മുൻവിധികളില്ലാതെ സഹിഷ്ണുതയോടെ വർത്തിക്കുക

"തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറുസലേമിലേക്ക് പോകാൻ ഉറച്ചു. അവൻ തനിക്കുമുന്പേ ഏതാനും ദൂതന്മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അവർ സമരിയാക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. അവൻ ജറുസലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവർ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോൾ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: സ്വർഗ്ഗത്തിൽനിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയട്ടെയോ? അവൻ തിരിഞ്ഞ് അവരെ ശാസിച്ചു. അവർ മറ്റൊരു ഗ്രാമത്തിലേക്കു പോയി." (ലൂക്കാ 9:51-56)

വിചിന്തനം 
വിശുദ്ധ യോഹന്നാൻ ദൈവത്തെ എത്രമാത്രം അടുത്തറിഞ്ഞ ഒരു വ്യക്തിയാണെന്നത് അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ വ്യക്തമാണ്. ദൈവം സ്നേഹമാണെന്നും, സഹോദരനെ സ്നേഹിക്കാത്തവൻ കൊലപാതകിയാണെന്നും പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ യേശുവിന്റെ പ്രിയശിഷ്യൻ നമ്മെ ഉത്ബോധിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തനായ യോഹന്നാനെയാണ് നാം കണ്ടുമുട്ടുന്നത്. 

യഹൂദരും സമരിയാക്കാരുമായുള്ള ശത്രുതക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. പരസ്പരമുള്ള കൂടിക്കാഴ്ചകൾ പലപ്പോഴും കൈയ്യാങ്കളിയിലാണ് അവസാനിച്ചിരുന്നത്. ജറുസലെമിലേക്ക് ആരാധനക്കായി യാത്ര ചെയ്തിരുന്ന യഹൂദരുടെ ഏറ്റവും വലിയ പേടിസ്വപ്നങ്ങളിൽ ഒന്നായിരുന്നു സമരിയാക്കാരുള്ള പ്രദേശത്തോടുകൂടിയുള്ള യാത്ര. അതുകൊണ്ടുതന്നെ യേശുവിന്റെ പ്രവൃത്തി തീർച്ചയായും അന്നത്തെ ആ സാമൂഹിക കാഴ്ചപ്പാടിൽ സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നായിരുന്നു. സമരിയാക്കാരുടെ പ്രദേശങ്ങളെ ഒഴിവാക്കി യാത്ര ചെയ്യാൻ ഈശോ തുനിഞ്ഞില്ലെന്നു മാത്രമല്ല, അവരുടെ ഒരു ഗ്രാമത്തിൽ യാത്രാമധ്യേ അതിഥിയാകുവാനും അവൻ ആഗ്രഹിച്ചു. എന്നാൽ, ആ ഗ്രാമത്തിലുള്ളവർ പതിവുപോലെ യഹൂദനായ യേശുവിനെ സ്വാഗതം ചെയ്യാൻ വിസമ്മതിച്ചു. ഈ അവസരത്തിലാണ് യോഹന്നാനും യാക്കോബും ആ ഗ്രാമത്തിലുള്ളവർക്ക് എതിരേ രോഷം കൊണ്ടത്‌. തങ്ങളുടെ ഗുരുവിനേറ്റ നിന്ദനം അവരുടെ അഭിമാനത്തിനും ക്ഷതമേൽപ്പിച്ചു. അതിനു പകരമായി അവരെ ശപിക്കാനാണ്‌ ക്രിസ്തുവിന്റെ ശിഷ്യർ തുനിഞ്ഞത്. ഈയൊരവസ്ഥ നമ്മുടെ ജീവിതത്തിലും ധാരാളമായി ഉണ്ടാകുന്ന ഒന്നാണ്. നമ്മുടെ നല്ല ഉദ്ദേശങ്ങളും പ്രവർത്തികളും തെറ്റിധരിക്കപ്പെടുന്പോഴും തിരസ്കരിക്കപ്പെടുന്പോഴും പ്രതികാരചിന്ത നമ്മിലും ഉടലെടുക്കാറുണ്ട്. എന്നാൽ ഈശോയാകട്ടെ തന്റെ ശിഷ്യരുടെ കോപത്തെപ്രതി അവരെ വഴക്ക് പറയുകയാണ്‌ ചെയ്തത്. ഇതിലൂടെ നമ്മുടെ നല്ല പ്രവർത്തികൾ തിരസ്കരിക്കപ്പെടുന്ന വേളകളിൽ എങ്ങിനെ പ്രതികരിക്കണം എന്ന് യേശു നമ്മെ പഠിപ്പിക്കുകകൂടി ആണ്. 

