കൃത്രിമമില്ലാത്ത ജീവിതം

"വ്യാജമായി ആണയിടരുത്; കർത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂർവ്വികരോട് കല്പിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: ആണയിടുകയേ അരുത്. സ്വർഗ്ഗത്തെകൊണ്ട് ആണയിടരുത്; അത് ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാണോ കറുപ്പിക്കാനോ നിനക്ക് സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്നു വരുന്നു" (മത്തായി 5:33-37)

വിചിന്തനം 
ഓരോരുത്തരും അവരുടെ വാക്കിലും പ്രവർത്തിയിലും പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും ആത്മാർത്ഥതയെക്കുറിച്ചുമാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വാക്കുകൾക്കു ഒട്ടേറെ പ്രാധാന്യം നൽകേണ്ട അവസരങ്ങളിൽ, അയാൾ പറയുന്നത് സത്യമാണെന്ന് ഉറപ്പാക്കാൻ, അയാളെകൊണ്ട് ആണയിടിയിക്കുന്ന രീതി ഇന്നത്തെ സമൂഹത്തിലെന്നപോലെ യേശുവിന്റെ കാലത്തെ യഹൂദരിലും നിലവിലുണ്ടായിരുന്നു. സ്വർഗ്ഗത്തെയും ഭൂമിയെയും ജറുസലെമിനെയും തന്നെത്തന്നെയും ഭാര്യയേയും മക്കളെയുമൊക്കെ ഇത്തരത്തിൽ ആണയിടാനായി യഹൂദർ ഉപയോഗിച്ചിരുന്നു. എന്നാൽ യേശു പറയുന്നത്, ആകാശത്തിന് മുകളിലോ താഴെയോ ഉള്ള ഒന്നിനെയും ഉപയോഗിച്ച് ആണയിടാനുള്ള അധികാരം നമുക്കില്ല എന്നാണ്. അവയൊന്നും നമ്മുടേതല്ല, അതുകൊണ്ടുതന്നെ നമ്മുടെ വാക്കുകൾക്ക് ആധികാരികത നൽകാൻ അവയ്ക്കാവുകയുമില്ല. എല്ലാവരും ദൈവകല്പനകളനുസരിച്ച്, കാപട്യമില്ലാതെ ജീവിക്കുന്ന ഒരു സമൂഹത്തിൽ ആണ ഇടേണ്ട ആവശ്യമേ ഇല്ലെന്നാണ് ഈശോ പറയുന്നത്. 

കോടതിമുറികളിൽ മുതൽ സാധാരണ സംഭാഷണങ്ങളിൽ വരെ അറിഞ്ഞും അറിയാതെയും നാം ഒട്ടനവധി തവണ ആണയിടാറുമുണ്ട്. "സത്യം മാത്രമേ പറയൂ" എന്ന ഔപചാരികമായ പ്രതിജ്ഞ മുതൽ "സത്യം പറഞ്ഞാലുണ്ടല്ലോ" അല്ലെങ്കിൽ "ഞാനിനി ഒരു സത്യം പറയാം" എന്നിങ്ങനെയുള്ള അനൌപചാരിക സംഭാഷണങ്ങളിൽകൂടിയെല്ലാം ആണയിടുകയാണ് നമ്മൾ ചെയ്യുന്നത്. സാധാരണ സംസാരങ്ങളിൽ ആണയിടുന്ന ഒരു വ്യക്തി അതിലൂടെ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്, ആണയിടാതെ താൻ പറയുന്നതെല്ലാം കള്ളമാണെന്നാണോ അയാൾ വിവക്ഷിക്കുന്നത്? 

പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് എടുത്തുപറയാൻ നമ്മെ നിർബന്ധിതരാക്കുന്നത്, നമ്മുടെ ഇടയിലുള്ള കള്ളത്തരങ്ങളുടെ ആധിക്യം തന്നെയാണ്. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ മുതൽ കുടുംബാംഗങ്ങൾ വരെ എല്ലാവരും സ്വാർത്ഥതാല്പര്യങ്ങൾക്കായി കള്ളം പറയാൻ മടിക്കാത്ത ഒരു സമൂഹത്തിലാണ് നാമിന്നു ജീവികുന്നത്. സത്യത്തിന്റെ ഉറവിടം ദൈവത്തിങ്കലാണ്; യേശുക്രിസ്തു തന്നെയാണ് സത്യം; സത്യത്തിലേക്കുള്ള വഴിയും യേശുവിലൂടെയാണ്. അതുകൊണ്ടുതന്നെ സത്യത്തിനു സാക്ഷ്യം വഹിച്ചുള്ള ജീവിതം ബുദ്ധിമുട്ടേറിയതാണ്. അല്പംപോലും വളച്ചുകെട്ടാതെ സത്യം മാത്രം പറയുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ലോകത്തിന്റെ പ്രീതിക്ക് പാത്രമാകാൻ സാധിക്കുകയില്ല. മറ്റുള്ളവർക്ക് പ്രീതികരമായത് സംസാരിക്കാനുള്ള തത്രപ്പാടിൽ, സത്യത്തിനു സാക്ഷ്യം നൽകാൻ നമ്മൾ മറക്കുന്നു. 

ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന് സത്യവും കള്ളവും തമ്മിൽ വെളുപ്പും കറുപ്പും എന്നപോലെ വ്യക്തമായ വേർതിരിവുണ്ടായിരിക്കണം. അവന്റെ സംസാരവും പ്രവർത്തിയും ഒരിക്കലും സത്യവും കള്ളവും കൂടിക്കലർന്ന, നിഴൽവീണ ഇടങ്ങളിലാവരുത്. "ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുന്പോൾ അതേ എന്നും അല്ല എന്നു പറയുന്പോൾ അല്ല എന്നുമായിരിക്കട്ടെ" (യാക്കോബ് 5:12). ദൈവത്തോടും മറ്റുള്ളവരോടും തന്നോടുതന്നെയും സത്യം പറയുവാനും പ്രവർത്തിക്കുവാനും നമുക്കാവണം. ഇങ്ങനെയുള്ള ഒരു ജീവിതത്തിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഭയത്തിന്റെ ആത്മാവിനെ നാം തിരിച്ചറിയുകയും വെറുത്തുപേക്ഷിക്കുകയും ചെയ്യണം. 

വഴിയും സത്യവും ജീവനുമായ ഈശോയേ, കാണുന്നത് പറയുവാനും പറയുന്നത് പ്രവർത്തിക്കുവാനുമുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ ഞങ്ങൾക്ക് തരേണമേ. കള്ളത്തരങ്ങളുടെ ഇരുളും, സത്യവും അസത്യവും ഇടകലർന്ന നരച്ചുമങ്ങിയ അവസ്ഥകളും എടുത്തുമാറ്റി, പ്രകാശമായ അങ്ങയുടെ വെളിച്ചം ഞങ്ങളിൽ പ്രതിഫലിപ്പിക്കേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്