ആരോടും ഒന്നും സംസാരിക്കരുത് !

"യേശു അവനെ കർശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാൽ പോയി, പുരോഹിതന് നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്പന അനുസരിച്ച് ജനങ്ങൾക്ക്‌ സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കയും ചെയ്യുക. എന്നാൽ, അവൻ പുറത്തുചെന്ന് വളരെക്കാര്യങ്ങൾ പ്രഘോഷിക്കാനും ഇത് പ്രസിദ്ധമാക്കാനും തുടങ്ങി. തന്മൂലം, പിന്നീട് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ യേശുവിനു സാധിച്ചില്ല. അവൻ പുറത്ത് വിജനപ്രദേശങ്ങളിൽ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെ അടുത്ത് വന്നുകൊണ്ടിരുന്നു." (മർക്കോസ് 1:43-45)

വിചിന്തനം 
കുറഞ്ഞ വാക്കുകളിലൂടെ ഒട്ടേറെ പറയുന്ന സുവിശേഷകനാണ് മർക്കോസ്. ഈ വചനഭാഗം വായിക്കുന്ന മിക്കവരിലും യേശുവിന്റെ കരുണയെക്കുറിച്ചു മതിപ്പും, തുടർന്നു കുഷ്ഠരോഗിക്ക് നൽകിയ നിർദ്ദേശത്തെക്കുറിച്ച് സന്ദേഹവും തോന്നുക സാധാരണമാണ്. അക്കാലങ്ങളിൽ യഹൂദരുടെ ഇടയിൽ കുഷ്ഠം ഭയാനകമായ ഒരു രോഗം ആയിരുന്നു. സ്പർശനത്തിലൂടെ കുഷ്ഠം പടരും എന്ന ഭയത്താൽ, അത് ബാധിച്ചവരെ സമൂഹത്തിൽനിന്നും പുറന്തള്ളിയിരുന്നു. കുഷ്ഠമാണെന്ന സംശയത്താൽ, ശരീരത്ത് എന്തെങ്കിലും വെള്ളപ്പാണ്ടുള്ളവരെപ്പോലും ഭ്രഷ്ട്കല്പ്പിച്ചു പുറത്താക്കിയിരുന്നു. മോശയുടെ നിയമമനുസരിച്ച്, ഇത്തരത്തിൽ പുറത്താക്കപ്പെടുന്നവർ തങ്ങളുടെ അസുഖം ഭേദമായെന്നു കണ്ടാൽ സാക്ഷ്യതിനായി പുരോഹിതനെ സമീപിക്കുകയും ദേവാലയത്തിൽ കാഴ്ചകൾ അർപ്പിക്കുകയും ചെയ്യണമായിരുന്നു. 

യേശുവിനെ സമീപിച്ച കുഷ്ഠരോഗി വലിയൊരു സാഹസമാണ് കാട്ടിയത് - കുഷ്ഠരോഗികൾ അടുത്തുവരുന്നത്‌ കണ്ടാൽ സാധാരണ രീതിയിൽ മറ്റുള്ളവർ അവരെ കല്ലെറിയുമായിരുന്നു. എന്നാൽ, തനിക്കു സൌഖ്യം തരാൻ യേശുവിനു കഴിയുമെന്നുള്ള അചഞ്ചലമായ വിശ്വാസം അയാളിലുണ്ടായിരുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കരിക്കപ്പെട്ട ആ വ്യക്തിയോട് യേശുവിനുള്ള കരുണ വ്യക്തമാകുന്നത്, ഈശോ എപ്രകാരമാണ് അയാൾക്ക്‌ സൌഖ്യം നൽകിയത് എന്നതിലാണ്. സുഖമാകട്ടെ എന്ന യേശുവിന്റെ ഒരു വാക്ക് മതിയായിരുന്നു അയാൾക്ക് സൌഖ്യം ലഭിക്കാൻ, എന്നാൽ യേശുവാകട്ടെ അയാൾ കുഷ്ഠരോഗിയായിരിക്കുന്ന അവസ്ഥയിൽ കൈനീട്ടി അയാളെ സ്പർശിച്ചു. മനുഷ്യരുടെ ദൃഷ്ടിയിൽ ബഹിഷ്കൃതനായാലും, ഈ ലോകത്തിൽ ജീവിക്കുന്ന ഒരാളും ദൈവസന്നിധിയിൽ പുറന്തള്ളപ്പെടുന്നില്ല. എത്ര ഹീനനും നിന്ദ്യനും എപ്പോൾ വേണമെങ്കിലും ദൈവത്തെ സമീപിക്കാം. ആരെയും ശുദ്ധിയാക്കാൻ മനസ്സായി, തന്റെ ഹൃദയകവാടം നമുക്കായി സദാ തുറന്നിട്ടിരിക്കുന്ന കരുണാമയനാണ് ദൈവം.

