അനുതപിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്

"യേശു  ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിക്കാൻ തുടങ്ങി: കൊറാസീൻ നിനക്കു ദുരിതം! ബേത്സയിദാ, നിനക്കു ദുരിതം! നിന്നിൽ നടന്ന അത്ഭുതങ്ങൾ ടയീറിലും സീദോനിലും നടന്നിരുന്നെങ്കിൽ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരംപൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തിൽ ടയീറിനും സീദോനും നിങ്ങളേക്കാൾ ആശ്വാസമുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. കഫർണ്ണാമേ, നീ സ്വർഗ്ഗം വരെ ഉയർത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നിൽ സംഭവിച്ച അത്ഭുതങ്ങൾ സോദോമിൽ സംഭവിച്ചിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. ഞാൻ നിന്നോടു പറയുന്നു: വിധി ദിനത്തിൽ സോദോമിന്റെ സ്ഥിതി നിന്റെതിനേക്കാൾ സഹനീയമായിരിക്കും." (മത്തായി 11:20-24)

വിചിന്തനം 
ടയീറും സീദോനും വളരെ പുരാതനകാലം മുതൽ നിലവിലുള്ള ഫിനീഷ്യൻ നഗരങ്ങളായിരുന്നു. ഉൽപത്തി പുസ്തകം 10:15 ൽ സീദോനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്നത്തെ ലെബനോനിൽ സ്ഥിതി ചെയ്തിരുന്ന ഈ രണ്ടു നഗരങ്ങളും വ്യാപാരത്തിലൂടെ ഒട്ടേറെ ധനം സമാഹരിച്ചവയായിരുന്നു. എസെക്കിയേൽ പ്രവാചകനിലൂടെയാണ് ദൈവം ടയീറിനും സീദോനു മെതിരെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. എസെക്കിയേൽ 26, 27, 28 അദ്ധ്യായങ്ങളിലൂടെ ഈ രണ്ടുനഗരങ്ങൾ ഇസ്രായേലിന്റെ തകർച്ചയുടെ സമയത്ത് അവളെ എങ്ങിനെയാണ് നിന്ദിച്ചതെന്നും, അതുമൂലം കർത്താവിന്റെ കോപത്തിന് അവരെങ്ങിനെ പാത്രമായെന്നും വിവരിക്കുന്നുണ്ട്. സമൃദ്ധിയുടെ നടുവിൽ അഹങ്കാരത്തള്ളൽക്കൊണ്ടു സ്വയം ദൈവമായി ചമഞ്ഞ ടയീർ രാജാവും ദൈവകോപം അവരുടെമേൽ പതിക്കുന്നതിനു ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. ഇതുപോലെത്തന്നെ ഉൽപത്തി പുസ്തകം അദ്ധ്യായം 19ൽ സോദോമിന്റെ പാപങ്ങൾ വിവരിച്ചു പറയുന്നുണ്ട്. ഗുരുതരമായ പാപത്തിനു അടിമയായ സോദോം പട്ടണം ആകാശത്തിൽനിന്നു അഗ്നിയും ഗന്ധകവും ഇറങ്ങി നാമാവശേഷമായി. ഈ മൂന്നു നഗരങ്ങളുടെ മേലുണ്ടായ വിധിയെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ഈശോ കോറാസീനെയും  ബെത് സയിദായെയും കഫർണ്ണാമിനെയും ശാസിക്കുന്നത്. എന്തു തെറ്റാണ് ഈ മൂന്നു നഗരവാസികൾ ചെയ്തത്? 

