പ്രതികാരം ചെയ്യുന്ന കോപം

"കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന് പൂർവീകരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും. സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുൻപിൽ നില്ക്കേണ്ടിവരും; വിഡ്ഢി എന്ന് വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും." (മത്തായി 5:21-22)

ചിന്ത 
കോപം നാമാദ്യമായി കാണുന്നത് ഉൽപത്തി പുസ്തകത്തിലാണ്. ആബേലിലും അവന്റെ കാഴ്ച്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചുവെന്നും, തന്റെ ബലിയിൽ അവിടുന്ന് പ്രസാദിച്ചില്ല എന്നും മനസ്സിലാക്കിയ കായേനിലൂടെയാണ് കോപം ആദ്യമായി രൂപവും ഭാവവും സ്വീകരിക്കുന്നത്. "നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്?...നല്ലതുചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ടെന്നു ഓർക്കണം. അത് നിന്നിൽ താൽപര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം" (ഉൽപത്തി 4:6,7), എന്ന് കായെന്റെ കോപം തിരിച്ചറിഞ്ഞ ദൈവം അവനു മുന്നറിയിപ്പ് നൽകുന്നുണ്ട്. കീഴടക്കാൻ കഴിയാതെ പോയ കോപം, കായേനെ ഒടുവിലൊരു കൊലപാതകിയാക്കുന്നു. കോപത്തെ കീഴടക്കാൻ ബുദ്ധിമുട്ടുന്ന, അല്ലെങ്കിൽ അതിനു ശ്രമിക്കാത്ത ഒരു വ്യക്തി ആണോ നിങ്ങളിന്ന്?

ശൂന്യതയിൽനിന്നും വളരെപ്പെട്ടെന്നു ഉരുത്തിരിഞ്ഞു വരുന്ന ഒന്നല്ല പാപം. വളരെ ചെറിയ ഒരു മുളയായി നമ്മുടെ ഹൃദയത്തിൽ രൂപംകൊണ്ട്, ക്രമേണ നമ്മിലെ നന്മകളെയെല്ലാം ഞെരിച്ചമർത്തുന്ന ഇത്തിൾകണ്ണിയാണ് പാപം. കായേനിൽ ഈ പാപം മുളയിട്ടതും, പിന്നീട് അത് വളർന്നു കൊലപാതകത്തിൽവരെ എത്തിച്ചതും, അവനു തന്റെ സഹോദരനോടുണ്ടായിരുന്ന കോപത്തെ കീഴടക്കാൻ കഴിയാതെ പോയത് കൊണ്ടാണ്. ഇതുകൊണ്ട് തന്നെയാണ് കോപം മൂലപാപങ്ങളിലൊന്നായി എണ്ണപ്പെടുന്നത് - കോപം നമ്മെ മറ്റനവധി പാപങ്ങളിലേക്ക് വലിച്ചിഴക്കുന്നു. 

എല്ലാ കോപവും പാപമാകണമെന്നില്ല, പ്രതികാരവാഞ്‌ഛനയോടുകൂടി കോപിക്കുന്പോഴാണ് അത് പാപമാകുന്നത്. ഉദാഹരണത്തിന്, തന്റെ കുട്ടി തെറ്റ് ചെയ്യുന്നത് കാണുന്പോൾ മാതാപിതാക്കന്മാർക്ക് ഉണ്ടാവുന്ന കോപം രണ്ടു വിധത്തിലാവാം. കുട്ടിക്ക് തെറ്റിനെക്കുറിച്ച് ബോധ്യം ലഭിക്കാനും, അതുവഴി കുട്ടി ആ തെറ്റിൽനിന്നും പിന്തിരിയുവാനുമായി കോപിക്കുന്ന മാതാപിതാക്കൾ പാപം ചെയ്യുന്നില്ല. അവരുടെ കോപം ദൈവകോപത്തിനു സമാനമാണ് - തന്റെ മക്കളെ തിന്മയിൽനിന്നും നന്മയിലേക്ക് നയിക്കുകയാണ് കോപിക്കുന്നതിലൂടെ അവർ ലക്ഷ്യമിടുന്നത്. 

നിർഭാഗ്യവശാൽ മാതാപിതാക്കളുടെ കോപം മറ്റൊരു വഴിയിലൂടെയും വരാം. ഇവിടെയും അവർ കോപിക്കുന്നത് കുട്ടി തെറ്റ് ചെയ്തിട്ട് തന്നെയാവാം. എന്നാൽ, കുട്ടിയെ തിരുത്തുക എന്നതിലുപരി, ആ തെറ്റുമൂലം തങ്ങളുടെ പ്രതീക്ഷകൾക്ക് ഏറ്റ തിരിച്ചടി, അല്ലെങ്കിൽ തങ്ങൾക്കുണ്ടായേക്കാവുന്ന അപമാനം, അല്ലെങ്കിൽ കുട്ടിയുടെ ആ പ്രവർത്തിമൂലം മറ്റുള്ളവർ തങ്ങളെയും മോശമായി വിധിക്കും എന്ന ഭയം ഒക്കെയായിരിക്കും അവരുടെ കോപത്തിന്റെ കാരണം. കുട്ടിയുടെ തെറ്റുമൂലം തങ്ങൾക്കുണ്ടായ തിക്താനുഭവങ്ങൾക്ക് പകരമായി കോപിക്കുന്പോൾ അത് പ്രതികാരമാകുന്നു, പാപമാകുന്നു.

ഇതുപോലെ, അനുദിനജീവിതത്തിൽ കോപം നമ്മിൽ ഉടലെടുക്കുന്ന ഓരോ അവസരങ്ങളിലും നാം എന്തുകൊണ്ട് കോപിക്കുന്നു എന്ന് അപഗ്രഥിക്കാൻ നമുക്കാവണം. കോപത്തിനാസ്പദമായത് സംഭവിക്കുന്പോൾ എടുത്തുചാടി പ്രതികരിക്കാതെ, ക്ഷമയോടെ അതിനെ വിശകലം ചെയ്യണം, അതുവഴി സൌമ്യത എന്ന പുണ്യം അഭ്യസിക്കണം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!