ഭാരം കുറഞ്ഞ ചുമട്

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30)

വിചിന്തനം 
സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങിനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. സഹനങ്ങളിൽനിന്നും മോചനത്തിനായി ദൈവസന്നിധിയെ ശരണം വയ്ക്കുന്നവരോടാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ സംസാരിക്കുന്നത്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്ന ഒട്ടനവധിപേരുടെ ഒരു തെറ്റിദ്ധാരണ ദൈവം നമ്മുടെ സഹനങ്ങളെയെല്ലാം എടുത്തുമാറ്റി യാതൊരു വേദനകളും ഇല്ലാത്ത ഒരു ജീവിതം തന്നു നമ്മെ അനുഗ്രഹിക്കുമെന്നാണ്. എന്നാൽ യാതൊരു ഭാരങ്ങളുമില്ലാത്ത ഒരു ജീവിതത്തിലേക്കല്ല ഈശോ നമ്മെ വിളിക്കുന്നത്‌, വഹിക്കാനെളുപ്പമുള്ള തന്റെ നുകം എടുത്തുഅവിടുത്തോടൊപ്പം നടക്കുന്നതിനാണ്. എന്താണ് ഈശോ നമുക്ക് തരാനാഗ്രഹിക്കുന്ന നുകവും ചുമടും? 

ദൈവത്തിന്റെ നുകം എന്നതുകൊണ്ട്‌ യഹൂദർ മുതലിങ്ങോട്ടുള്ള ദൈവജനമെല്ലാം മനസ്സിലാക്കിയിരുന്നത് ദൈവഹിതത്തിനു പൂർണ്ണമായും കീഴടങ്ങുക എന്നതാണ്. നിയമങ്ങളും കല്പനകളുമൊക്കെ തെറ്റായി വ്യാഖാനിച്ച്, ദൈവത്തിന്റെ പേരിൽ യഹൂദപ്രമാണികൾ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ആയതിനാൽ യഹൂദരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ നുകം ഭാരമേറിയ ഒന്നായിരുന്നു. എന്നാൽ യേശുക്രിസ്തുവിലൂടെ ദൈവഹിതത്തിന്റെ ഒരു പുതിയ മാനമാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. ദൈവത്തിനുവേണ്ടി ഭാരം ചുമക്കേണ്ടവരല്ല മനുഷ്യരെന്നും, പാപങ്ങളിലൂടെ മനുഷ്യർക്കുണ്ടായ ക്ലേശങ്ങളും ഭാരങ്ങളും വഹിക്കുന്നവനാണ് ദൈവമെന്നും ഈശോ തന്റെ കുരിശിലൂടെ നമുക്ക് കാട്ടിത്തന്നു. യഥാർത്ഥമായ സ്നേഹം ഒരിക്കലും ആർക്കും ഭാരമാകുന്നില്ല. ജീവിതത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നമ്മെ ഒത്തിരി സ്നേഹിക്കുന്നവർക്കു വേണ്ടി ചെയ്യുന്പോൾ അതിന്റെ ഭാരം നമ്മൾ കണക്കിലെടുക്കുകയോ അതിന്റെ പേരിൽ പരാതി പറയുകയോ ചെയ്യാറില്ല. നമ്മുടെ ഭാരങ്ങൾ നമുക്കുവേണ്ടി  ചുമന്നുകൊണ്ടു നമ്മുടെ ഭാരങ്ങളെ ലഘുകരിക്കുകയാണ് ഈശോ ചെയ്യുന്നത്. അതുവഴിയായി വേദനകളും ബുദ്ധിമുട്ടുകളുമില്ലാത്ത നിത്യജീവനിലേക്ക്‌ നമ്മെ അവിടുന്ന് വിളിക്കുന്നു. അല്ലാതെ, "ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യരാണ്" (1  കോറിന്തോസ് 15:19).

എടുത്തുചാട്ടത്തിലൂടെയും അഹങ്കാരത്തിലൂടെയും നമ്മൾ ഒട്ടനവധി ഭാരങ്ങൾ നമ്മുടെ ജീവിതത്തിൽ വരുത്തിവയ്ക്കുന്നുണ്ട്. തെറ്റ് മനസ്സിലാക്കി പശ്ചാത്താപത്തോടെ ദൈവത്തെ സമീപിക്കാനായാൽ, പാപഭാരം അകറ്റി നീതിയും സമാധാനവും സന്തോഷവുമാകുന്ന സ്വർഗ്ഗരാജ്യത്തിന്റെ ലഘുവായ നുകം ഈശോ വഴിയായി ദൈവം നമുക്കെല്ലാവർക്കും നൽകുന്നുണ്ട്. ദൈവം നമുക്ക് നല്കുന്ന ഭാരങ്ങൾ ലഘുവാണ്, കാരണം അത് സ്നേഹത്തിൽ അധിഷ്ടിതമാണ്. യേശു വഴിയായി ലഭിക്കുന്ന സ്വർഗ്ഗരാജ്യത്തിന്റെ ലഘുവായ നുകംപേറാൻ തയ്യാറുള്ള ഏവരിലേക്കും ഭാരപ്പെടുത്തുന്ന പാപങ്ങളെയും കെട്ടിവരിയുന്ന ആസക്തികളെയും  മുറിവേൽപ്പിക്കുന്ന അത്യാഗ്രഹങ്ങളെയും അകറ്റി നമ്മെ വിശുധീകരിക്കുന്ന പരിശുദ്ധാത്മാവിനെ ദൈവം അയക്കുന്നുണ്ട്. സ്നേഹവും കൃപയും പാപങ്ങളിൽനിന്നു മോചനവും പ്രദാനം ചെയ്യുന്ന ലഘുവായ ഭാരം വഹിക്കാൻ നാം തയ്യാറാണോ? 

കർത്താവായ യേശുവേ, ദൈവസ്നേഹത്തെ തള്ളിക്കളഞ്ഞ് ഞാൻ എന്റെമേൽ വരുത്തിവച്ച എല്ലാ ഭാരങ്ങളെയും ഓർത്തു ഞാനങ്ങയോടു മാപ്പുചോദിക്കുന്നു. അങ്ങയുടെ സ്നേഹത്തിനു മുൻപിൽ പൂർണ്ണമായും കീഴടങ്ങുവാനും അങ്ങ് തരുന്ന ലഘുവായ നുകം സന്തോഷത്തോടെ വഹിക്കുവാനുമുള്ള കൃപയേകണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!