ശിഷ്യന്മാരിലെ രണ്ടു ദുസ്വഭാവങ്ങളെയാണ് യേശു ശാസിക്കുന്നത്: ഒന്നാമതായി, തങ്ങൾ തിരസ്കരിക്കപ്പെടും എന്ന മുൻവിധിയോടെയാണ് ശിഷ്യന്മാർ സമരിയാക്കാരുടെ ഗ്രാമത്തിൽ പ്രവേശിച്ചത്‌. പരാജയപ്പെടും എന്ന മുൻവിധിയോടെ ഒരിക്കലും ദൈവരാജ്യ ശുശ്രൂഷ ചെയ്യുവാൻ ആർക്കും സാധിക്കുകയില്ല. ദൈവത്തിൽ പ്രത്യാശ അർപ്പിച്ചു അവിടുന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾ പ്രവർത്തിക്കാനോരുങ്ങുന്ന വ്യക്തികൾ, ആ പ്രവൃത്തിയുടെ ജയപരാജയങ്ങളെക്കുറിച്ച് ആകുലരാകേണ്ട കാര്യമില്ല. ആ പ്രവർത്തിയിലൂടെ ദൈവം എന്താണ് ഉദ്ദേശിക്കുന്നത് എന്നത് മിക്ക അവസരങ്ങളിലും നമുക്ക് ഗ്രഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. രണ്ടാമതായി, വളരെ ക്രൂരമായ ഒരു ശിക്ഷ സമരിയാക്കാരുടെമേൽ വരണമെന്ന് ആഗ്രഹിച്ചതുവഴി, ഗുരു നിന്ദിക്കപ്പെട്ടു എന്നതിലുമുപരിയായി, യഹൂദരായ ശിഷ്യർക്ക്  ശത്രുക്കളായ സമരിയാക്കാരോടുള്ള വെറുപ്പും അസഹിഷ്ണുതയുമാണ് വെളിച്ചത്തു വന്നത്. സുഹൃത്തുക്കളോട് മാത്രം സ്നേഹത്തോടെ പെരുമാറുന്നതല്ല ഈശോ പഠിപ്പിക്കുന്ന സ്നേഹം, ശത്രുക്കളെയും മിത്രമായി കാണുന്നവരാണ് യഥാർത്ഥ ക്രിസ്തുശിഷ്യർ. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുവാൻ നമുക്ക് ആദ്യം വേണ്ടത് അവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ ഉൾകൊള്ളാനുള്ള സഹിഷ്ണുതാ മനോഭാവമാണ്. നമ്മൾ ശത്രുവിനെ സ്നേഹിച്ചതുകൊണ്ട്‌ മാത്രം ആ വ്യക്തിയുടെ നമ്മോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരണമെന്ന് യാതൊരു നിർബന്ധവുമില്ല. നമ്മുടെ നല്ല സമീപനത്തിന് തെല്ലും വിലകൽപ്പിക്കാതെ അയാൾ നമ്മോടുള്ള ശത്രുതയിൽ തന്നെ തുടർന്നേക്കാം. അത് സഹിച്ച് പിന്നെയും ആ വ്യക്തിയോട് സ്നേഹത്തിൽത്തന്നെ പെരുമാറണം എന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്. അത് പാലിക്കുന്ന ഒരാൾക്കും എതിർ പക്ഷത്തുനിന്നും തിരിച്ചടികളുണ്ടാകുന്പോൾ പ്രതികാരാത്മകമായി ചിന്തിക്കുവാണോ പ്രവർത്തിക്കുവാനോ സാധിക്കുകയില്ല. 

ദൈവം വിളിക്കുന്ന ഓരോ വ്യക്തിക്കും മുൻവിധികളില്ലാതെ സഹിഷ്ണുതയോടെ പ്രവർത്തിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ ധാരാളമായി ലഭിക്കുന്നുണ്ട്. യേശുക്രിസ്തുവിൽ വിശ്വാസം വയ്ക്കുന്നവർ തന്റെ വ്യക്തിഗതമായ മനോഭാവങ്ങളെ ത്യജിച്ച് ദൈവഹിതത്തിനു പരിപൂർണ്ണമായി സമർപ്പിക്കാൻ തയ്യാറാവണം. ദൈവം ഏൽപ്പിക്കുന്ന പ്രവർത്തനങ്ങളിലെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് ദൈവം തന്നെയാണെന്ന് മനസ്സിലാക്കണം. ഈയൊരു വിശ്വാസത്തിൽ ഒട്ടേറെക്കാലം ജീവിച്ചപ്പോഴാണ് യോഹന്നാന് ദൈവം സ്നേഹമാണെന്നും, സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണെന്നുമുള്ള ബോധ്യം ലഭിച്ചത്. ദൈവത്തെയും സഹോദരനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ദൈവാത്മാവിന്റെ അഭിഷേകത്തിനായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, എന്റെ ചിന്തകളെയും വിചാരങ്ങളെയും എന്നെ മുഴുവനായും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്നെ അങ്ങ് ഏറ്റെടുക്കണമേ. വെറുപ്പും വിദ്വേഷവും ഉപേക്ഷിച്ച്, അങ്ങയെയും അങ്ങയുടെ സൃഷ്ടികളേയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും സ്നേഹിക്കുവാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്