണപദാർത്ഥങ്ങൾ മനുഷ്യർ ഏറെക്കാലം കേടാകാതെ സൂക്ഷിച്ചിരുന്നു. നാമാകുന്ന ഉപ്പിനും നമ്മുടെ സമൂഹത്തിൽ ഇതുതന്നെയാണ് ചെയ്യാനുള്ളത്. ദുഷ്പ്രേരണകൾ നൽകി നമ്മുടെ ചുറ്റുമുള്ളവരെ ദുഷിപ്പിക്കാതിരിക്കണം. ഒരാൾ തെറ്റായ ഒരു പ്രവർത്തി ചെയ്യുന്നത് കാണുന്പോഴാണ് അതാവർത്തിക്കുവാൻ മറ്റു പലർക്കും പ്രചോദനവും ധൈര്യവും ലഭിക്കുന്നത്. തിന്മയുടെ പ്രലോഭനങ്ങൾക്ക് ചെവികൊടുക്കാതെ സമൂഹത്തിനു നല്ല മാതൃകയാകുവാൻ നമുക്കെല്ലാവർക്കും കടമയുണ്ട്.
അവസാനമായി, ഉപ്പ് രോഗാണുക്കളെ നശിപ്പിച്ച് ഒട്ടേറെ വസ്തുക്കളിലെ അഴുക്കു മാറ്റിക്കളയുകയും അവയെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇതുപോലെത്തന്നെ, നമ്മുടെ സൽപ്രവർത്തികൾ ഉപയോഗിച്ച് നമ്മുടെ ചുറ്റുമുള്ള തിന്മയുടെ സ്വാധീനത്തെ ചെറുത്തുതോൽപ്പിക്കുവാൻ നമുക്കാവണം. ശുദ്ധീകരണത്തിലൂടെ മുറിവുകൾ വേഗമുണങ്ങാൻ ഉപ്പ് സഹായകമാകുന്നതുപോലെ, പാപങ്ങൾ മൂലം സമൂഹത്തിൽ ഉണ്ടായിട്ടുള്ള മുറിവുകൾ ഉണക്കാൻ നമ്മിലെ ഉപ്പിനാവണം.
സ്നേഹപിതാവേ, മറ്റുള്ളവരിലെ നന്മകളെ തൊട്ടുണർത്തുന്ന, അവർക്ക് ദുഷ്പ്രേരണ നൽകാത്ത, അവരുടെ മുറിവുകളുണക്കി അവരെ വിശുദ്ധിയിൽ വളരാൻ സഹായിക്കുന്ന, ഒരിക്കലും ഉറകെടാത്ത ഉപ്പായി, ഈ ലോകത്തിൽ അങ്ങയുടെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ഒരു എളിയ ഉപകരണമായി എന്നെയും ഉയർത്തണമേ. ആമേൻ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