കീർത്തിക്കുവേണ്ടി ദൈവത്തെ ശുശ്രൂഷിക്കരുത്

"അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളിൽ നിന്നും മറ്റു വ്യാധികളിൽനിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹെറോദോസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്നയും സൂസന്നയും തങ്ങളുടെ സന്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടോപ്പമുണ്ടായിരുന്നു." (ലൂക്കാ 8:1-3)

 വിചിന്തനം 
യേശുവിന്റെ പരസ്യജീവിതകാലത്ത്, സുവിശേഷവേലയിൽ അവിടുത്തെ ഏറ്റവും അധികം സഹായിച്ചിരുന്നത് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരാണ്. തിരക്കിട്ട ശുശ്രൂഷാജീവിതത്തിൽ, യേശുവിനെയും ശിഷ്യന്മാരെയും പരിചരിച്ചുകൊണ്ട് ഒട്ടേറെപ്പേർ അവരെ അനുഗമിച്ചിരുന്നു. തിരുലിഖിതങ്ങളിൽ ഇവരെക്കുറിച്ചുള്ള പരാമർശം തീരെ കുറവാണുതാനും. എന്നാൽ ഇതെന്റെയർത്ഥം, അവരുടെ പ്രവർത്തനങ്ങൾക്ക് തീരെ പ്രാധാന്യം കുറവായിരുന്നു എന്നല്ല. യേശു ദൈവമാണെന്നും, എല്ലാവിധ ദൈവശുശ്രൂഷകളും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നുപോലെയാണെന്നും തിരിച്ചറിഞ്ഞവരായിരുന്നു അവർ. ദൈവത്തെ ആരാധിക്കുന്പോൾ, ദൈവത്തിന്റെ നാമത്തിൽ പ്രവർത്തിക്കുന്പോൾ, അതിലൂടെ പേരും പ്രശസ്തിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണോ നാമിന്ന്? 

മനുഷ്യരിൽ എക്കാലവും പാപത്തോട് ഒരു ചായ്‌വ് ഉണ്ട്. ഇത് തിരിച്ചറിഞ്ഞ പൗലോസ്‌ അപ്പസ്തോലൻ എഴുതി: "നന്മ ഇച്ഛിക്കാൻ എനിക്ക് സാധിക്കും; എന്നാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തത് ഞാൻ ചെയ്യുന്നുവെങ്കിൽ, അത് ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്" (റോമാ 7:18-20). ദൈവരാജ്യശുശ്രൂഷക്കും, സഭാപ്രവർത്തനങ്ങൾക്കും, മറ്റു സേവനങ്ങൾക്കും ഒട്ടേറെ അവസരങ്ങളിൽ നമ്മെ പ്രേരിപ്പിക്കുന്നത്, നന്മ ചെയ്യണം എന്ന ആഗ്രഹമാണ്. എന്നാൽ ഇത്തരം നല്ലനല്ല ആഗ്രഹങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരുന്പോൾ ഒട്ടേറെപ്പേർക്ക് തെറ്റ് പറ്റുന്നു. ഇതിനുകാരണം, എന്തിനും ഏതിനും അംഗീകാരം ആഗ്രഹിക്കുന്ന നമ്മിലെ പാപം തന്നെയാണ്. മറ്റുള്ളവരെ സേവിക്കുന്നതിലധികം സേവിക്കപ്പെടാനും, അംഗീകരിക്കുന്നതിലധികം അംഗീകരിക്കപ്പെടാനും, സ്നേഹിക്കുന്നതിലധികം സ്നേഹിക്കപ്പെടാനും ഉള്ള താല്പര്യം നമ്മിലെല്ലാവരിലും നൈസര്‍ഗ്ഗികമായി ഉള്ളതാണ്. നമ്മിലെ അഹങ്കാരത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ഭയത്തിൽനിന്നും   ഉടലെടുക്കുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ്, അവയെ കീഴടക്കാൻ ശ്രമിക്കാത്ത ഒരാൾക്കും നിസ്വാർത്ഥമായി ദൈവത്തെ ശുശ്രൂഷിക്കാനാവില്ല.  

യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകളുടെതന്നെ കാര്യമെടുക്കുക. സമൂഹത്തിൽ ഒട്ടേറെ നിലയും വിലയുമുള്ള കൂസായുടെ ഭാര്യ യോവാന്ന മുതൽ പാപകരമായ ജീവിതം നയിച്ചുവന്നിരുന്ന മഗ്ദലേന മറിയം വരെ ആ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു. അന്നത്തെ സാമൂഹികപരിസ്ഥിതിയിൽ ഈ രണ്ടുസ്ത്രീകളും ഒരുമിച്ച് പ്രവർത്തിക്കുക എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു കാര്യമായിരുന്നു. എന്നാൽ യേശുവിനോടുള്ള സ്നേഹം, അവിടുത്തെ ശുശ്രൂഷിക്കാൻ പ്രേരണ നൽകിയപ്പോൾ, യൊവാന്ന തന്റെ പ്രശസ്തി ഉപേക്ഷിക്കാൻ തയ്യാറായി. യേശുവിന്റെ സൌഖ്യസ്പർശനം അനുഭവിച്ച മറിയത്തിനാകട്ടെ, അവിടുത്തെ സ്നേഹം  തന്റെ ഭയത്തെയും അപകർഷതാബോധത്തെയും കീഴടക്കാൻ പ്രേരകമായി. യേശുവിലെ ദൈവീകത്വം മനസ്സിലാക്കിയ ഇവർക്ക്, അവിടുത്തെ സേവിക്കുന്നതിൽ മാത്രമായിരുന്നു തത്പരത. അതുകൊണ്ടുകൊണ്ടുതന്നെ എളിമയുടെയും ത്യാഗത്തിന്റെയും മകുടോദാഹരണമായ യേശുവിന്റെ കാലടികളെ പിഞ്ചെല്ലാൻ അവർക്കായി. 

ഹൃദയ എളിമയുള്ള ഈശോയേ, അങ്ങെന്നോട് കാണിക്കുന്ന കരുണയും സ്നേഹവും എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുവാനും, അതിന്റെ ഉപകാരസ്മരണ കവിഞ്ഞൊഴുകുന്ന ഒരു ഹൃദയവുമായി, ഇനിയുള്ള എന്റെ ജീവിതം മുഴുവൻ അങ്ങേക്ക് വേണ്ടി ശുശ്രൂഷ ചെയ്യുവാനും എന്നെ പ്രാപ്തനാക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!