തിന്മയെ തിന്മകൊണ്ട് എതിർക്കരുത്

"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്." (മത്തായി 5:38-42)

വിചിന്തനം 
മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയോ മുതലെടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്പോൾ നാമെങ്ങിനെയാണ് പ്രതികരിക്കുക? ഇസ്രായേൽ ജനത്തിന് മോശയിലൂടെ ദൈവം നൽകിയ സദാചാരനിയമങ്ങളിൽ (Moral Laws) ഒന്നിപ്രകാരമായിരുന്നു: "എന്നാൽ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്ക് പകരം കൈയ്; കാലിനു പകരം കാല്. പൊള്ളലിനു പകരം പൊള്ളൽ. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം" (പുറപ്പാട് 21:23-25). ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെ ക്രൂരമെന്നു തോന്നാവുന്നവയാണ് പഴയനിയമത്തിലെ പല നിയമങ്ങളും. ഇത്രയും നിഷ്ഠൂരമായ നിയമങ്ങളും അനുഷ്ടാനങ്ങളും  എങ്ങിനെ കരുണാമയനായ ഒരു ദൈവത്തിൽനിന്നും വരുന്നു എന്ന് പഴയനിയമം വായിക്കുന്പോൾ തോന്നിയാൽ അതിൽ തീരെ അതിശയോക്തിയൊട്ടില്ലതാനും. ഇത്തരമൊരു ചിതാഗതി തീർച്ചയായും ഇസ്രായേൽ ജനത്തിനിടയിലും ഉണ്ടായിരുന്നിരിക്കണം. ദൈവീകനിയമങ്ങളിലെ സ്നേഹം തിരിച്ചറിയാൻ കഴിയാതെപോയ ജനത്തിന് ദൈവത്തെ സ്നേഹിക്കാൻ കഴിഞ്ഞില്ല. ഭയത്തോടെ മാത്രമാണ് അവർ ദൈവത്തെ വീക്ഷിച്ചിരുന്നത്‌. തെറ്റിദ്ധാരണയിലൂടെ ഉടലെടുത്ത ഈ ഭയം, ഒട്ടേറെ അവസരങ്ങളിൽ അവർക്ക് ദൈവത്തെ ഉപേക്ഷിച്ച്, ലൌകീകസ്നേഹത്തിന്റെ പ്രതീകങ്ങളായ വ്യാജദേവന്മാരുടെ പിന്നാലെ പോകാൻ പ്രചോദനം നൽകി. 

പക്ഷേ, പ്രതികാരചിന്തയോടെ തന്റെ നിയമങ്ങൾ മനുഷ്യർ പാലിക്കണമെന്ന് ദൈവം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്റെ നിയമങ്ങളെ ഒരു മാർഗ്ഗരേഖയായെടുത്ത്, മനുഷ്യർ കരുണാർദ്രമായ വിധി പ്രസ്താവിക്കണം എന്നതായിരുന്നു അവിടുത്തെ ആഗ്രഹം. മനുഷ്യനായി ഭൂമിയിൽ അവതരിച്ച ദൈവം, മോശയുടെ നിയമത്തെ കരുണയുടെ കണ്ണിലൂടെ എങ്ങിനെ കാണണം എന്ന് നമ്മെ പഠിപ്പിക്കുകയാണ് ഇന്നത്തെ വചനഭാഗത്തിൽ. പഴയനിയമം അസാധു ആക്കുകയല്ല യേശു ഇവിടെ ചെയ്യുന്നത്, മറിച്ച് അതിനു വ്യക്തത നല്കുകയാണ്. ഇതിലേക്കായി പഴയനിയമത്തിലൂടെ ദൈവം പറയാത്തതൊന്നും ഈശോ പുതുതായി ചേർക്കുന്നുമില്ല. "നിന്റെ ജനത്തോട്‌ പകയോ പ്രതികാരമോ പാടില്ല" (ലേവ്യർ 19:18). "എന്നോട് പ്രവർത്തിച്ചതുപോലെ ഞാൻ അവനോടും പ്രവർത്തിക്കും, അവൻ ചെയ്തതിനു ഞാൻ പകരംചെയ്യും എന്ന് നീ പറയരുത്" (സുഭാഷിതങ്ങൾ 24:29). "ശത്രുവിന് വിഷക്കുന്പോൾ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക" (സുഭാഷിതങ്ങൾ 25:21). "അവന്റെ കവിൾത്തടം തല്ലു ഏറ്റുവാങ്ങട്ടെ! നിന്ദനം കൊണ്ടവൻ നിറയട്ടെ!" (വിലാപങ്ങൾ 3:30). എന്നിങ്ങനെ ഒട്ടേറെ വചനഭാഗങ്ങളിലൂടെ ദൈവം, തന്റെ ജനം ആത്യന്തികമായി കരുണ ഉള്ളവരായിരിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തുന്നുണ്ട്. 

നിന്ദനങ്ങൾ ഏൽക്കുന്പോൾ കരുണയോടെ അതിനെ നേരിടാൻ നമുക്കാവുന്നുണ്ടോ? അതോ, ഇസ്രയേൽ ജനം ചെയ്തതുപോലെ പ്രതികാര ചിന്തയാണോ നമ്മെ നയിക്കുന്നത്? ന്യായമായ ശിക്ഷ എന്ന വാക്കുകൊണ്ട് മനുഷ്യനും ദൈവവും എന്ത് ഉദ്ദേശിക്കുന്നു എന്നതിലെ അന്തരം യേശുവിന്റെ വാക്കുകളിലൂടെ നമുക്ക് വ്യക്തമായി കാണുവാൻ സാധിക്കും. മനുഷ്യരുടെ ധാരണകൾക്കപ്പുറമാണ് ദൈവത്തിന്റെ ചിന്തകൾ എന്നൊരിക്കൽകൂടി വ്യക്തമാക്കികൊണ്ട്, മനുഷ്യർ ദുരുപയോഗം ചെയ്ത ദൈവീകനിയമത്തിലെ ദൈവസ്നേഹം വെളിപ്പെടുത്തുകയാണ് ഈശോ ഇവിടെ. കഠിനമെന്ന് നാം കരുതുന്ന നിയമത്തിന്, കരുണയുടെയും സഹനത്തിന്റെയും  ഭാഷ്യം നൽകുകയാണ് ദൈവത്തിന്റെ ഏകജാതൻ. ദൈവത്തിന്റെ കണ്ണുകളിലൂടെ നമ്മുടെ സഹോദരരുടെ തെറ്റുകൾ കാണുവാനും, പ്രതികാര ചിന്തകളില്ലാതെ കരുണാർദ്രമായ ഹൃദയത്തോടെ അവരെ വിധിക്കുവാനുമുള്ള കൃപക്കായി പ്രാർഥിക്കാം. 

കരുണാമയനായ ദൈവമേ, അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച്, സ്നേഹവും ക്ഷമയും ദയയും സൌമ്യതയും നൽകി എന്നെ അനുഗ്രഹിക്കണമേ. വെറുക്കുന്നവരെ സ്നേഹിക്കുവാനും, നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവാനും എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തു മഹത്വപ്പെടുന്നതിനായി, വിപത്തിൽ ക്ഷമയും, സന്പത്തിൽ എളിമയും തന്നെന്നെ അനുഗ്രഹിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്