ദൈവത്തിന്റെ കരത്തിനു കീഴിൽ

"എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച്ഛേദനത്തിന് വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. അവർ അവളോട്‌ പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി. അയൽക്കാർക്കെല്ലാം ഭയമുണ്ടായി: യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു" (ലൂക്കാ 1:57-66)

വിചിന്തനം 
ഒരു പേരിലെന്തിരിക്കുന്നു എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. എന്നാൽ ബൈബിളിൽ ദൈവം പേരുകൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നതായി കാണുവാൻ സാധിക്കും. അബ്രാമിനെ അബ്രഹാമാക്കിയത് തന്നെയാണ് ആദ്യത്തെ ഉദാഹരണം. അബ്രഹാം എന്ന വാക്കിന്റെ അർത്ഥം വലിയ ജനതയുടെ പിതാവ് എന്നാണ്, അതുകൊണ്ടുതന്നെ അബ്രാമിന്റെ പുതിയ പേര് കേൾക്കുന്പോഴെല്ലാം ദൈവം അബ്രാഹത്തിന് നല്കിയ വാഗ്ദാനവും ഓർമ്മിക്കപ്പെടുന്നു. നദിയിൽനിന്നും കിട്ടിയതിനാൽ , വെള്ളത്തിൽനിന്നും പുറത്തെടുക്കുക എന്ന അർത്ഥമുള്ള പേരാണ് മോശക്ക് ലഭിച്ചത്. ചെങ്കടൽ പകുത്ത് തന്റെ ജനത്തെ വെള്ളത്തിലൂടെ പുറത്തെടുക്കാൻ ദൈവം മോശയെ ഉപകരണമാക്കി. മറിയത്തെ ഗബ്രിയേൽ ദൈവദൂതൻ അഭിസംബോധന ചെയ്യുന്നത് കൃപ നിറഞ്ഞവളേ എന്നാണ്. ആ കൃപക്ക് വഴിയൊരുക്കുവാൻ ഭൂജാതനായ എലിസബത്തിന്റെ ശിശുവിന് സഖറിയാ എന്ന പേരിലും ചേരുന്നത് യോഹന്നാൻ എന്നായിരുന്നു. സഖറിയാ എന്നാൽ ദൈവം ഓർമ്മിക്കുന്നു എന്നർത്ഥം. പക്ഷേ, യോഹന്നാന്റെ അർത്ഥം ദൈവം കൃപാലുവാണ് എന്നതാണ്. ഏദൻ തോട്ടതിൽവച്ചു ദൈവം നൽകിയ വാഗ്ദാനം ഇപ്പോഴും ദൈവത്തിന്റെ ഓർമ്മയിലുണ്ട് എന്ന് വിളിച്ചുപറയുക അല്ലായിരുന്നു യോഹന്നാന്റെ ദൗത്യം; കൃപാലുവായ ദൈവം തന്റെ കൃപയെ ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നു എന്ന് ലോകത്തെ അറിയിക്കുകയായിരുന്നു. 

ദൈവത്തിന്റെ കരം സദാ യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ യോഹന്നാൻ തന്റെ ദൌത്യത്തെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ശിശുവിന്റെ കീർത്തി നാട്ടിലെങ്ങും പരന്നപ്പോഴും, ഒന്നിലും അഹങ്കരിക്കാതെ ഒരു താപസനെപ്പോലെ ജീവിക്കാൻ അദ്ദേഹത്തെ സഹായിച്ചതും ആ ബോധ്യം തന്നെയാണ്. ദൈവം തന്റെ ആത്മാവിനാൽ തന്നെ അഭിഷേകം ചെയ്തിരിക്കുന്നത്, ദൈവപുത്രനിലേക്ക് കൈചൂണ്ടുന്നതിനാണ് എന്ന അവബോധം യോഹന്നാനിലുണ്ടായിരുന്നു. "അവൻ വളരുകയും ഞാൻ കുറയുകയും വേണം" (യോഹന്നാൻ 3:30) എന്ന് തന്റെ ശിഷ്യരോട് സന്തോഷത്തോടെ പറയുവാൻ അതുകൊണ്ടുതന്നെ യോഹന്നാന് സാധിച്ചു. 

യോഹന്നാനിൽ വർഷിച്ച ആത്മാവിനെ ദൈവം ഇന്ന് നമ്മിലേക്കും അയക്കുന്നുണ്ട്. ദൈവത്തിന്റെ ഈ സാമീപ്യം തിരിച്ചറിഞ്ഞു, ദൈവഹിതമനുസരിച്ച് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ നമുക്കാവുന്നുണ്ടോ? ദൈവത്തിന്റെ കരത്തിനു കീഴിൽ നിൽക്കാനാഗ്രഹിക്കുന്ന ഓരോരുത്തരിലും നിന്ന് ദൈവം പ്രത്യേകമായ പലതും ആഗ്രഹിക്കുന്നുണ്ട്, അതിനാവശ്യമായ കൃപ ധാരാളമായി നൽകുന്നുമുണ്ട്. ആ കൃപകളുപയോഗിച്ചു ദൈവത്തെ മഹത്വപ്പെടുത്തുന്നവരാകാൻ നമുക്കിന്നാവുന്നുണ്ടോ? 

ഈശോയേ, പാപത്തിലും നിരാശയിലും വേദനകളിലും പൂണ്ടുകിടന്നിരുന്ന ലോകത്തിന് പ്രത്യാശയും നിത്യരക്ഷയും പ്രദാനം ചെയ്യാനാണല്ലോ അങ്ങ് വന്നത്. അങ്ങെന്നിൽ ചൊരിഞ്ഞിരിക്കുന്ന കൃപകളുപയോഗിച്ച്‌, മറ്റുള്ളവരെ അങ്ങയിലേക്ക് എത്തിക്കുന്ന ഒരു ചൂണ്ടുപലകയാകാൻ എന്നെ സഹായിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്