ഭയത്തിൽ നിന്നും മോചനമേകുന്ന ദൈവഭയം

"ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ശിഷ്യൻ ഗുരുവിനെപ്പോലെയും ഭൃത്യൻ യജമാനനെപ്പോലെയും ആയാൽ മതി. ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്ന് വിളിച്ചെങ്കിൽ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല! നിങ്ങൾ അവരെ ഭയപ്പെടേണ്ടാ. എന്തെന്നാൽ മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഡമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തിൽ നിങ്ങളോടു ഞാൻ പറയുന്നവ പ്രകാശത്തിൽ പറയുവിൻ; ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു ഘോഷിക്കുവിൻ. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട. മറിച്ചു, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുന്പിൽ ഞാനും ഏറ്റു പറയും. മനുഷ്യരുടെ മുന്പിൽ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുന്പിൽ ഞാനും തള്ളിപ്പറയും." (മത്തായി 10:24-33)

വിചിന്തനം 
നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഒട്ടേറെ പരിചിതമായ ഒരവസ്ഥയാണ് ഭയത്തിന്റെത്. നമ്മുടെ ഒട്ടേറെ സ്വഭാവങ്ങളുടെയും പ്രവൃത്തികളുടെയും ഒക്കെ രൂപീകൃതമായിരിക്കുന്നത് പലവിധത്തിലുള്ള ഭയങ്ങളെ അടിസ്ഥാനമാക്കിയാണ്. നാമെന്തിനെയൊക്കെയാണ് ഭയപ്പെടുന്നത്? 

നമ്മിൽ സാധാരണ രീതിയിൽ ഭയമുണ്ടാകുന്നത് നമ്മുടെ ജീവനോ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെയും പ്രിയപ്പെട്ടവയുടെയും സുരക്ഷയ്ക്ക് ഉണ്ടായേക്കാവുന്ന ഭീഷണികളെപ്പറ്റി ചിന്തിക്കുന്പോഴാണ്. എന്നാൽ ഇത്തരത്തിലുള്ള ഭയത്തിൽ യാതൊരു കഴന്പുമില്ലെന്നാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമ്മെ ഉദ്ബോധിപ്പിക്കുന്നത്‌. നമ്മെ ശാരീരികമായി ഹനിക്കുകയോ കൊല്ലുക പോലും ചെയ്യുന്നവരെ നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് വചനം പഠിപ്പിക്കുന്നത്. "കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?" (സങ്കീർത്തനം 118:6).  നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ദൈവം ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുന്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മിലെല്ലാവരിലും ഉണ്ട്. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. "കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല" (സങ്കീർത്തനം 34:9).

 എന്താണ് ദൈവഭയം? തെറ്റുചെയ്താൽ ശിക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നും ഉളവാകുന്ന പേടിയല്ല ദൈവഭയം. സ്നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും, കരുണയോടെ പരിപാലിക്കുകയും, സദാ കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ് ദൈവഭയം. ഈ ഭയം ഇല്ലാതാകുന്പോഴാണ് നമ്മൾ ഭയക്കേണ്ടത് - ദൈവഭയം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തി പാപം ചെയ്ത് തന്റെ ആത്മാവിനെത്തന്നെ നഷ്ടപ്പെടുത്തുന്നു. എന്നാൽ ദൈവഭയം നമ്മെ ആത്മീയ വളർച്ചയിലേക്കും വിവേകത്തിലേക്കും ദൈവഹിതമനുസരിച്ചു തീരുമാനങ്ങളെടുക്കാനുള്ള കഴിവിലേക്കും നയിക്കുന്നു.  

ദൈവത്തിന്റെ വചനം പാലിച്ചു അതേറ്റുപറഞ്ഞു ജീവിക്കുന്നവർക്കു  ലോകത്തിന്റെ വഴികളിൽ സഞ്ചരിക്കുന്നവരിൽനിന്നും എതിർപ്പും വിദ്വേഷവും ലഭിക്കും എന്നാണു ഈശോ ഓർമിപ്പിക്കുന്നത്‌. ഈശോയെ കുരിശിൽ തറച്ച ലോകം അവിടുത്തെ ശിഷ്യരെ ക്രൂശിക്കുവാനും ഒട്ടും മടിക്കുകയില്ല. എന്നാൽ ലോകത്തെ ഭയന്ന് തന്നെ ഏറ്റുപറയാൻ വിസമ്മതിക്കുന്നവരെ ഈശോയും തള്ളിപ്പറയുമെന്നാണ് അവിടുന്ന് നമുക്ക് മുന്നറിയിപ്പു തരുന്നത്. നമ്മിലെ ദൈവഭയത്തെ മറികടക്കാൻ ലോകഭയത്തെ നാം അനുവദിക്കാറുണ്ടോ? ചുറ്റുമുള്ളവരെ ഭയക്കാതെ ദൈവം നമ്മുടെ ചെവിയിൽ മന്ത്രിച്ചത് ഉറക്കെ വിളിച്ചുപറഞ്ഞു അവിടുത്തെ മഹത്വപ്പെടുത്താൻ നമുക്ക് സാധിക്കുന്നുണ്ടോ? ദൈവഭയം ദാനമായിതന്നു ലൌകീകതയോടുള്ള ഭയത്തെ അകറ്റുന്ന പരിശുദ്ധാത്മാവിന്റെ നിറവിനായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയുടെ ശിഷ്യനാകുക എന്നത് ഒട്ടേറെ സന്തോഷദായകമായ ഒരു അനുഗ്രഹമാണ്. അങ്ങയെ പ്രതി തിരിച്ചടികളുണ്ടാകുന്പോൾ അവയെ അതിജീവിക്കുവാനുള്ള ധൈര്യവും കരുത്തും അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്കും നല്കേണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്