രണ്ട് യജമാനന്മാർ

"രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല: ഒന്നുകിൽ, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല." (മത്തായി 6:24)

വിചിന്തനം 
നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജീവിതത്തിലെ നിർണ്ണായകട്ടങ്ങളിൽ മാത്രമല്ല നമ്മൾ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുന്നത്, നമ്മുടെ ഓരോരോ ചെറിയ കാൽവയ്പ്പുകളിലും ഒരു ശരിയും തെറ്റും ഒളിച്ചിരിപ്പുണ്ട്. ഇതുപോലെതന്നെ നമ്മുടെ മനസ്സിലും രണ്ടുചേരികളുണ്ട് - ശരിയായത് മാത്രം ചെയ്യണമെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന നമ്മുടെ മനസ്സാക്ഷിയും, കുറെയൊക്കെ തെറ്റുചെയ്താലും കുഴപ്പമില്ല എന്ന പാപത്തിന്റെ പ്രേരണയും. ഈ രണ്ടുതരത്തിലുള്ള പ്രേരണകളുമായി രാപകൽ മല്ലടിച്ച് തകർന്ന ശരീരവും ആകുലത നിറഞ്ഞ മനസ്സുമായി ജീവിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അങ്ങിനെയുള്ളവരോട് ദൈവത്തിന്റെ വചനം പറയുന്നു, മനസാക്ഷിയോട് മല്ലടിക്കുന്നത് നിഷ്ഫലമാണ്. ജീവിതത്തിൽ ചുരുങ്ങിയ കുറേ ഘട്ടങ്ങളിലോഴിച്ച്, മറ്റെല്ലായ്പ്പോഴും ലോകഹിതം ദൈവഹിതത്തിനു എതിരായിരിക്കും. അതുകൊണ്ടുതന്നെ, ഒരേ സമയം ദൈവത്തെയും ലോകത്തെയും പ്രീതിപ്പെടുത്താൻ ആർക്കും സാധിക്കുകയുമില്ല. നാമാരെയാണ് നമ്മുടെ അനുദിന ജീവിതത്തിൽ സേവിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്?

സ്ഥാനമാനങ്ങളിലൂടെയും സന്പത്തിലൂടെയും ശാരീരികസുഖങ്ങളിലൂടെയും സന്തോഷം പ്രദാനം ചെയ്യുവാനാണ് ലോകം ശ്രമിക്കുന്നത്. എന്നാൽ, "ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്" (റോമാ 14:17). "മാമോൻ" എന്ന വാക്കിന്റെ അർത്ഥം ലൌകീകവസ്തുക്കളോട് അമിതമായ അഭിലാഷം എന്നാണ്. ലോകം തരുന്ന വസ്തുക്കൾക്ക് സംഖ്യയിലും മാനത്തിലും പരിമിതിയുണ്ട്. അയതിനാൽ, ലൌകീകവസ്തുക്കൾ എല്ലാവർക്കും എല്ലായ്പ്പോഴും അവരുടെ മോഹങ്ങളെ തൃപ്തിപ്പെടുത്താൻ ആവശ്യമായ അളവിൽ ലഭിക്കുകയില്ല. ഇക്കാരണത്താൽ, ലൗകീകസുഖങ്ങളുടെ പിന്നാലെ പോകുന്നവർ, തങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ മറ്റുള്ളവരുമായി നിരന്തരം മത്സരിക്കേണ്ടിവരുന്നു. അരക്ഷിതാവസ്ഥയിൽ നിന്നുളവാകുന്ന ഭയത്തിനു എന്നെന്നും അടിമകളായിരിക്കും അമിതമായി ലൌകീകവസ്തുക്കളോട് അഭിവാഞ്ജ വച്ചുപുലർത്തുന്നവർ. എന്നാൽ, ദൈവത്തിന്റെ സന്പത്തിനു പരിമിതികളില്ല. ചോദിക്കുന്നവർക്കെല്ലാം അവരാവശ്യപ്പെടുന്നതിലും അധികം നല്കുന്ന കരുണാമയനാണ് ദൈവം. 

ആരാണ് നമ്മുടെ യജമാനൻ? പാപവും വഞ്ചനയും അന്ധകാരവും ഉപയോഗിച്ച് നമ്മെ തളച്ചിടാൻ ശ്രമിക്കുന്ന ലൗകീകമായ ഭയവും ആകുലതയുമോ? അതോ, നന്മയും പ്രകാശവും സത്യവുമായി നമ്മെ സ്വതന്ത്രരാക്കുന്ന ദൈവത്തിന്റെ ആനന്ദവും സമാധാനവുമോ? നമ്മുടെ ചിന്തകളെ നിയന്ത്രിക്കുകയും നമ്മുടെ ആദർശങ്ങൾക്ക് രൂപം നൽകുകയും നമ്മുടെ പ്രവർത്തികളെ നയിക്കുകയും നമ്മുടെ ഹൃദയാഭിലാഷങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതാരോ അവരാണ് നമ്മുടെ യജമാനൻ. ലോകത്തിന്റെതായ ഒട്ടേറെ കാര്യങ്ങൾക്ക് നമ്മുടെ യജമാനനാകാൻ നമ്മൾ അനുവാദം നൽകാറുണ്ട്. പണത്തോടും വസ്തുവകളോടുമുള്ള അമിതമായ സ്നേഹം, അധികാരത്തോടും അംഗീകാരത്തോടുമുള്ള ഭ്രമം, പ്രശസ്തിയോടും സ്വാധീനത്തോടുമുള്ള വിധേയത്വം ഒക്കെ ദൈവത്തെ യജമാനനായി സ്വീകരിക്കുന്നതിനു തടസ്സം നിൽക്കാറുണ്ട്. ദൈവത്തെ യജമാനനായി സ്വീകരിക്കുന്നവരെ, ദൈവം അടിമകളായല്ല മക്കളായാണ് കാണുന്നത് എന്ന് പൗലോസ്‌ശ്ലീഹാ നമ്മെ ഓർമിപ്പിക്കുന്നു (cf. ഗലാത്തിയാ 4:7). ആയതിനാൽ നമുക്ക്മുൻപിൽ രണ്ടു വഴികളാണ് ഉള്ളത് - ദൈവത്തിന്റെ മക്കളായി എല്ലാറ്റിന്റെയും അവകാശികളായി ജീവിക്കാം, അല്ലെങ്കിൽ ലൌകീകതയുടെ അടിമയായി കഴിയാം. ഒരേസമയം ഇവ രണ്ടും തിരഞ്ഞെടുക്കാൻ നമുക്കാവില്ല, കാരണം ഭൂമിയിൽനിന്നും ആകാശത്തിലേക്ക് എത്ര അന്തരമുണ്ടോ, അത്രയുംതന്നെ അകലമുണ്ട് ദൈവവും മാമോനും തമ്മിലും.

ദൈവപുത്രനായ ഈശോയേ, ഇനിയുള്ള എന്റെ ജീവിതത്തിലെല്ലാം അങ്ങയെ യജമാനനായി സ്വീകരിച്ച്, അങ്ങിൽമാത്രം കണ്ണുകളുറപ്പിച്ച്‌, അങ്ങയുടെ സത്യത്തിന്റെ വെളിച്ചത്തിൽ നടക്കുവാനുള്ള കൃപ, അവിടുത്തെ ആത്മാവിലൂടെ നൽകി എന്നെ അനുഗ്രഹിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്