ഉയർച്ചയിലേക്കുള്ള വഴി

 "ക്ഷണിക്കപ്പെട്ടവർ പ്രമുഖസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാൽ, പ്രമുഖസ്ഥാനത്ത് കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നേക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവന് സ്ഥലം കൊടുക്കുക എന്നു നിന്നോട് പറയും. അപ്പോൾ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുന്പോൾ അവസാനത്തെ സ്ഥാനത്ത് പോയി ഇരിക്കുക. ആതിഥേയൻ വന്നു നിന്നോട്, സ്നേഹിതാ, മുന്പോട്ട് കയറിയിരിക്കുക എന്നു പറയും. അപ്പോൾ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുന്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും."(ലൂക്കാ 14:7-11)

വിചിന്തനം 
പ്രഥമദൃഷ്ടിയിൽ, പാലിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇന്നത്തെ വചനഭാഗം. നമ്മിൽ ആരാണ് ഏറ്റവും ഒടുവിലത്തെ ആളാവാൻ ഇഷ്ടപ്പെടുന്നത്? ഇതു വായിക്കുന്ന പലരിലും ഉണ്ടായേക്കാവുന്ന ഒരു തെറ്റിധാരണ, യേശുവിന്റെ വചനങ്ങൾ പാലിച്ചു ജീവിക്കുക എന്ന് വച്ചാൽ എല്ലാവരാലും അവഗണിക്കപ്പെട്ടും നിന്ദിക്കപ്പെട്ടും ജീവിക്കുക എന്നതാണ്. എന്നാൽ, യേശുവിന്റെ ഈ ഉപദേശത്തെ വിചിന്തനം ചെയ്യുന്പോൾ വ്യക്തമാകുന്ന ഒരു കാര്യമുണ്ട് - മറ്റുള്ളവരുടെ മുൻപിൽ സ്വയം താഴ്‌ത്തി ഒന്നുമല്ലാതാകുന്നതിനെക്കുറിച്ചല്ല യേശു നമ്മെ പഠിപ്പിക്കുന്നത്, എല്ലാവരുടെയും മുൻപിൽ എങ്ങിനെ ബഹുമാന്യനാകാം എന്നതിനെക്കുറിച്ചാണ്!

തന്റെ വാക്കിലും പ്രവർത്തിയിലും എളിമ മുഖമുദ്രയാക്കിയവരാണ് ക്രിസ്തുശിഷ്യർ. എന്നാൽ, എളിമ എന്ന വാക്കിലൂടെ ദൈവം നമ്മിൽ നിന്നും എന്താണാഗ്രഹിക്കുന്നത്? എളിമയെന്നാൽ നമ്മിലുള്ള കഴിവുളെയെല്ലാം മൂടിവച്ച്, നമ്മെ അന്വേഷിച്ചെത്തുന്ന പദവികളെയെല്ലാം തിരസ്കരിച്ച്, നമ്മെക്കുറിച്ചു സ്വന്തമായി ഒരു നല്ല അഭിപ്രായംപോലും ഇല്ലാതെ, താനെന്നും മറ്റുള്ളവർക്ക് കീഴ്പെട്ടവനാണ് എന്ന ബോധ്യത്തോടുകൂടി ജീവിക്കുന്നതാണ് എന്ന ഒരു തെറ്റിധാരണ പലരിലും ഉണ്ട്. പക്ഷേ, അവയെല്ലാം പലപ്പോഴും അപകർഷതാബോധവും ആത്മവിശ്വാസമില്ലായ്മയും ഒക്കെ ആണെന്നുള്ളതാണ് സത്യം. ഇത്തരത്തിലുള്ള വികലമായ കാഴ്ചപ്പാടുകളോടെ എളിമയെ നോക്കുന്പോൾ, അതിന്റെ അടിസ്ഥാനം 'മറ്റുള്ളവർ നമ്മെപ്പറ്റി എന്തു ചിന്തിക്കും?' എന്ന ആകുലതയിലാണ് എത്തി നിൽക്കുന്നത്. പരാജയഭീതിമൂലം ജീവിതത്തിലേക്ക് വരുന്ന അവസരങ്ങളെ വേണ്ടെന്നു വയ്ക്കുന്ന ഒരാളെ ഒരിക്കലും എളിമയുള്ളവനായി പരിഗണിക്കാൻ സാധിക്കുകയില്ല. യഥാർത്ഥത്തിലുള്ള എളിമ ഒരു വ്യക്തിയെ, 'എന്റെ ഈ പ്രവർത്തി മറ്റുള്ളവർ എങ്ങിനെ വീക്ഷിക്കും?" എന്ന ചിന്തയിൽനിന്നും, പരാജയപ്പെട്ടാലുണ്ടാവുന്ന നാണക്കേടിനെക്കുറിച്ചുള്ള ആകുലതകളിൽ നിന്നുമൊക്കെ മോചിപ്പിക്കുന്ന ഒന്നാണ്. മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുവാനും, അവരുടെ പ്രീതിക്ക് പാത്രമാകുവാനും ശ്രമിക്കാതെ, താനാരാണെന്നും തന്റെ കഴിവുകൾ എന്തൊക്കെയാണെന്നുമുള്ള വ്യക്തവും സത്യസന്ധവുമായ അവബോധത്തോടുകൂടി ജീവിക്കുന്നതാണ് എളിമ. ഇത്തരത്തിലുള്ള ഒരു വ്യക്തി തന്റെ പ്രവർത്തികളിലൂടെ സ്വയം മഹത്വപ്പെടുവാനല്ല ശ്രമിക്കുന്നത്. താനായിരിക്കുന്നതും തനിക്കുള്ളതുമെല്ലാം ദൈവം തന്നതാണെന്ന ബോധ്യത്തോടെ, എല്ലാ പ്രവർത്തികളിലും ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള ശ്രമമായിരിക്കണം എളിമയുടെ അടിസ്ഥാനം.

