മർത്തയോ മറിയമോ?

"അവർ പോകുന്നവഴി അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. മർത്താ എന്ന പേരുള്ള ഒരുവൾ അവനെ സ്വഭവനത്തിൽ സ്വീകരിച്ചു. അവൾക്കു മറിയം എന്നു പേരായ ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ വചനങ്ങൾ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കൽ ഇരുന്നു. മർത്തയാകട്ടെ പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവൾ അവന്റെ അടുത്തുചെന്നു പറഞ്ഞു: കർത്താവേ, ശുശ്രൂഷക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാൻ അവളോടു പറയുക. കർത്താവ്‌ അവളോട്‌ പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്ന് മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല. (ലൂക്കാ 10:38-42)

വിചിന്തനം 
യേശുക്രിസ്തുവിന്റെ സാന്നിധ്യം രണ്ടുവ്യക്തികളിലുണ്ടാക്കിയ പ്രതികരണമാണ് ഇന്നത്തെ വചനത്തിലെ പ്രതിപാദ്യവിഷയം. സഹോദരിമാരെങ്കിൽ കൂടിയും തികച്ചും വ്യത്യസ്തമായ വ്യക്തിത്വങ്ങൾക്ക് ഉടമകളാണ് മർത്തയും മറിയവും. യേശുവെന്ന അത്ഭുതപ്രവർത്തകനായ മനുഷ്യനെ മാത്രമേ മർത്താ തിരിച്ചറിയുന്നുള്ളൂ. കേവലം ലൗകീകമായ ദൃഷ്ടിയിൽ കൂടി യേശുവിനെ കണ്ടതിനാൽ, ഭക്ഷണത്തിലും മറ്റു ബാഹ്യമായ കാര്യങ്ങളിലും ശ്രദ്ധ ഊന്നിയുള്ള പരിചരണത്തിനാണ് അവൾ മുതിർന്നത്. എന്നാൽ മറിയമാകട്ടെ, യേശുവെന്ന വ്യക്തിയിൽ കുടികൊള്ളുന്ന ദൈവത്തെയാണ് തിരിച്ചറിഞ്ഞത്. തന്റെ വചനം ശ്രവിക്കുകയും അത് ഗ്രഹിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് ദൈവം മനുഷ്യരിൽനിന്നു ഏറ്റവുമധികം ആഗ്രഹിക്കുന്നത് എന്ന ബോധ്യത്താൽ നിറഞ്ഞ മറിയമാകട്ടെ യേശുവിന്റെ പാദത്തിങ്കൽ ഇടം പിടിക്കുകയാണ് ചെയ്തത്. നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു അതിനോട് പ്രതികരിക്കാൻ നമുക്കാവുന്നുണ്ടോ?

ദൈവസാന്നിധ്യം മർത്തായിൽ അസ്വസ്ഥതയും ആകുലതയുമാണ് സൃഷ്ടിച്ചത്. മനസ്സിന് ശാന്തിയും സമാധാനവും പകരേണ്ട യേശുവിന്റെ സാമീപ്യം എന്തുകൊണ്ടാണ് അവളിൽ തികച്ചും വിപരീതമായ ഫലം ഉളവാക്കിയത്? ഒന്നാമതായി, യേശു തന്റെ ക്ഷണം സ്വീകരിച്ച് അവളുടെ വീട്ടിൽ പ്രവേശിച്ചത്‌ മൂലം അവൾ അഹങ്കരിച്ചു. യേശുവിനെയും മറ്റെല്ലാവരെയും അതിശയിപ്പിക്കുന്ന വിധത്തിൽ അവരെ പരിചരിച്ച് എല്ലാവരുടെയും പ്രശംസക്ക് പാത്രീഭൂതയാവണമെന്നു അവൾ ആഗ്രഹിച്ചു. രണ്ടാമതായി, മറ്റുള്ളവരെ പരിചരിക്കുവാനുള്ള പ്രത്യേക കൃപ ദൈവത്തിൽനിന്നും അവൾക്കു ലഭിച്ചിരുന്നെങ്കിലും, തന്റെ കഴിവിൽ അവൾക്കു വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ താൻ ചെയ്യുന്നതിലൊന്നും തൃപ്തി കണ്ടെത്തുവാൻ അവൾക്കു കഴിഞ്ഞില്ല. മൂന്നാമതായി,എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത് യാതൊരു ആകുലതയുമില്ലാത്ത മറിയത്തിന്റെ അവസ്ഥയോട് അവൾക്കു അസൂയ തോന്നി. ഈ മൂന്നു അവസ്ഥകളും പലപ്പോഴും നമ്മെയും ബാധിക്കാറുണ്ട്. മറ്റുള്ളവരിൽനിന്നു അംഗീകാരവും പുകഴ്ചയും ലഭിക്കണം എന്ന ലക്ഷ്യത്തോടെ എന്തു പ്രവർത്തി ചെയ്താലും, അത് ദൈവശുശ്രൂഷ തന്നെ ആയാലും, അവ നമ്മെ കൂടുതൽ കൂടുതൽ അസന്തുഷ്ടിയിലേക്കും അസാമാധാനത്തിലേക്കും മാത്രമേ കൊണ്ടെത്തിക്കുകയുള്ളൂ.

മറിയം നല്ലത് തിരഞ്ഞെടുത്തു എന്ന് പറഞ്ഞതുവഴി മർത്താ ചെയ്ത ശുശ്രൂഷകൾ ആവശ്യമില്ലാത്തതാണ് എന്നല്ല യേശു അർത്ഥമാക്കിയത്. നമ്മുടെ പ്രവർത്തികൾകൊണ്ടുകൂടി ദൈവത്തെ ശുശ്രൂഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ ആ പ്രവൃത്തികൾക്ക് പിന്നിലുള്ള ദുരുദ്ദേശത്തെയാണ് ഈശോ കുറ്റപ്പെടുത്തുന്നത്. അഹങ്കാരവും മറ്റ് ദുർചിന്തകളുമില്ലാതെ ദൈവത്തെ നമ്മിലേക്കും സ്വാഗതം ചെയ്യുവാനും ശുശ്രൂഷിക്കുവാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവേ, അങ്ങയുടെ സാമീപ്യം എനിക്ക് ആനന്ദവും ജീവനും പ്രദാനം ചെയ്യുന്നതാണ്. ഉത്കണ്ഠയിൽ നിന്നും അസ്വസ്ഥതയിൽ നിന്നും എന്നെ മോചിപ്പിച്ച്, പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുവാനും ആരാധിക്കുവാനുമുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ എനിക്കും തരേണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്