ഭിന്നിപ്പിക്കുന്ന സ്നേഹം

"ഭൂമിയിൽ സമാധാനമാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാൽ, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ്‌ ഞാൻ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തിൽപെട്ടവർ തന്നെയായിരിക്കും  ഒരുവന്റെ ശത്രുക്കൾ. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല. സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും." (മത്തായി 10:34-39)

വിചിന്തനം 
ശാന്തശീലനും സമാധാനപ്രേമിയുമായ യേശുക്രിസ്തു ഭൂമിയിലേക്ക്‌ വന്നത് പാപത്തിൽ പൂണ്ടുകിടന്നിരുന്ന മനുഷ്യവർഗ്ഗത്തെ പിതാവായ ദൈവവുമായി സ്നേഹത്തിൽ അനുരൻജിപ്പിക്കുന്നതിനാണ്. സ്നേഹത്തിന്റെ കല്പനയുമായി ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ എന്നാൽ ഇന്നത്തെ വചനഭാഗത്തിൽ തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് നല്കുന്നത്. എന്തുകൊണ്ടാണ് ഈശോ തന്റെ ആഗമനം മനുഷ്യബന്ധങ്ങളിൽ വഴക്കും ഭിന്നതയും ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്? 

പിതാവായ ദൈവത്തിന്റെ സ്നേഹമാണ് പുത്രനായ ഈശോ തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് വെളിപ്പെടുത്തി തരുന്നത്. ഈ വെളിപാട് ലഭിച്ച ഏതൊരു വ്യക്തിയും ഒരു തിരഞ്ഞെടുക്കൽ പ്രക്രിയക്ക് നിർബന്ധിതനാകുന്നുണ്ട് - അവർ തങ്ങളുടെ ജീവിതത്തിൽ ആർക്കാണ് പ്രഥമ സ്ഥാനം നൽകുന്നതെന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ നിർബന്ധിതരാകുന്നു. സാധാരണരീതിയിൽ ഒരു വ്യക്തി ഏറ്റവുമധികം സ്നേഹിക്കുന്നത്, ബാല്യത്തിൽ മാതാപിതാക്കളെയും, പ്രായപൂർത്തിയാകുന്പോൾ ജീവിതപങ്കാളിയെയും, വാർദ്ധക്യത്തിൽ മക്കളെയും കൊച്ചുമക്കളെയും ഒക്കെ ആണ്. ഇതറിയാവുന്ന മാതാപിതാക്കളും ജീവിതപങ്കാളിയും മക്കളുമൊക്കെ ആ വ്യക്തിയിൽനിന്ന് മറ്റെല്ലാറ്റിലും ഉപരിയായ സ്നേഹം ആഗ്രഹിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങളിലെ തീവ്രത, കൊടുക്കുന്ന സ്നേഹത്തെക്കാളുപരിയായി, ലഭിക്കുന്ന സ്നേഹത്തിന്റെ അളവനുസരിച്ചാകുന്പോൾ, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം എന്ന യേശുവിന്റെ പ്രബോധനം വിവാദാസ്പദമായി മാറുന്നു. 

