ഭോഷനായ ധനികൻ

"ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവ്‌ നൽകി. അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തുചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്ക് സ്ഥലമില്ലല്ലോ. അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാൻ എന്റെ ആത്മാവിനോട് പറയും: ആത്മാവേ, അനേകവർഷത്തേക്ക് വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിച്ചിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ചു ആനന്ദിക്കുക. എന്നാൽ ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ് ദൈവസന്നിധിയിൽ സന്പന്നനാകാതെ തനിക്കുവേണ്ടി സന്പത്ത് ശേഖരിച്ചുവയ്ക്കുന്നവനും." (ലൂക്കാ 12:16-21)

വിചിന്തനം 
ഭാവിയെക്കുറിച്ച് അല്പമെങ്കിലും ആകുലത ഇല്ലാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ആവുന്നകാലത്ത് നല്ലതുപോലെ അദ്ധ്വാനിച്ചു വല്ലതുമൊക്കെ സ്വരുക്കൂട്ടിവച്ചില്ലെങ്കിൽ, ഭാവിയിൽ ജോലിചെയ്യാൻ ആവതില്ലാത്ത ഒരവസ്ഥ വരുന്പോൾ ബുദ്ധിമുട്ടിലാവുമെന്നു ഏവർക്കും അറിവുള്ളതാണ്. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുന്പോൾ, ഇന്നത്തെ ഉപമയിൽ കാണുന്ന ധനികനിൽ തെറ്റാരോപിക്കാൻ ബുദ്ധിമുട്ടാവും. തന്റെ ഭാവിയെക്കരുതി ധാന്യങ്ങളും വിഭവങ്ങളും ധാരാളമായി സംഭരിച്ചുവയ്ക്കാൻ പദ്ധതി തയ്യാറാക്കുന്ന ധനികന് എവിടെയാണ് തെറ്റുപറ്റിയത്? എങ്ങിനെയാണയാൾ ദൈവസന്നിധിയിൽ ഭോഷനായി തീർന്നത്‌? 

തന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവുനല്കിയപ്പോൾ, അതിനെ മുഴുവൻ തന്റെ അദ്ധ്വാനഫലമായും, തന്റെ അവകാശമായും തെറ്റിദ്ധരിച്ചതാണ് ധനികന്റെ പാപം. ധാർമ്മികമായ മാർഗ്ഗങ്ങളിലൂടെ സന്പത്ത് നേടുകയും അതിന്റെ ഒരു ഭാഗം ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുക എന്നത് തികച്ചും യുക്തമായ കാര്യമാണ്. എന്നാൽ പലപ്പോഴും പണത്തിന്റെ കാര്യം വരുന്പോൾ നമ്മൾ ദൈവത്തെ മറക്കുന്നു, നമ്മുടെ സഹോദരരെ മറക്കുന്നു. ദ്രവ്യാഗ്രഹം എന്ന മൂലപാപത്തിന്റെ പിടിയിലാണ് ലോകമിന്ന്. ഏതുവിധേനയും ആകുന്നത്ര സന്പാദിക്കണം എന്നതാണ് ഇന്നത്തെ ലോകത്തിന്റെ ചിന്താഗതി. അതിനായി ദൈവത്തെ തള്ളിപ്പറയാനും, സഹോദരനെ വിൽക്കാനും നമുക്ക് മടിയില്ല. അത്യാഗ്രഹവും ആർത്തിയും തീർത്ത വലയിൽ കുടുങ്ങിയ ഒറ്റെരെപ്പേർ ഇന്ന് ചിന്തിക്കുന്നത് ഈ ഉപമയിലെ ധനികനെപ്പോലെയാണ്. 

