തിന്മയെ നന്മകൊണ്ട് ജയിക്കുക

"എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ. അധിക്ഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ. ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതിൽനിന്നു തടയരുത്. നിന്നോട് ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്റെ വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നവനോട്‌ തിരിയെ ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുന്നെങ്കിൽ എന്ത് മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതിൽ എന്ത് മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചു വായ്പകൊടുക്കുന്നതിൽ എന്ത് മേന്മയാണുള്ളത്? കൊടുത്തിടത്തോളം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ പാപികളും പാപികൾക്ക് വായ്‌പ കൊടുക്കുന്നില്ലേ? എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ. തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്ന് നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ." (ലൂക്കാ 6:27-36)

ചിന്ത 
ക്രിസ്തുമതത്തെക്കുറിച്ച് പൊതുവേയുള്ള ഒരു തെറ്റിദ്ധാരണ അത് മനുഷ്യരെ സന്മാർഗത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന കുറെ ഉപദേശങ്ങളുടെയും നിയമങ്ങളുടെയും ഒരു സംസ്ഥാപനം ആണെന്നാണ്. പുറമേനിന്നു നോക്കുന്പോൾ ദൈവകൽപ്പനകളും മറ്റ് ക്രിസ്തീയ അചാരാനുഷ്ഠാനങ്ങളും ഈ തെറ്റിധാരണയെ പിന്താങ്ങുന്നതായും തോന്നാം. എന്നാൽ, ക്രിസ്തീയവിശ്വാസത്തിന്റെ അന്തസത്ത തത്ത്വസംഹിതകളോ നിയമാനുഷ്ഠാനമോ ഒന്നുമല്ല, അത് ജീവിക്കുന്ന ദൈവത്തിന്റെ ഏകപുത്രനും, മരിച്ചവരിൽനിന്നും ഉയിർത്തവനുമായ യേശുക്രിസ്തു തന്നെയാണ്. നിയമത്തിൽ അധിഷ്റിതമായി ശരിയും തെറ്റും വിധിക്കുന്നവർക്കു ഇന്നത്തെ വചനഭാഗം ഒരു കീറാമുട്ടിയായി എന്നും നിലകൊള്ളും. 

ദൈവസ്നേഹം യേശു മാനവരാശിക്ക് പകർന്നുതരുന്നത് ദയയിലൂടെയാണ്. ഒരു ക്രിസ്തുശിഷ്യനെ മറ്റാരിൽനിന്നും വ്യതസ്തൻ ആക്കുന്നതും ആക്കേണ്ടതും ഈ ദയ തന്നെയാണ്. എന്താണ് ദയ? മറ്റുള്ളവർ അർഹിക്കുന്ന രീതിയിൽ അവരോടു പെരുമാറാതെ, ദൈവം ഇച്ഛിക്കുന്നതുപോലെ അവരോടു ഇടപഴകുന്നതിനെയാണ് ദയ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. നാമെല്ലാവരും മറ്റുള്ളവരോട് സ്നേഹത്തോടെയും കരുണയോടെയും അനുകന്പയോടെയും പെരുമാറണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. ഇക്കാരണംകൊണ്ടുതന്നെ, നമ്മുടെ മുന്പിൽ നിൽക്കുന്ന വ്യക്തിയുടെ സ്വഭാവം നോക്കി, അല്ലെങ്കിൽ അയാൾ നമ്മോടു പെരുമാറുന്ന മാനദണ്‍ഠമുപയോഗിച്ചു പെരുമാറാൻ നമുക്കാവില്ല. "ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും, നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും" (മത്തായി 5:45) ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തികളെ അനുകരിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. എപ്പോഴും നമ്മിലെ നന്മയാണ് ദൈവം തേടുന്നത്. നാമും മറ്റുള്ളവരിലെ സദ്‌ഗുണങ്ങൾ സദാ അന്വേഷിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. 

നമ്മെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരിൽ പോലും നന്മയുടെ ഒരംശം കണ്ടെത്തി, അതിനെ സ്നേഹിക്കാൻ നമുക്കാവണം. വളരെ എളുപ്പം പറയാൻ സാധിക്കുന്നതും, എന്നാൽ പ്രാവർത്തികമാക്കാൻ ഒട്ടേറെ ബുദ്ധിമുട്ടുള്ളതുമായ ഒരു കാര്യമാണിത്. നമ്മെ സ്നേഹിക്കുന്നവരെ, അല്ലെങ്കിൽ നമുക്കെന്തെങ്കിലും തരത്തിൽ പ്രയോജനമുള്ളവരെ സ്നേഹിക്കാൻ എളുപ്പമാണ്. തിരിച്ചുകിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ കൊടുക്കാനെളുപ്പമാണ്. പക്ഷേ, ദൈവസ്നേഹത്തോട്‌ പുറം തിരിഞ്ഞു നിൽക്കുന്ന പാപികളും ഇത്രയുമൊക്കെ ചെയ്യുമെന്ന് ഈശോ നമ്മെ ഓർമിപ്പിക്കുന്നു. നമ്മെ വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്പോഴാണ് നമ്മിലെ പ്രതികാരത്തിന്റെ കെട്ടുകൾ അഴിയുന്നത്, തിന്മയ്ക്ക് പകരമായി നന്മ തിരിയെ നൽകാനുള്ള കൃപ ലഭിക്കുന്നത്. 

തന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും കഴിയാത്ത ഒരു മാനസികാവസ്ഥയിലാണോ നിങ്ങളിന്ന്? ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്നോർക്കുക. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവരിലേക്കും ദൈവം തന്റെ ആത്മാവിനെ അയക്കുന്നുണ്ട് - നമ്മുടെ മുറിവുകളെയും ഭീതികളെയും മുൻവിധികളെയും വ്യാകുലതകളെയും ഒക്കെ തന്റെ സ്പർശനത്താൽ ഉണക്കുന്ന സൗഖ്യദായനകായ പരിശുദ്ധാത്മാവിനെ. വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും അവജ്ഞയുടെയും പകയുടെയും ഒക്കെ കെട്ടുകൾ പൊട്ടിച്ചെറിയാൻ യേശുക്രിസ്തുവിന്റെ കുരിശിനു കഴിയും. 

സ്നേഹപിതാവേ, പാപിയായ എന്നിൽ അങ്ങ് ചൊരിയുന്ന അനന്തമായ സ്നേഹത്തെ ഓർത്ത് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്നോട് ഇഴപഴകുന്നവരിൽ അങ്ങയെ അറിയാത്തവരുണ്ടെങ്കിൽ, എന്റെ അവരോടുള്ള പെരുമാറ്റത്തിലൂടെ, അങ്ങയുടെ സ്നേഹം അവർക്ക് അനുഭവേദ്യമാക്കുവാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കണമേ. ആമേൻ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!