തനിക്ക് ലഭിച്ച സൌഖ്യത്തെക്കുറിച്ചു ആരോടും ഒന്നും സംസാരിക്കരുത് എന്നൊരു നിർദ്ദേശവും യേശു അയാൾക്ക്‌ നല്കുന്നുണ്ട്. എന്താണിതിനു കാരണമെന്ന കാര്യത്തിൽ സുവിശേഷകൻ മൌനം പാലിക്കുന്നതിനാൽ, പിന്നീടുവന്ന സുവിശേഷപണ്ഡിതർ ഒട്ടേറെ കാര്യങ്ങൾ ഇതിലേക്കായി നിരത്തുന്നുണ്ട്‌. എന്നാൽ ഈ നിർദ്ദേശത്തിനുപിന്നിലെ കാരണം അന്വേഷിച്ചു പോകുന്പോൾ നമ്മൾ അവഗണിക്കുന്നത് സൌഖ്യം ലഭിച്ച രോഗിയുടെ പ്രവർത്തിയും അതിന്റെ പരിണിതഫലവുമാണ്‌. സൌഖ്യം ലഭിച്ച അയാൾ ആദ്യം ചെയ്തത്, താൻ ജീവിതത്തിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന, താൻ ഏറ്റവും അധികം ആദരിക്കേണ്ട വ്യക്തിയുടെ വാക്കുകളെ അവഗണിക്കുകയാണ്. യേശുവിന്റെ പ്രവർത്തികൾ പ്രഘോഷിക്കുക വഴി അയാൾ ചെയ്തത് ഒരു നല്ല കാര്യമാണെന്ന് പ്രഥമദൃഷ്ടിയിൽ നമുക്ക് തോന്നാമെങ്കിലും, അതിലൂടെ അയാൾ ചെയ്തത് അനുസരണക്കേടുതന്നെയാണ്. നാമൊക്കെ പലപ്പോഴും ചെയ്യുന്ന ഒരു തെറ്റാണ് ഇത്. നമുക്ക് ശരിയെന്നു തോന്നുന്ന ചിലകാര്യങ്ങൾ ചെയ്യരുത് എന്ന് നമ്മെക്കാൾ അധികാരവും അറിവുമുള്ള വ്യക്തികൾ നമ്മോട് പറയുന്പോൾ, നമ്മുടെ പ്രതികരണവും ആ കുഷ്ഠരോഗിയുടേതിനു സമാനമാകാറുണ്ട്. എന്തുകൊണ്ട് അവർ അങ്ങിനെ പറഞ്ഞു എന്ന് മനസ്സിലാവാതെ വരുന്പോൾ, അവരുടെ നിർദ്ദേശത്തെ അവഗണിക്കാനുള്ള പ്രവണത നമ്മിലും ഉണ്ടാവാറുണ്ട്. 

ഒരു വ്യക്തിയുടെ അനുസരണക്കേടുമൂലം പിന്നീട് ആ പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാനോ, ആ പട്ടണത്തിനായി കരുതിവച്ചിരുന്ന കാര്യങ്ങൾ പൂർത്തിയാക്കാനോ യേശുവിനു സാധിച്ചില്ല. ദൈവം ഒട്ടേറെപ്പേർക്കായി കരുതിവച്ചിരിക്കുന്ന നന്മകളെ ഇല്ലാതാക്കാൻ ഒരാളുടെ അനുസരണക്കേടിനാകും. ആദിമാതാപിതാക്കൾ തന്നെയാണ് ഇതിനു ഏറ്റവും വലിയ ഉദാഹരണം. ദൈവത്തെ അനുസരിക്കാത്തവർക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല. ദൈവത്തെ അനുസരിക്കുന്നവർ, ദൈവം അധികാരം കൊടുത്ത് നമ്മുടെ മുകളിൽ ഇരുത്തിയിരിക്കുന്നവരെയും അനുസരിക്കണം. ദൈവകല്പനകളും സഭാപ്രമാണങ്ങളുമൊക്കെ പലപ്പോഴും നമ്മുടെ ചിന്താഗതിയിൽനിന്നും വേറിട്ടുനിൽക്കുന്നതായിരിക്കും. നമ്മുടെ പ്രവർത്തികളാണ് അവയെക്കാൾ ഉത്തമം എന്ന് നമുക്ക് പലപ്പോഴും തോന്നാറുമുണ്ട്. ഇത്തരം അവസരങ്ങളിലെല്ലാം കുഷ്ഠരോഗിയുടെ പ്രവർത്തിയും അതിന്റെ പരിണിതഫലവും നാമോർക്കണം. 

ഈശോയേ, ഞങ്ങളുടെ ചിന്താഗതികളാണ് ശരി എന്ന മിഥ്യാബോധത്തോടെ, അങ്ങയുടെ കൽപനകളെ അവഗണിച്ച എല്ലാ അവസരങ്ങളെയും ഓർത്ത് ഞാനങ്ങയോടു മാപ്പ് പറയുന്നു. അങ്ങയെയും, അങ്ങ് സ്ഥാപിച്ച സഭയെയും, അങ്ങ് ഞങ്ങളുടെമേൽ അധികാരം അനുവദിച്ചുകൊടുത്തിട്ടുള്ള എല്ലാവരെയും അംഗീകരിക്കുവാനും അനുസരിക്കുവാനുമുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ പ്രദാനം ചെയ്യണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്