ഇത്തരത്തിൽ പണത്തിനുപിന്നാലെ പരക്കം പയുന്നവർ പലപ്പോഴും തങ്ങളുടെ പ്രവർത്തിയെ ന്യായീകരിക്കുന്നത്, എല്ലാക്കാലവും ഇതുപോലെ സന്പാദിക്കാൻ കഴിഞ്ഞെന്നു വരികയില്ല; ഇപ്പോൾ എങ്ങനെയും ധനം സന്പാദിക്കാം, ആവശ്യത്തിനായി കഴിയുന്പോൾ പിന്നെ വേണമെങ്കിൽ കുറെയൊക്കെ എന്തെങ്കിലും സൽപ്രവർത്തികൾക്ക് ചിലവഴിക്കാം, എന്നാണ്. പക്ഷേ, ആ ചിന്താഗതിയിലെ ഭോഷത്തം തുറന്നുകാട്ടി ഈശോ നമ്മെ ഓർമ്മിപ്പിക്കുകയാണ്, നമ്മുടെ അന്ത്യം എപ്പോഴെത്തുമെന്നത് നമുക്ക് അജ്ഞാതമാണ്. "മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കർത്താവിന്റേതത്രേ"(സുഭാഷിതങ്ങൾ 16:1). ഇപ്പോൾ തന്റെയും തന്റെ കുടുംബത്തിന്റെയും മാത്രം കാര്യങ്ങൾ അന്വേഷിച്ച്, തന്റെ ചുറ്റുമുള്ളവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യങ്ങൾക്ക് മാത്രമേ നിങ്ങളിന്നു പ്രാധാന്യം കൊടുക്കുന്നുള്ളോ? ഓർക്കുക, സമൂഹത്തിലെ വേദനയനുഭവിക്കുന്നവരെ മറന്ന് തന്റെ കാര്യം മാത്രം അന്വേഷിക്കുന്നവർ, സ്വത്ത് സംഭരിക്കുന്നത് തനിക്കുവേണ്ടിമാത്രമാണ്. അവർക്ക് ദൈവസന്നിധിയിൽ നിക്ഷേപമുണ്ടായിരിക്കുകയില്ല. 

ഭൂമിയിലെ നമ്മുടെ ദുഷ്പ്രവർത്തികളുടെ ഫലം നമ്മൾ അനുഭവിക്കുന്പോൾ, നമ്മുടെ ആ അവസ്ഥക്ക് കാരണമായ സന്പത്ത് മറ്റുവല്ലവരുമായിരിക്കും ആസ്വദിക്കുക. അധ്വാനിക്കാതെ ഒട്ടേറെ സ്വത്ത് അവകാശമായി കിട്ടുന്പോൾ, അതിന്റെ വില മനസ്സിലാക്കാതെ ധൂർത്തടിക്കുന്ന ഒരു ഭാവിതലമുറയ്ക്ക് വേണ്ടി സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തി ധനം സന്പാദിക്കുന്ന ധനികൻ തീർച്ചയായും ഭോഷൻ തന്നെയാണ്. "സൂര്യനുകീഴെ ചെയ്ത അധ്വാനങ്ങളെയെല്ലാം ഞാൻ വെറുത്തു. കാരണം അവയുടെ ഫലം എന്റെ പിന്ഗാമിക്കു വിട്ട് ഞാൻ പോകേണ്ടിയിരിക്കുന്നു. അവൻ ജ്ഞാനിയായിരിക്കുമോ എന്ന് ആർക്കറിയാം"(സഭാപ്രസംഗകൻ 2:18,19).

ഈശോയേ, തന്റെ പിതാവിന്റെ എല്ലാ സന്പത്തിനും ഏക അവകാശി ആയിരുന്നിട്ടും, എല്ലാം ഉപേക്ഷിച്ചു സ്വയം ശൂന്യനായി, പാപികളായ ഞങ്ങളെ സ്നേഹിച്ച ദൈവപുത്രാ, അങ്ങയെപ്പോലെ സ്നേഹിക്കാൻ ഞങ്ങളെയും പഠിപ്പിക്കണമേ. ഞങ്ങളുടെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ നിസ്വാർത്ഥമായി സഹായിക്കുവാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ ഞങ്ങൾക്കും തരേണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്