ഫലം തരാത്ത വൃക്ഷം

"അവൻ ഈ ഉപമ പറഞ്ഞു: ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നു നോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല. അപ്പോൾ അവൻ കൃഷിക്കാരനോട് പറഞ്ഞു: മൂന്നുവർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്നു ഫലം അന്വേഷിച്ചു വരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരൻ അവനോടു പറഞ്ഞു: യജമാനനേ, ഈ വർഷംകൂടെ അതു നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലിൽ അത് ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീയതു വെട്ടിക്കളഞ്ഞുകൊള്ളുക." (ലൂക്കാ 13:6-9)

വിചിന്തനം 
ബൈബിളിൽ ഉടനീളം ദൈവജനത്തെ മുന്തിരിച്ചെടിയായി  വിശേഷിപ്പിച്ചിരിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഈ ഉപമയിലൂടെ ഈശോ വിരൽ ചൂണ്ടുന്നത്, മുന്തിരി തോട്ടത്തിൽ വളർന്നു നില്ക്കുന്ന അത്തിവൃക്ഷങ്ങളുടെ നേരെയാണ്. യഹൂദർ തങ്ങളുടെ മുന്തിരിചെടികൾക്കിടയിൽ അത്തിമരം നടുക സാധാരണയായിരുന്നു. മേൽത്തരം മുന്തിരിപ്പഴങ്ങലെപ്പോലെതന്നെ യഹൂദർ അവരുടെ അത്തിവൃക്ഷത്തിന്റെ ഫലങ്ങളിലും അഭിമാനം കൊണ്ടിരുന്നു. കേടായ അത്തിപ്പഴങ്ങളും കായ്കാത അത്തിമരവുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം തിന്മയുടെ പ്രതീകങ്ങളായിരുന്നു. മുന്തിരിത്തോട്ടത്തിലെ അത്തിമരം എന്നതുകൊണ്ട്‌ കർത്താവ്‌ എന്താണ് വിവക്ഷിക്കുന്നത്? 

ഇസ്രയേൽ ജനമോന്നാകെ പാപത്തിൽ മുഴുകിയപ്പോൾ, അവരുടെ തിന്മകളെക്കുറിച്ചു ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്തു: "ഞാൻ വിളവെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ മുന്തിരിചെടിയിൽ പഴമില്ല, അത്തിവൃക്ഷത്തിൽ കായ്കളുമില്ല, ഇലപോലും വാടികൊഴിഞ്ഞു. അതിനാൽ, അവരുടെനേരെ  ഞാൻ വിനാശകനെ അയക്കും" (ജറെമിയാ 8:13). പാപത്തിൽ നിന്നും അകന്നുമാറി ഫലം പുറപ്പെടുവിക്കുന്നവരായില്ലെങ്കിൽ ജനതതി ഒന്നായി നശിക്കുമെന്നാണ്‌ ദൈവം മുന്നറിയിപ്പു നല്കുന്നത്. ലോകജനതയാകുന്ന മുന്തിരിത്തോപ്പിൽ തലയുയർത്തി നില്ക്കുന്ന അത്തിമരങ്ങൾ തീർച്ചയായും അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവർ തന്നെയാണ്- ദൈവത്തിന്റെ സ്നേഹസ്പർശം പ്രത്യേകമായി അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ചവർ, അഥവാ ക്രിസ്ത്യാനികൾ. ദൈവം ഒട്ടേറെ ത്യാഗങ്ങളിലൂടെ വച്ചുപിടിപ്പിച്ച അത്തിമരങ്ങളാണ് ക്രിസ്തുവിന്റെ അനുയായികൾ. അതിനാൽത്തന്നെ അവർ നല്ലഫലം ധാരാളമായി പുറപ്പെടുവിക്കണം എന്ന ആഗ്രഹവും ദൈവത്തിനുണ്ട്. ഈ അത്തിമരങ്ങളെ പ്രത്യേകം പരിചരിക്കുന്നതിനായി തന്റെ ഏകജാതനെയും,  അതിനു വളമായി ദൈവം  തന്റെ ആത്മാവിനെയും തന്നെ തരുന്നു. ദൈവസ്നേഹത്തിന്റെ വളക്കൂറിൽ, അവിടുത്തെക്കായി നൂറുമേനി ഫലം പുറപ്പെടുവിക്കാൻ നമുക്കാവുന്നുണ്ടോ? സ്നേഹം, ആനന്ദം സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം എന്നിങ്ങനെയുള്ള ഫലങ്ങളായിരിക്കണം ഒരു ക്രൈസ്തവനെ ലോകജനതക്കു മുൻപിൽ ഉയർത്തിനിർത്തുന്ന ടകങ്ങൾ. 

സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ് എത്രത്തോളം കരുണാമയനും ക്ഷമാശീലനും ആണെന്ന് നമ്മെ ഓർമ്മിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് ഈശോ ഇവിടെ. നമ്മുടെ പാളിച്ചകൾ സദാസമയവും വീക്ഷിച്ച്, ഓരോ തെറ്റിനും അപ്പപ്പോൾ ശിക്ഷിക്കുന്ന ദൈവമല്ല സ്വർഗ്ഗസ്ഥനായ പിതാവ്. നമുക്ക് ദൈവഹിതമനുസരിച്ച് ജീവിക്കാനാവശ്യമായതെല്ലാം നൽകിയിട്ട്, നമുക്കായി ക്ഷമയോടെ കാത്തിരിക്കുന്ന സ്നേഹമാണ് അവിടുന്ന്. എന്നാൽ ദൈവത്തിന്റെ ഈ ക്ഷമയെ മുതലെടുക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? കുറേക്കാലംകൂടി പാപകരമായ ജീവിതം തുടരാം, ദൈവം കണ്ണടയ്ക്കും എന്ന ചിന്താഗതിയാണോ നിങ്ങളിന്നു അവലംബിക്കുന്നത്? ജീവനോടുകൂടിയിരിക്കുന്ന കാലത്ത് മാത്രമേ നമ്മൾ ദൈവത്തിന്റെ കരുണക്ക് അർഹരാകുന്നുള്ളൂ എന്നോർക്കുക. മരണശേഷം കരുണാമയനായ ദൈവത്തെയല്ല, നീതിമാനായ ദൈവത്തെയാവും നാമോരോരുത്തരും അഭിമുഖീകരിക്കുക. പാപങ്ങൾ ക്ഷമിച്ച്‌ ആലിംഗനം ചെയ്യുന്ന ദൈവമല്ലത്, നന്മതിന്മകൾ നോക്കി വിധി പറയുന്ന ദൈവം. ആ ദൈവത്തിന്റെ മുൻപിൽ നാമെപ്പോൾ എത്തുമെന്നത് നമുക്കജ്ഞാതമാണ്, കാരണം നാമെപ്പോൾ മരിക്കുമെന്ന് നമുക്കറിയില്ല. അതിനാൽ, പാപത്തിൽ നിന്നകന്നു ഫലം പുറപ്പെടുവിക്കുന്നവരാകാൻ ദൈവം തരുന്ന ഈ അവസരം ഇപ്പോൾത്തന്നെ നാമെല്ലാവരും ഉപയോഗിക്കണം. ഒരുപക്ഷേ, നാളെ നമുക്കതിനു കഴിഞ്ഞില്ലെന്നു വരാം. 

സ്നേഹപിതാവേ, അങ്ങയുടെ പുത്രൻ മഹത്വപ്പെടുന്നതിനായി, അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് വർഷിക്കുന്ന എല്ലാ കൃപകളെയും ഓർത്തു ഞാനങ്ങേക്ക് നന്ദി പറയുന്നു. ഈ കൃപകൾ ഞങ്ങളിൽ ഫലം പുറപ്പെടുവിക്കുന്നതിനായി ക്ഷമാപൂർവം കാത്തിരിക്കുന്ന കരുണാമയനായ കർത്താവേ, അവിടുത്തെ ഹിതത്തിനു ഞങ്ങളെ പരിപൂർണ്ണമായി സമർപ്പിക്കുവാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ ഞങ്ങൾക്ക് തരേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

  1. ഒരു തെറ്റിനെ വിമർശിക്കുന്നതും പരിഹരിയ്കുന്നതും ദൈവം ഇഷ്ടപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്