യേശുവിന്റെ കല്പനകളനുസരിച്ചു ജീവിക്കാൻ ഒരു വ്യക്തി തീരുമാനിക്കുന്പോൾ അയാൾ പക്ഷം പിടിക്കാൻ നിർബന്ധിതനാകുന്നു. ഒന്നുകിൽ എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിച്ച് സ്വർഗ്ഗരാജ്യത്തിന്റെ പക്ഷം ചേരണം, അല്ലെങ്കിൽ ലൗകീകതയെ സ്നേഹിച്ച് അന്ധകാരശക്തികളുടെ ഭാഗം ചേരണം. ഈ രണ്ടുപക്ഷത്തെയും ഒരേ സമയം പ്രീണിപ്പിക്കാൻ സാധിക്കുന്ന മൂന്നാമതൊരു ഹിതം ഇല്ല. ദൈവത്തിനു പ്രഥമസ്ഥാനം നൽകാത്ത സ്നേഹബന്ധങ്ങളെല്ലാം വിഗ്രഹങ്ങളെ സൃഷ്ടിച്ചു അവയെ ആരാധിക്കാൻ മാത്രമേ നമുക്ക്  ഉപയുക്തമാകുകയുള്ളൂ. ദൈവത്തിനു ജീവിതത്തിൽ അഗ്രസ്ഥാനം നൽകി, നമ്മുടെ ജീവിതത്തിലെ മറ്റെല്ലാം ദൈവീകദാനമാണെന്നു തിരിച്ചറിഞ്ഞ്, അവയെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ മഹത്വപ്പെടുതുവാൻ ശ്രമിക്കുന്പോൾ മാത്രമാണ് നമ്മൾ ക്രിസ്തുശിഷ്യരാകുന്നത്. അളവുകോലിന്റെ അഭാവത്തിലും വ്യക്തിബന്ധങ്ങളിലെ സ്നേഹത്തിന്റെ ആഴം അളക്കുന്നവർക്ക് അംഗീകരിക്കാനാവുന്ന ഒന്നല്ല സ്നേഹത്തിൽ രണ്ടാംതരമായിപ്പോയെന്ന വ്യർത്ഥചിന്ത. സ്നേഹം അവകാശമായി കരുതി ചോദിച്ചുവാങ്ങുന്ന ഇത്തരക്കാർ തീർച്ചയായും തങ്ങളുടെ അവകാശത്തെ സംരക്ഷിക്കുന്നതിനായി സ്വർഗ്ഗത്തിനെതിരായി വാളെടുക്കും. 

വഴക്കും ഭിന്നതയും ഭയന്ന്, ഈലോകജീവിതത്തിൽ ലൗകീകമായ സമാധാനം ആഗ്രഹിച്ചു ലോകത്തിന്റെ വഴിയിലൂടെ ജീവിതം കെട്ടിപ്പടുക്കുന്നവർ നിത്യജീവൻ നഷ്ടപ്പെടുത്തും. എന്നാൽ, "അല്പകാലത്തേക്ക് വിവിധ പരീക്ഷകൾ നിമിത്തം നിങ്ങൾക്കു വ്യസനിക്കേണ്ടി വന്നാലും അതിൽ ആനന്ദിക്കുവിൻ. കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം...അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു" (1 പത്രോസ് 1:6,7,9). നമ്മുടെ ജീവിതത്തിൽ നാം ഒട്ടേറെ പ്രാധാന്യം നൽകുന്ന സ്നേഹബന്ധങ്ങൾക്കുപരിയായി ദൈവത്തെ സ്നേഹിക്കാൻ നമുക്കാവുന്നുണ്ടോ? ദൈവം നമ്മോടാവശ്യപ്പെടുന്ന ഒട്ടേറെ കാര്യങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരുടെ ഹിതത്തിനെതിരായിരിക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ മറ്റുള്ളവരുടെ താല്പര്യങ്ങളെ അവഗണിച്ച് ദൈവഹിതം പ്രാവൃത്തികമാക്കാൻ നമുക്കാവുന്നുണ്ടോ? 

കർത്താവായ ദൈവമേ, അങ്ങയെ സ്നേഹിക്കുന്നവർക്കായി അങ്ങോരുക്കിയിരിക്കുന്ന സൌഭാഗ്യങ്ങൾ ഒരു കണ്ണും കണ്ടിട്ടില്ല, ഒരു കാതും കേട്ടിട്ടില്ല, ഒരു ഹൃദയവും ഗ്രഹിച്ചിട്ടുമില്ല. എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കുവാൻ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് എന്നിലെ സ്നേഹത്തെ കത്തിജ്വലിപ്പിക്കണമേ, അതുവഴി അങ്ങേ പുത്രനായ യേശുവിലൂടെ അങ്ങ് വാഗ്ദാനം ചെയ്ത പാരിതോഷികത്തിനു ഞാൻ അർഹനാകട്ടെ. ആമേൻ. (ഒരു ക്രിസ്തീയ പ്രാർത്ഥന പുസ്തകത്തിൽനിന്നും)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്