ദൈവത്തോട് ചോദിക്കണം
"എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാന്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!" (ലൂക്കാ 11:10-13)
ചിന്ത
ദൈവത്തോട് ചോദിക്കുന്ന കാര്യത്തിൽ, അഥവാ തന്റെ ആവശ്യങ്ങളിൽ ദൈവത്തിന്റെ സഹായം അപേക്ഷിക്കുന്ന കാര്യത്തിൽ, പലപ്പോഴും വിശ്വാസികൾക്കുപോലും ഒട്ടേറെ സംശയങ്ങൾ ഉണ്ടാവാറുണ്ട്. എല്ലാമറിയുന്ന ദൈവത്തോട് ഒന്നും ചോദിക്കേണ്ട ആവശ്യമില്ല എന്നുമുതൽ ചോദിച്ചാൽ ഒരുപക്ഷെ ദൈവത്തിനു ഇഷ്ടമാവില്ല എന്നുവരെയുള്ള വാദഗതികൾ പലരും നിരത്താറുമുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് ഈശോ നമ്മെ പഠിപ്പിക്കുന്നത് ഋജുവായ ഭാഷയിലാണ്. ചോദിക്കുന്നവന് ലഭിക്കുന്നു, അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു, മുട്ടുന്നവന് തുറന്നുകിട്ടുന്നു എന്ന് യാതൊരു വളച്ചുകെട്ടലുമില്ലാതെ ഈശോ നമ്മോടു പറയുന്നു.
യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി ഏറ്റുപറയുന്ന ഏതൊരാൾക്കും ദൈവവുമായി തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പങ്കുവയ്ക്കാം. "നിങ്ങൾ മക്കളായത്‌കൊണ്ട് ആബ്ബാ! - പിതാവേ! എന്ന് വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാൽ, നീ ഇനിമേൽ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കിൽ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്" (ഗലാത്തിയാ 4:6,7). ഇങ്ങനെ ദൈവത്തോട് ചോദിക്കുന്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം, തങ്ങൾ ചോദിക്കുന്നത് ലഭിക്കുന്നില്ല എന്നതാണ്. ഇതിനു കാരണമായി ഒട്ടേറെ കാര്യങ്ങൾ ബൈബിളിൽ പറയുന്നുണ്ടെങ്കിലും, പരമപ്രധാനമായത് നമ്മുടെ സംശയിക്കുന്ന മനസ്ഥിതിയും ചഞ്ചലമായ പകൃതിയുമാണ് (cf. യാക്കോബ് 1:6-8). കുറേക്കാലം ചോദിച്ചിട്ടും ലഭിക്കുന്നില്ലെങ്കിൽ, നമ്മുടെ പ്രാർത്ഥന കേൾക്കുന്ന ഒരാൾ അപ്പുറത്തുണ്ടോ, അതോ അവയെല്ലാം വ്യർത്ഥമാണോ എന്ന ചിന്ത ഉണ്ടാവുന്നത് തികച്ചും സ്വാഭാവികമാണ്. ഒട്ടേറെപ്പേർ പ്രാർത്ഥന നിർത്തുന്നതും ദൈവത്തിൽനിന്നും അകലുന്നതുമൊക്കെ ഇത്തരമൊരു ചിന്തയുടെ പരിണിതഫലമായാണ്. ഇതുകൊണ്ടുതന്നെ, ദൈവത്തോട് മറ്റെന്തും ചോദിക്കുന്നതിനുമുന്പ് നാം ചോദിക്കേണ്ടത് ഒരു ദൈവാനുഭവത്തിനു വേണ്ടിയാണ്, അവിടുത്തെ പരിശുദ്ധാത്മാവിനു വേണ്ടിയാണ്.
നാമിന്നു ജീവിക്കുന്നത് ദൈവത്തിന്റെ ദാനമായ, യേശുവിന്റെ വാഗ്ദാനമായ, സത്യാത്മാവിന്റെ യുഗത്തിലാണ്. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവാനുഭവം പരിശുദ്ധാത്മാവിന്റെ ദാനമായി ദൈവം നമുക്ക് നൽകുന്നു (cf. ഹെബ്രായർ 2:4). ഈ പരിശുദ്ധാത്മാവിനെയാണ്, ചോദിക്കുന്ന ഓരോരുത്തർക്കും ധാരാളമായി സ്വർഗ്ഗസ്ഥനായ തന്റെ പിതാവ് നൽകും എന്ന് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത്. ധ്യാനങ്ങളിലും നവീകരണകൂട്ടായ്മകളിലും പങ്കെടുക്കുന്നവർക്ക് വേണ്ടി മാത്രമുള്ളതല്ല പരിശുദ്ധാത്മാവിലൂടെയുള്ള ഈ ദൈവാനുഭവം, മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായ എല്ലാവർക്കും വേണ്ടിയുള്ളതാണ്. "പരിശുദ്ധാത്മാവിലൂടെ നാം പറുദീസയിലേക്ക് പുനരാനയിക്കപ്പെടുന്നു; സ്വർഗ്ഗരാജ്യത്തിലേക്ക് കയറി, മക്കളായി ദത്തെടുക്കപ്പെട്ട് ദൈവത്തെ പിതാവ് എന്ന് വിളിക്കാനും ക്രിസ്തുവിന്റെ കൃപാവരത്തിൽ പങ്കുചേരുവാനും പ്രകാശത്തിന്റെ മക്കളെന്നു വിളിക്കപ്പെടാനും നിത്യമഹത്വത്തിൽ പങ്കുപറ്റാനും നമുക്ക് ആത്മധൈര്യം നൽകപ്പെട്ടു", എന്ന് വി. ബേസിൽ നമ്മെ പഠിപ്പിക്കുന്നു.
ഒട്ടേറെ പ്രാർഥിച്ചിട്ടും ഒരു ഉത്തരവും കിട്ടാതെ നിരാശയിൽ കഴിയുന്നവരാണോ നമ്മൾ? ദൈവമുണ്ടോ എന്ന് സംശയിച്ചു ആ സ്നേഹത്തിൽനിന്നും അകന്നുമാറി നടക്കുന്നവരാണോ? നമ്മുടെ അവസ്ഥയിൽ നമുക്ക് സഹായകനായി ദൈവമയയ്ക്കുന്ന തന്റെ പുത്രന്റെ ആത്മാവിനായി ഹൃദയം തുറക്കാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം. പുതന്റെ അവകാശത്തോടെ, പിതാവിന്റെ ലാളനം സ്നേഹസ്പർശനമായി നമുക്കോരോരുത്തർക്കും ലഭിക്കാൻ,പരിശുദ്ധാത്മാവേ അഗ്നിയായി അഭിഷേകം ചെയ്യണമേ, സ്നേഹത്തിന്റെ കതിരുകൾ ഞങ്ങളിൽ പരത്തണമേ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