എളിമയുള്ള ഒരാൾക്ക്‌ തന്നെ താനായിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കുവാനും ഉൾകൊള്ളുവാനും കഴിയും. അതിനാൽ, പേരിനും പ്രശസ്തിക്കും സ്ഥാനമാനങ്ങൾക്കും പിന്നാലെ നെട്ടോട്ടമോടാതിരിക്കുവാനും അയാൾക്ക്‌ സാധിക്കും. പോയ്മുഖങ്ങളില്ലാത്ത ഒരു ജീവിതം നയിക്കുന്നത് വഴി, സ്വാർത്ഥതാല്പര്യങ്ങൾ വെടിഞ്ഞ്, എല്ലാക്കാര്യങ്ങളിലും ആത്മാർത്ഥതയോടെ പ്രവർത്തിക്കുവാൻ അയാൾ സന്നദ്ധനായിരിക്കും. ഇങ്ങനെയുള്ള വ്യക്തികളെ തക്കവിധത്തിൽ തക്കസമയത്ത് ഉയർത്താൻ കഴിവുള്ളവനാണ്‌ ദൈവം.  ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം, "ഇതാ കർത്താവിന്റെ ദാസി" എന്ന് പറഞ്ഞുകൊണ്ട് സ്വയം എളിമപ്പെടുത്തിയ പരിശുദ്ധ അമ്മയെ, "ഇന്നുമുതൽ എല്ലാ ജനതകളും എന്നെ ഭാഗ്യവതി എന്നു പ്രഘോഷിക്കും" എന്ന അത്യുന്നതമായ നിലയിലേക്ക് ദൈവം ഉയർത്തിയതു തന്നെയാണ്. എളിമയുടെ മകുടോദാഹരണമായ കന്യാമറിയത്തോടൊപ്പം, ലോകദൃഷ്ടിയിൽ സ്വയം താഴ്ത്തി ദൈവസന്നിധിയിൽ ഉയർത്തപ്പെടുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

രക്ഷകനായ യേശുവേ, പാപികളായ ഞങ്ങൾക്കുവേണ്ടി സ്വയം ശൂന്യനായി, ദാസന്റെ രൂപം സ്വീകരിച്ചു, കുരിശിൽ മരിച്ച ദൈവപുത്രാ, അങ്ങയുടെ ഹൃദയത്തിലെ എളിമ എന്നിലേക്കും പകർന്നുതരേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്