മണൽപ്പുറത്തു ഭവനം പണിയുന്നവർ
"കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ. എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പോക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്തു ഭവനം പണിത ഭോഷന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പോക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു. യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്." (മത്തായി 7:21-28)
ചിന്ത
ദൈവവചനം ശ്രദ്ധയോടെ കേൾക്കുകയും, എന്നിട്ട്, ഈ വചനമെല്ലാം പാലിച്ച് ഇന്നത്തെ ലോകത്തിൽ ജീവിക്കാനാവില്ല എന്ന് പറഞ്ഞ് അതിനെ തള്ളിക്കളയുകയും ചെയ്യുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. മറ്റുചിലരാകട്ടെ ദൈവത്തെയും അവിടുത്തെ വചനത്തെയും അവരുടെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നു. വാക്കുകൾകൊണ്ട് ദൈവവചനത്തെ വളച്ചൊടിക്കുന്നവർ മുതൽ പോടിക്കൈകളുപയോഗിച്ചു ദൈവത്തിന്റെ കരുണയെ ദുരുപയോഗം ചെയ്യുന്നവർവരെ ഇക്കൂട്ടത്തിലുണ്ട്. ഇതുവഴി മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് നല്ലവനെന്ന് ചമയാൻ നമുക്കായെക്കാം. എന്നാൽ, നമ്മെ പരിശോധിച്ച് നമ്മെകുറിച്ചു എല്ലാമറിയുന്ന ദൈവത്തെപ്പറ്റി സങ്കീർത്തനം 139 നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്; നമ്മൾ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും, നമ്മുടെ നടപ്പും കിടപ്പും, നമ്മുടെ വാക്കും വിചാരവും എല്ലാം പരിശോധിച്ചറിയുന്ന ദൈവം.
ദൈവവചനത്തോടുള്ള ഒരു വ്യക്തിയുടെ ആത്മാർഥത വെളിപ്പെടുന്നത് അവരുടെ പ്രവർത്തികളിലൂടെയാണ്, വാക്കുകളിലൂടെയല്ല. നല്ല വാക്കുകൾ ഒരിക്കലും നല്ല പ്രവർത്തികൾക്ക് പകരമാകുന്നില്ല. നമ്മുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുന്നത് നാമെടുക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെയാണ്, പ്രത്യേകിച്ചും നന്മതിന്മകളെക്കുറിച്ച് ദൈവവചനത്തിലൂടെ ലഭിക്കുന്ന ബോധ്യങ്ങൾ പ്രാവർത്തികമാക്കാൻ എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ്. വചനം കേട്ടിട്ടും അതനുസരിക്കാൻ കൂട്ടാക്കാത്തവരുടെ വീഴ്ച വലുതായിരുന്നു എന്നാണ് യേശു നമ്മെ ഓർമ്മിപ്പിക്കുന്നത്.
"ദുഷ്ടൻ കൊടുംകാറ്റിൽ നിലംപതിക്കുന്നു; നീതിമാനോ എന്നേക്കും നിലനിൽക്കും" (സുഭാഷിതങ്ങൾ 10:25). ദൈവവചനമനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി സത്യസന്ധവും വിശ്വസ്തവും ആയ ഒരു ജീവിതം നയിക്കാൻ നിരന്തരം ശ്രമിക്കുന്ന ആൾ ആയിരിക്കും. ദൈവത്തിനുമുന്പിൽ സത്യസന്ധനായി ജീവിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരാളെ പിടിച്ചു കുലുക്കാനോ മറിച്ചിടാനോ ഒന്നിനും ആവില്ല, കാരണം ദൈവവചനമാകുന്ന പാറമേലാണ് അവൻ ഭവനം പണിതിരിക്കുന്നത്.
നല്ലവാക്കുകളും സൽപ്രവർത്തികളും കൃത്രിമമായി സൃഷ്ടിച്ച്, തന്റെ പാപങ്ങൾക്ക് മറ തീർക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? എങ്കിൽ ഓർക്കുക: "ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വലവുമാണ്; ഇരുതലവാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്റെ മുൻപിൽ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുൻപിൽ സകലതും അനാവൃതവും വ്യക്തവുമാണ്. കണക്കുബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്." (ഹെബ്രായർ 4:12,13)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