ദൈവത്തെ മുഖംമൂടി ആക്കരുത്

"അവൻ ഇങ്ങനെ  പഠിപ്പിച്ചു: നിങ്ങൾ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിൻ. നീണ്ട മേലങ്കികൾ ധരിച്ചുനടക്കാനും പൊതുസ്ഥലങ്ങളിൽ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളിൽ മുഖ്യസ്ഥാനങ്ങളും വിരുന്നുകളിൽ അഗ്രാസനങ്ങളും ലഭിക്കാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ, അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഖമായി പ്രാർത്ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവർക്കു കൂടുതൽ കഠിനമായ ശിക്ഷാവിധി ലഭിക്കും." (മർക്കോസ് 12:38-40)

വിചിന്തനം 
യഹൂദരുടെ ഇടയിൽ നിയമജ്ഞർക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. മോശയിലൂടെ ദൈവം ഇസ്രായേൽ ജനത്തിന് നൽകിയ കൽപനകൾ വ്യാഖാനിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ഉത്തരവാദിത്വം. എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുന്നതിനും, തന്നേപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുന്നതിനുമായി ദൈവം നൽകിയ നിർദ്ദേശങ്ങളെ, ദൈവസ്നേഹത്തിന്റെ ആഴം ഗ്രഹിക്കാൻ കഴിയാതെപോയ ജനത കർക്കശമായ നിയമങ്ങളാക്കി മാറ്റി. ദൈവത്തിന്റെ കരുണയിലൂടെയല്ല, മറിച്ചു നിയമത്തിന്റെ അണുവിട തെറ്റാതെയുള്ള പാലനത്തിലൂടെയാണ് നീതീകരിക്കപ്പെടുന്നതെന്ന് തെറ്റിദ്ധരിച്ച യഹൂദർ, കൽപനകൾ പാലിക്കുന്നതിന് അവരുടെ ജീവിതത്തിൽ ഒട്ടേറെ പ്രാധാന്യം നൽകിയിരുന്നു. ഓരോ കല്പനയും വിശദമായി പഠിച്ച്, അത് ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിൽ എങ്ങിനെ പ്രാവർത്തികമാക്കാം എന്ന് തീരുമാനിച്ചിരുന്നത് നിയമജ്ഞരാണ്. അതുകൊണ്ടുതന്നെ സമൂഹത്തിൽ ഒട്ടേറെ സ്വാധീനം അവർക്കുണ്ടായിരുന്നു. എന്നാൽ, പലപ്പോഴും ഈ സ്വാധീനം അവർ തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നു. ദൈവത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ചൂഷണം ചെയ്തിരുന്ന നിയമജ്ഞരോടുളള തന്റെ അസംതൃപ്തി യേശു ഒരിക്കലും മറച്ചുവച്ചിരുന്നില്ല. ദൈവത്തെ മുഖംമൂടിയാക്കി മറ്റുള്ളവരുടെ ജീവിതം എപ്പോഴെങ്കിലും നമ്മൾ ക്ലേശകരമാക്കാറുണ്ടോ?

നിയമജ്ഞരെ തള്ളിപ്പറയുന്നതിന് മൂന്നു കാരണമാണ് ഈശോ ഇവിടെ നിരത്തുന്നത്: ഒന്നാമതായി, ദൈവത്തിന്റെ പേരിൽ നിസ്വാർത്ഥമായി ജനങ്ങളെ സേവിക്കുന്നതിനു പകരം അവർ തങ്ങളുടെ സ്വകാര്യലാഭമായിരുന്നു  ലക്ഷ്യം വച്ചത്. പലപ്പോഴും നിയമങ്ങളെ വളച്ചൊടിച്ച് മറ്റുള്ളവരുടെ സന്പത്ത് അവർ കൈക്കലാക്കിയിരുന്നു. രണ്ടാമതായി, അനുകന്പയോടെ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിച്ച് ജനങ്ങൾക്ക്‌ ദൈവസ്നേഹം വെളിപ്പെടുത്തി കൊടുക്കുന്നതിനു പകരം അവരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം ജനങ്ങളിൽ ദൈവത്തെക്കുറിച്ച്‌ ഒട്ടേറെ തെറ്റായ ബോധ്യങ്ങൾ ഉണ്ടാവുന്നതിനു കാരണമായി. മൂന്നാമത്‌, തങ്ങൾക്കു കിട്ടുന്ന ആദരവ് ദൈവംമൂലമാണെന്നുള്ള വസ്തുത അവർ മറന്നു. അവർ ദൈവത്തിന്റെ നാമമുപയോഗിച്ച് സമൂഹത്തിലെ ഉന്നതരാണെന്ന് അഹങ്കരിച്ചിരുന്നു. ദൈവത്തിന്റെ ആളെന്ന നിലയിൽ ചെല്ലുന്നിടത്തെല്ലാം പ്രഥമസ്ഥാനം ലഭിക്കണമെന്നവർ ശഠിച്ചിരുന്നു. ദൈവം നമുക്ക് ദാനമായി തന്ന ഏതെങ്കിലും കഴിവുകൾ ഉപയോഗിച്ച് ഇന്ന് നാമും ഇത്തരത്തിൽ പെരുമാറാറുണ്ടോ? 

എന്താണ് നമ്മുടെ ദൈവഭക്തിയുടെ അടിസ്ഥാനം? ഒരു ക്രിസ്ത്യാനിയെന്ന ഭാവേന മറ്റുള്ളവരുടെ ബഹുമാനമാണോ നാമിന്നാഗ്രഹിക്കുന്നത്? ദൈവം ഒരു വ്യക്തിയെ അനുഗ്രഹിക്കുന്നതു അതുവഴി ആ സമൂഹമൊന്നാകെ അനുഗ്രഹിക്കപ്പെടുന്നതിനു വേണ്ടിയാണ്. ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹം ലഭിച്ചവരാണ് എല്ലാ ക്രിസ്തീയരും. ആ അനുഗ്രഹം പ്രാപിച്ച എല്ലാവരും നിസ്വാർത്ഥമായ സേവനമനോഭാവത്തോടെ ദൈവത്തെയും തങ്ങളുടെ സമൂഹത്തെയും സ്നേഹിക്കുകയും ആദരിക്കുകയും വേണം. ശരിയായ ദൈവഭയവും ദൈവഭക്തിയും നമ്മുടെ ഹൃദയത്തെ അഹങ്കാരത്തിൽനിന്നും സ്വാർത്ഥതയിൽനിന്നും ഭാവിയെക്കുറിച്ചുള്ള ആകുലതയിൽനിന്നും സ്വതന്ത്രമാക്കുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ ദൈവഭക്തിയാലും ദൈവഭയത്താലും നിറഞ്ഞ്, ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

ദൈവത്തിന്റെ സ്നേഹമായ സത്യാരൂപിയേ, എന്നിൽ വന്നു നിറയണമേ. ദൈവകൃപകൾ സമൂഹത്തിനു മുഴുവൻ അനുഗ്രഹമായി മാറ്റുവാൻ എന്റെ ഹൃദയത്തെ തുറക്കണമേ, ദൈവസ്നേഹത്താൽ എന്നെ നിറയ്ക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്