സദാ ജാഗരൂകരായിരിക്കുവിൻ

"കള്ളൻ രാത്രിയിൽ ഏതു സമയത്താണ് വരുന്നതെന്ന് ഗൃഹനാഥൻ അറിഞ്ഞിരുന്നെങ്കിൽ, അവൻ ഉണർന്നിരിക്കുകയും തന്റെ ഭവനം കവർച്ച ചെയ്യാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്ന് നിങ്ങൾ അറിയുന്നു. അതിനാൽ, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ ആയിരിക്കും മനുഷ്യപുത്രൻ വരുന്നത്." (മത്തായി 24:43,44)

ചിന്ത 
അപകടത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ അതിൽനിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ തേടാത്തവരായി ആരുമുണ്ടാവില്ല. കർത്താവിന്റെ രണ്ടാംവരവിനെപറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നമോരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്.
രാത്രിയിലാണ് സാധാരണ കള്ളന്മാർ മോഷ്ടിക്കാൻ ഇറങ്ങാറ്. ഏതു സമയത്താണ് മോഷ്ടാവ് വരുകയെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, ഇരുട്ടത്ത്‌ അവർ വരാൻ സാധ്യത കൂടുതലാണെന്ന് നിശ്ചയമായും പറയാനാകും. എന്തായിരിക്കും യേശു ഈ വചനത്തിലൂടെ ഉദ്ദേശിക്കുന്ന രാത്രിയും ഇരുട്ടും? 

നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുന്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു. സത്യമാകുന്ന പ്രകാശത്തിലാണോ നാമിന്നു ജീവിക്കുന്നത്, അതോ പാപാന്ധകാരത്തിലോ? പ്രത്യാശയിൽനിന്നും നിരാശയിലേക്ക് വഴിതെറ്റിപ്പോകുന്ന ത്രിസന്ധ്യയിലാണോ നമ്മൾ, അതോ ഇരുൾ നിറഞ്ഞ വഴികളിൽനിന്നും ദൈവസ്നേഹത്തിലേക്ക് ഉണർന്നെണീക്കുന്ന പ്രഭാതാവസ്ഥയിലോ? 

പാപത്തെക്കുറിച്ചു എത്രയൊക്കെ ബോധ്യങ്ങൾ ലഭിച്ചാലും അവയെ ഉപേക്ഷിക്കാൻ നമ്മൾ പലപ്പോഴും മടികാട്ടാറുണ്ട്. പാപത്തിലൂടെ ലഭിക്കുന്ന ലൌകീകസുഖങ്ങൾ ഉപേക്ഷിക്കുവാനുള്ള വിമുഖതയാണ്‌ ഒട്ടേറെപ്പേരെ പാപത്തിൽ ഉറച്ചു നിറുത്തുന്നത്. തങ്ങൾ ചെയ്യുന്നതൊന്നും അത്ര വലിയ പാപമല്ല എന്നുതുടങ്ങി കുറേക്കാലം കൂടി പാപം തരുന്ന സുഖങ്ങൾ അനുഭവിച്ചിട്ടു അതിൽനിന്നു പിന്തിരിയാം ഇന്നുവരെയുള്ള ഒട്ടേറെ ന്യായവാദങ്ങൾ ഇക്കൂട്ടർ ഉയർത്താറുമുണ്ട്. ലഘുപാപങ്ങൾ ആണെങ്കിൽ കൂടിയും, അവ പാപമാണെന്നറിഞ്ഞുകൊണ്ട് ചെയ്യുന്പോൾ, ലഘുവായ വിധിക്കവഅർഹമായില്ലെന്നും വരാം. ഒട്ടേറെ ലഘുപാപങ്ങൾ കൂട്ടിവച്ചാൽ അവ ഒരു മാരകപാപത്തിന്റെ ഫലം ചെയ്യുമെന്ന് വി. അഗസ്റിൻ നമ്മെ ഓർമ്മിപ്പിക്കുന്നുന്നുണ്ട്.

അതുപോലെതന്നെ, പാപത്തിൽനിന്നും പിന്തിരിയാൻ സമയനിബന്ധന വയ്ക്കുന്ന നമ്മൾ മനപ്പൂർവം മറക്കുന്ന ഒരു യാഥാർത്യമാണ്, കള്ളനെപ്പോലെ പതുങ്ങി എപ്പോൾ വേണമെങ്കിലും മരണം എത്താമെന്നുള്ളത്. നമ്മുടെ പകലുകളിൽ നമ്മോട് കരുണ കാണിക്കുന്ന മനുഷ്യപുത്രനും, ഇരുളിൽ നമ്മെ സന്ദർശിക്കുന്ന വിധികർത്താവും ഒരാളെങ്കിൽകൂടിയും, അവിടെനിന്നു നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ നമ്മുടെ അവസ്ഥയിലെ അന്തരംപോലെതന്നെ വിഭിന്നങ്ങളായിരിക്കും.

"നിങ്ങളോട് ഞാൻ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിൻ. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാൽ, ജഡമോഹങ്ങൾ ആത്മാവിനെതിരാണ്. ആത്മാവിന്റെ അഭിലാഷങ്ങൾ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിർക്കുന്നത് നിമിത്തം ആഗ്രഹിക്കുന്നത് പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുന്നു." (ഗലാത്തിയാ 5:16,17). ഇങ്ങനെ ദൈവാത്മാവിന്റെ പ്രേരണ അനുസരിച്ച് ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? ആണെങ്കിൽ, സ്നേഹമയിയായ ദൈവം തന്റെ അന്ത്യവിധിയെപ്പറ്റി വ്യക്തമായ മുന്നറിയിപ്പ് നൽകുകയാണിന്ന്. പാപത്താൽ കഠിനമായ നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്റെ കരുണക്കായി അൽപമെങ്കിലും നമുക്ക് തുറന്നുകൊടുക്കാം. വിശ്വാസത്തെ ശക്തിപ്പെടുത്തുകയും പ്രത്യാശയെ ഉറപ്പിക്കുകയും സ്നേഹത്താൽ നമ്മെ വിശാല മനസ്കരാക്കുകയും ചെയ്യുന്ന സത്യാത്മാവിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളിലേക്കും കടന്നുവരട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!