ദൈവത്തിന്റെ സ്നേഹിതൻ

"ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല. ഞാൻ ഞാൻ നിങ്ങളോട് കല്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു. നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്." (യോഹന്നാൻ 15:12-16a)

വിചിന്തനം 
സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും, അതിൽ നിലനിൽക്കണമെന്നുമാണ്.

ഏശയ്യാ പ്രവചനം അദ്ധ്യായം 41- ൽ ദൈവം ഇസ്രായേലിനെ അഭിസംബോധന ചെയ്യുന്നത് "എന്റെ സ്നേഹിതനായ അബ്രാഹത്തിന്റെ സന്തതീ" എന്നാണ്. പക്ഷേ, അവിടുന്ന് ഇസ്രായേലിനെ സ്നേഹിതൻ എന്നല്ല വിളിക്കുന്നത്‌, മറിച്ച്, "നീ എന്റെ ദാസനാണ്‌. ഞാൻ നിന്നെ തിരഞ്ഞെടുത്തു" എന്നാണ് ( ഏശയ്യാ 41:9). ഇതിനുകാരണം, സൗഹൃദം എന്നത് ഒരു ദിശയിൽ മാത്രം നീങ്ങുന്ന ഒന്നല്ല എന്നതാണ്, ഏതൊരു സുഹൃത്ബന്ധത്തിനും കുറഞ്ഞത്‌ രണ്ടുപേരുടെയെങ്കിലും സഹകരണം ആവശ്യമാണ്‌. ദൈവത്തിൽ വിശ്വസിച്ച അബ്രാഹാമിന് അത് നീതിയായി പരിണമിച്ചു, അബ്രാഹം ദൈവത്തിന്റെ സൌഹൃദത്തെ ഹൃദയംകൊണ്ട് സ്വീകരിച്ചു. എന്നാൽ ഇസ്രായേൽജനമാകട്ടെ ദൈവവിശ്വാസം ഉപേക്ഷിച്ച്, അന്യദേവന്മാരെ പൂജിച്ചും മറ്റു മ്ലേശ്ചതകൾക്ക് വശംവദരായും, ദൈവത്തിന്റെ സൌഹൃദത്തോട് പുറംതിരിഞ്ഞു നിന്നു.

അതിരുകളില്ലാത്തതാണ് ദൈവത്തിന്റെ സ്നേഹമെന്ന് യേശുക്രിസ്തുവിലൂടെ അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തന്നു. "സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിലും വലിയ സ്നേഹമില്ല" എന്ന് പറയുക മാത്രമല്ല, യേശു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, തന്റെ ബലിയുടെ പിന്തുടർച്ചയായ തിരുസഭയിലൂടെ, സകലജനതകൾക്കും ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടാനുള്ള വാതിൽ എന്നേക്കുമായി തുറന്നിടുകയും ചെയ്തു.

യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നമോരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. തന്റെ രക്തം കൊണ്ട് നമ്മുടെ പാപത്തിന് പരിഹാരം ചെയ്യുക വഴി, ദാസരാകാനല്ല സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. ദൈവവുമായുള്ള സ്നേഹബന്ധത്തിൽനിന്നും നമ്മെ അകറ്റിനിർത്തുന്ന പാപങ്ങളെ വെറുത്തുപേക്ഷിക്കാനുള്ള കൃപ നമുക്ക് ലഭിക്കുന്നത് ദൈവസ്നേഹത്തിലൂടെയാണ്. ഇത്രയുമൊക്കെ പാപം ചെയ്തിട്ടും, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ്, ദൈവസ്നേഹത്തോട് പ്രതികരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്‌. ദൈവത്തിന്റെ സ്നേഹം രുചിച്ചറിഞ്ഞവർക്ക് മാത്രമേ നിസ്വാർത്ഥമായി തന്റെ അയൽകാരനെ സ്നേഹിക്കാൻ ആവുകയുള്ളൂ. ഇത്തരത്തിൽ മറ്റുള്ളവരെ സ്നേഹിക്കാൻ സാധിക്കുന്പോഴാണ് നമ്മൾ ദൈവം കല്പിക്കുന്നത് ചെയ്യുന്നത്. ദൈവത്തിന്റെ കൽപന പാലിക്കുന്നവർ ദൈവത്തിന്റെ സ്നേഹിതരാണ്. അതിനാൽ, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുവാനുള്ള കൃപയ്ക്കായി നമുക്കും പ്രാർഥിക്കാം.

വിജയകരമായ വലതുകൈയാൽ തന്റെ ദാസരെ താങ്ങിനിർത്തുന്ന സ്നേഹപിതാവേ, അങ്ങയുടെ സ്നേഹത്തിൽ വേരുപാകി അടിയുറയ്ക്കുവാൻ, അതുവഴി അങ്ങയുടെ സ്നേഹിതനായി ഗണിക്കപെടുവാൻ, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാനുള്ള ശക്തി നൽകുന്ന അവിടുത്തെ ആത്മാവിനാൽ എന്നെ അഭിഷേകം ചെയ്യണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്