പ്രകാശത്തെ മറച്ചുവയ്‌ക്കരുത്

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനതിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16)

വിചിന്തനം 
അന്ധകാരത്തിൽ തട്ടിത്തടഞ്ഞു വീഴാതിരിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമൊക്കെ വിളക്ക് നമ്മെ സഹായിക്കുന്നു. രൂപവും ഭാവവും മാറിയേക്കാം, പുറപ്പെടുവിക്കുന്ന പ്രകാശത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എങ്കിലും വിളക്കിന്റെ ദൗത്യം എക്കാലവും ഒന്നുതന്നെ. ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമാകണം. അത്യാർത്തിയും ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം നമ്മിലെ പ്രകാശം. "എന്തുകൊണ്ടെന്നാൽ, രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും ശിക്ഷിക്കപ്പെടുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്" (2 കോറിന്തോസ് 2:15), എന്ന് പൗലോസ്‌ ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു. 

സുവിശേഷത്തിന്റെ പ്രകാശവുമായി പാപാന്ധകാരം നിറഞ്ഞ ലോകത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ വിളിക്കപ്പെട്ടവരായ നമ്മൾ എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളം താൽപര്യം കാട്ടാറുണ്ട്‌? "ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക്‌ നന്ദി പറയുകയും ചെയ്യുവിൻ. സകല ജീവികളുടെയും മുൻപിൽ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്ക്‌ കൃതജ്ഞത അർപ്പിക്കുകയും ചെയ്യുവിൻ. ദൈവത്തിന്റെ പ്രവർത്തികൾ പ്രഘൊഷിച്ചു അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെ നാമത്തിനു മഹത്വം നൽകുകയും ചെയ്യുന്നത് ഉചിതമത്രേ. അവിടുത്തേക്ക്‌ നന്ദി പറയാൻ അമാന്തമരുത്. രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നത് നല്ലത്; ദൈവത്തിന്റെ പ്രവർത്തികൾ പ്രസിദ്ധമാക്കുന്നത് മഹനീയമാണ്" (തോബിത്ത് 12:6-7). ദൈവത്തിന്റെ പ്രവർത്തികൾ മറ്റുള്ളവരോട് ഏറ്റുപറഞ്ഞ്, അവരിലേക്ക്‌ ദൈവസ്നേഹത്തിന്റെ പ്രകാശം പകർന്നുകൊടുക്കാൻ നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. 

ദൈവത്തിൽനിന്നും പ്രത്യേകമായൊരു കൃപ ലഭിക്കുന്പോൾ, അതിൽനിന്നുണ്ടാകുന്ന പ്രകാശം മറച്ചുവയ്ക്കാൻ വെന്പൽ കൊള്ളുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. കിട്ടിയതൊക്കെ ലോകം മുഴുവൻ വിളിച്ചുപറയേണ്ട ആവശ്യമില്ല, ഇനിയുള്ള കാലം നല്ലവനായി ജീവിച്ചാൽ ദൈവത്തിനു തൃപ്തിയാകും എന്നൊരു തെറ്റിധാരണ ദൈവം പ്രത്യേകമായി തൊട്ടനുഗ്രഹിച്ച ഒട്ടനവധി ആൾക്കാരിലുണ്ട്. ദൈവത്തിനെ ഇങ്ങിനെ പുകഴ്ത്തേണ്ട ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാൽ പിശാചിൽനിന്നും വരുന്ന എതിർചിന്തകളാണ് ഇവയെല്ലാം. ദൈവത്തിനു നമ്മുടെ സ്തുതിയും ആരാധനയും മഹത്വവും ഒന്നും ആവശ്യമില്ല. അവിടുത്തെ മുൻപിൽ തുലോം നിസ്സാരരായ നമ്മുടെ പുകഴ്ച വേണ്ട ദൈവത്തിന് ദൈവമാകാൻ. എന്നാൽ, അന്ധകാരത്തിൽ തപ്പിത്തടയുന്ന നമുക്ക് ചുറ്റുമുള്ള ലോകത്തിൽ ദൈവസ്നേഹത്തിന്റെ പ്രകാശം പരത്തേണ്ട വിളക്കുകളാണ് നമ്മൾ. ദൈവം നമുക്ക് ചെയ്തുതന്ന നന്മകളെ മറ്റുള്ളവരോട് വിവരിച്ചുപറയുന്പോൾ, അവരിലെ അന്ധകാരമാകലുന്നു, അവർ വിശ്വാസത്താൽ നിറയുന്നു, ലോകം പ്രകാശപൂരിതമാകുന്നു. 

ദൈവം പ്രത്യേകമായിതന്ന ഒരു കൃപ നാമിന്നു ഒളിച്ചുവയ്ക്കുന്നുണ്ടോ? എങ്കിൽ, അവിടുത്തോട്‌ മാപ്പ് പറയുക. എന്നിട്ട്, നമ്മുടെ ഇടയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ജീവിക്കുന്ന ദൈവത്തെ വാക്കാലും പ്രവർത്തിയാലും ലോകത്തിനുമുന്പിൽ ഏറ്റുപറയുക.

സ്നേഹപിതാവേ, അങ്ങയെ കണ്ടെത്താനാവാതെ എനിക്ക് ചുറ്റുമുള്ളവർ അന്ധകാരത്തിൽ ഇടറിവീഴുന്പോൾ, അങ്ങെന്നിൽ നിക്ഷേപിച്ച പ്രകാശത്തെ മറച്ചുവച്ചതോർത്ത് ഞാൻ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. ചാരം മൂടിയ എന്നിലെ വെളിച്ചത്തെ അവിടുത്തെ ആത്മാവിനെ അയച്ച് ഒരിക്കൽക്കൂടി കത്തിജ്വലിപ്പിക്കണമേ. അതുവഴി ഞാനും ഈ ലോകത്തിൽ  അങ്ങേക്ക് ക്രിസ്തുവിന്റെ പരിമളമായിമാറട്ടെ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്