വഴിതെറ്റിപ്പോയ ആട്

"ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകൾ കേൾക്കാൻ അടുത്തുവന്നുകൊണ്ടിരിന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവൻ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കേ, അവയിൽ ഒന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റിഒൻപതിനെയും മരുഭൂമിയിൽ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുന്പോൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടിൽ എത്തുന്പോൾ അവൻ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടി പറയും: നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റിഒൻപതു നീതിമാരെക്കുറിച്ചു എന്നതിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു" (ലൂക്കാ 15:1-7)

വിചിന്തനം 
ഒരു ഗുരു എന്ന നിലയിൽ യേശുവിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് യഹൂദരുടെ ഇടയിലുണ്ടായിരുന്നത്. എന്നാൽ യേശുവാകട്ടെ, ജനങ്ങളുടെ മുൻപിൽ പേരുണ്ടാക്കാൻവേണ്ടി അല്ലായിരുന്നു ഒന്നും പ്രവർത്തിച്ചിരുന്നത്. തന്റെ ഭൂമിയിലേക്കുള്ള ആഗമനത്തിന്റെ ഉദ്ദേശം, "സേവിക്കപ്പെടാൻ വേണ്ടിയല്ല, മറ്റുള്ളവരെ സേവിക്കുന്നതിനാണെന്ന്" യേശുവിനു നല്ല ബോധ്യമുണ്ടായിരുന്നു. നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നതിൽ ഉത്സുകരായിരുന്ന ഫരിസേയരും നിയമജ്ഞരുമൊക്കെ, സമൂഹത്തിലെ പാപികളെ നോക്കിയിരുന്നത് അവജ്ഞയോടെ ആണ്. അവരെ പാപത്തിൽ നിന്നകറ്റാനോ നല്ല വഴികൾ കാണിച്ചു കൊടുക്കാനോ അല്ല ആ പ്രമാണികൾ സമയം കണ്ടെത്തിയിരുന്നത്, പാപികളിൽ കൂടുതൽ കൂടുതൽ കുറ്റങ്ങളാരോപിച്ച് അവരെ സമൂഹത്തിൽനിന്നും അകറ്റുന്നതിനാണ്. എന്നാൽ യേശുവാകട്ടെ, കഴിയുന്ന അവസരങ്ങളിലെല്ലാം പാപികളെ തന്റെ അടുത്തേക്ക് സ്വീകരിക്കുകയും അവരോടോത്ത് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. 

കൂട്ടംവിട്ടു വഴിതെറ്റിപ്പോയ ആടിനോടാണ് യേശു പാപികളെ ഉപമിക്കുന്നത്. കൂട്ടംവിട്ട ആട് ഇടയന്റെ സംരക്ഷണവലയത്തിന്റെ പുറത്തായി പോകുന്നു. ഇത്തരത്തിലുള്ള ആടുകളെ ആക്രമിച്ചു കൊല്ലാൻ മറ്റു വന്യജീവികൾക്ക് എളുപ്പമാണ്. സാധാരണ ഇടയന്മാർ ആടിനെ നഷ്ടപ്പെട്ടതറിയുന്നത്‌ സന്ധ്യാസമയത്ത് അവയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചതിനു ശേഷം എണ്ണി നോക്കുന്പോഴാണ്. ആടൊന്നിനെ നഷ്ടമായതായി കണ്ടാൽ, ഉടൻതന്നെ ഇടയന്മാരിലൊരാൾ അതിനെ അന്വേഷിച്ചുപോകുമായിരുന്നു. ഇതുപോലെത്തന്നെയാണ് സ്വർഗ്ഗത്തിലെ അവസ്ഥയെന്നാണ് ഈശോ പഠിപ്പിക്കുന്നത്. പാപം ചെയ്ത് ദൈവീകസംരക്ഷണത്തിൽനിന്നും  അകന്നുപോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുന്പോൾ, അവയെ രക്ഷിക്കാൻ ശ്രമിക്കാതെ, തന്നോടൊപ്പമുള്ള നീതിമാന്മാരെകരുതി മാത്രം സന്തോഷിക്കുന്നവനല്ല ദൈവം. "നിങ്ങൾ എന്തിനു മരിക്കണം? ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ആരുടേയും മരണത്തിൽ ഞാൻ സന്തോഷിക്കുന്നില്ല. നിങ്ങൾ പാശ്ചാത്തപിക്കുകയും ജീവിക്കുകയും ചെയ്യുവിൻ" (എസെക്കിയേൽ 18:32). 

പാപം ചെയ്ത് ദൈവത്തിൽനിന്ന് അകന്നിരിക്കുന്ന ഒരവസ്ഥയിലാണോ നിങ്ങളിന്ന്? പാപങ്ങളിൽനിന്നും ഒരിക്കലും മോചനമില്ല എന്ന വ്യർത്ഥചിന്തയോടെ, നിങ്ങളെ അന്വേഷിച്ചുവരുന്ന ഇടയനിൽനിന്നും ഒളിച്ചിരിക്കുകയാണോ നിങ്ങളിന്ന്? ഓർക്കുക, ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചത് നീതിമാന്മാരെ തേടിയല്ല. യേശുക്രിസ്തു കുരിശിൽ മരിച്ചത് പാപികൾക്ക് വേണ്ടിയാണ്. ആ തിരുരക്തത്തിന്റെ വിലയാൽ വീണ്ടെടുക്കപ്പെട്ട നമുക്കോരോരുത്തർക്കും, എപ്പോൾവേണമെങ്കിലും നല്ലയിടയനായ ഈശോയിലേക്ക് തിരികെചെല്ലാം. പാപങ്ങളേറ്റുപറഞ്ഞു അനുതാപത്തോടെ തിരികെയെത്തുന്നവരെ കരുതി സ്വർഗ്ഗത്തിൽ വലിയ സന്തോഷം ഉണ്ടാകും എന്ന വചനം, ഇത്തരത്തിലൊരു തിരിച്ചുപോക്കിന് നമുക്കെല്ലാവർക്കും പ്രേരണയാകട്ടെ. 

നല്ലയിടയനായ ഈശോയെ, പാപത്തിന്റെ ഇരുളിൽപെട്ട് വഴിതെറ്റി കൂട്ടംവിട്ടുപോയ എന്നെ തേടിയിറങ്ങിയ ദൈവപുത്രാ, പാപവും പാപമാർഗ്ഗങ്ങളുമുപേക്ഷിച്ചു, അങ്ങയുടെ തോളിലേറി സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുകൊള്ളാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!