ഇടവിടാതെ പ്രാർത്ഥിക്കുവിൻ

"ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണം എന്ന് കാണിക്കാൻ യേശു അവരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിതരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവൻ അത് ഗൌനിച്ചില്ല. പിന്നീട് അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്ല്യപ്പെടുത്തുന്നതുകൊണ്ട് ഞാനവൾക്ക് നീതി നടത്തികൊടുക്കും. അല്ലെങ്കിൽ അവൾ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കർത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിൻ. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തികൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവർക്ക് വേഗം നീതി നടത്തികൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു. എങ്കിലും മനുഷ്യപുത്രൻ വരുന്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" (ലൂക്കാ 18:1-8)

വിചിന്തനം 
സുവിശേഷത്തിലുടനീളം നാം കാണുന്ന ഒരു രീതി, യേശുവിന്റെ ഉപമ ആദ്യവും അതിനുശേഷം ഉപമയുടെ വിശദീകരണവുമാണ്. എന്നാൽ ഈ വചനഭാഗത്ത് സുവിശേഷകൻ എന്താണ് ഈ ഉപമയിലൂടെ ഈശോ പറയാൻ ഉദ്ദേശിക്കുന്നത് എന്നത് ആദ്യമേതന്നെ പറയുകയാണ്‌. അനീതിക്കിരയായ വിധവയിലൂടെയും നീതിരഹിതനായ ന്യായാധിപനിലൂടെയും ഈശോ നമ്മോട് രണ്ടു കാര്യങ്ങളാണ് പറയുന്നത്: എപ്പോഴും പ്രാർത്ഥിക്കണം, പ്രത്യാശ കൈവെടിയരുത്. കേൾക്കുന്പോൾ വളരെ എളുപ്പമെന്നു തോന്നുമെങ്കിലും, ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു കാര്യങ്ങളാണ്, പ്രാർത്ഥനയും വിശ്വാസത്തിലൂടെയുള്ള പ്രത്യാശയും. 

എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് ഈശോ നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. എന്നാൽ ഒട്ടേറെ വിശ്വാസികൾക്ക്, പ്രാർത്ഥന അവരുടെ തിരക്കേറിയ ജീവിതത്തിലെ അവസാന കാര്യമാണ്. മറ്റെല്ലാം ചെയ്തതിനുശേഷം, പിന്നീട് സമയമുണ്ടെങ്കിൽ മാത്രം ചെയ്യുന്ന ഒന്നായി പ്രാർത്ഥന പലപ്പോഴും മാറാറുണ്ട്. 

രണ്ടാമതായി ഈശോ പറയുന്നത്, ഭാഗ്നാശരാകരുത് എന്നാണ്. കുറേക്കാലം പ്രാർത്ഥിച്ച ഒരു കാര്യം നടക്കാതെ വരുന്പോൾ, ആദ്യം പ്രാർത്ഥനയെയും പിന്നീട് ദൈവത്തെ തന്നെയും ഉപേക്ഷിക്കുവാനുള്ള പ്രവണത മനുഷ്യസഹജമാണ്. നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നാമാഗ്രഹിക്കുന്ന സമയത്ത് എന്തുകൊണ്ട് കിട്ടുന്നില്ല എന്ന ചോദ്യത്തിന് പൊതുവായ ഒരു ഉത്തരമില്ല. വളരെ ന്യായമെന്നും യുക്തമെന്നും ഒക്കെ നമുക്ക് തോന്നുന്ന ആവശ്യങ്ങൾക്ക് ദൈവസന്നിധിയിൽനിന്നും ഒരുത്തരവും കിട്ടാതെ വരുന്നത് പലപ്പോഴും നമ്മെ നിരാശയിലേക്ക് തള്ളിവിടാറുമുണ്ട്. ഇത്തരം അവസരങ്ങളിലെല്ലാം ഈശോ നമ്മോടു ആവശ്യപ്പെടുന്നത്, നമ്മുടെ വിശ്വാസത്തെ മുറുകെപിടിക്കാനാണ്. നീതിരഹിതനായ ഒരു ന്യായാധിപനല്ല നമ്മുടെ ദൈവം, തന്റെ ഏകജാതനെ നമുക്ക് ബലിവസ്തുവായി തന്ന്, "ആബ്ബാ പിതാവേ" എന്ന് വിളിക്കാൻ പഠിപ്പിച്ച കരുനാമയനാണ്. 

പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെതന്നെ ദൈവം നമ്മിലേക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം. പൗലോസ്‌ ശ്ലീഹാ തെസലോനിക്കായിലെ സഭക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ ഇപ്രകാരം പറയുന്നു: "എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ". ഇതാണ് ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്. അപ്പസ്തോലൻ തുടർന്ന് പറയുന്നു: പ്രാർത്ഥന ഉപേക്ഷിച്ച് നിങ്ങളുടെ "ആത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുത്". പ്രത്യാശ കൈവെടിഞ്ഞ് "പ്രവചനങ്ങളെ നിന്ദിക്കരുത്" (1 തെസലോനിക്കാ 5:16-20). ഒട്ടേറെ ആഗ്രഹിച്ച് പ്രാർത്ഥിച്ച ഒരു കാര്യം നടക്കാതെ നിരാശയോടെ ജീവിതവുമായി മല്ലടിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? എങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ പ്രിയപ്പെട്ടവരെത്തേടി ഭൂമിയിൽ അങ്ങോളമിങ്ങോളം സദാ ദൃഷ്ടി പായിക്കുന്ന സ്നേഹപിതാവിന്റെ സ്പർശനത്തിനായി വിശ്വാസത്തോടെ കാത്തിരിക്കാനുള്ള കൃപക്കായി പ്രാർത്തിക്കാം. 

ഓ ഈശോയേ, വിശ്വാസത്തോടെ പ്രാർത്ഥിക്കുവാനും, പ്രത്യാശയോടെ കാത്തിരിക്കുവാനുമുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ ഞങ്ങൾക്ക് നൽകണമേ. ജീവിതത്തിന്റെ ഇരുളടഞ്ഞ വേളകളിൽ, ദൈവമേ, ഒരു കൈത്തിരി നാളമായി കടന്നുവരണമേ. നിരാശയുടെ ഇരുൾമൂടിയ  ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയിലുള്ള വിശ്വാസത്താൽ ജ്വലിപ്പിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!