തന്റെ പൊതുജീവിതത്തിന്റെ നല്ലൊരു ഭാഗവും ജറുസലെമിനു വെളിയിൽ ചിലവഴിച്ച യേശു, കോറാസീനിലും  ബെത് സയിദായിലും കഫർണ്ണാമിലും ധാരാളം അത്ഭുതപ്രവർത്തികൾ ചെയ്തു എന്ന് അവിടുത്തെ വാക്കുകളിൽനിന്നു തന്നെ വ്യക്തമാണ്. എന്നാൽ ആ പട്ടണവാസികൾ ദൈവവചനം ശ്രവിച്ചിട്ടും യേശുവിന്റെ പ്രവർത്തനങ്ങളെല്ലാം കണ്ടിട്ടും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിങ്കലേക്കു തിരിയാൻ കൂട്ടാക്കിയില്ല. ഇക്കാരണത്താൽ അവർ മൂന്നു പഴയനിയമ നഗരങ്ങളെക്കാൾ ദുരിതങ്ങൾക്ക് ഇരയായി തീരും എന്നാണ് ഈശോ താക്കീത് നൽകുന്നത്. ഈ താക്കീതിനെ ഒരിക്കലും ഒരു ശാപമായി തെറ്റിദ്ധരിക്കരുത്. ദൈവവചനം തിരസ്കരിച്ച് പാപത്തിന്റെ നൈമിഷികസുഖങ്ങളിൽ ജീവിക്കുന്നവർ, അവരുടെതന്നെ പ്രവൃത്തികളുടെ ഫലമായിട്ടാണ് ദുരിതങ്ങൾ അനുഭവിക്കുന്നത്. കണ്ണുണ്ടായിട്ടും കാണുകയോ കാതുണ്ടായിട്ടും കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ ചെയ്യാത്ത തന്റെ ജനത്തിന്, ദൈവകൃപയെ തിരസ്കരിക്കുന്നതുമൂലമുള്ള വിപത്തിനെക്കുറിച്ച് മുന്നറിയിപ്പു നൽകുക മാത്രമാണ് കരുണാമയനായ ദൈവം. ദൈവവചനം കേട്ടിട്ടും അവിടുത്തെ അത്ഭുതപ്രവർത്തികൾ കണ്ടിട്ടും അവിടുത്തെക്കായി ഹൃദയം അഭിലഷിച്ചിട്ടും ലൌകീകസുഖങ്ങളെ വെറുത്തുപേക്ഷിക്കാൻ മടി കാട്ടിയ കോറാസീൻ, ബെത് സയിദാ, കഫർണ്ണം പട്ടണവാസികളാകാറില്ലേ നാമും ഇടയ്ക്കൊക്കെ? 

"അവിടുന്ന് തന്റെ വചനം അയച്ച്‌ അവരെ സൌഖ്യമാക്കി; വിനാശത്തിൽനിന്നു വിടുവിച്ചു" (സങ്കീർത്തനം 107:20). ഇന്നത്തെ ലോകത്തിൽ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് തന്റെ വചനത്തിലൂടെയാണ്. എന്നാൽ ദൈവചനത്തോട്‌ വിശ്വാസികളുടെ ഇടയിൽപോലും ഇന്ന് ഒരുതരം നിസ്സംഗതാ മനോഭാവമാണ്. കേവലം ഒരു കഥാപുസ്തകം പോലെ വിശുദ്ധ ഗ്രന്ഥത്തെ കണക്കാക്കുന്ന വ്യക്തികളാവരുത് നമ്മൾ. നമ്മെ ദുരിതങ്ങളിൽനിന്നു മോചിപ്പിക്കാനും പുതുജീവൻ പ്രദാനം ചെയ്യാനുംകഴിവുള്ള ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച് അധരം കൊണ്ട് ഏറ്റുപറയാൻ നമുക്കാവണം. അതിനു തടസ്സമായി നമ്മിലുള്ള പാപത്തിന്റെയും സംശയത്തിന്റെയും ലജ്ജയുടെയും ഭയത്തിന്റെയും കെട്ടുകളഴിക്കാൻ ദൈവാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം. 

അത്യുന്നതനും മഹത്വപൂർണ്ണനുമായ ദൈവമേ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലൂടെ ശരിയായ വിശ്വാസവും ഉറപ്പുള്ള പ്രത്യാശയും പൂർണ്ണമായ സ്നേഹവും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ. പ്രകാശദായകനായ  പരിശുദ്ധാത്മാവേ, എന്റെ മനസ്സിലെ അന്ധകാരമകറ്റി സൗഖ്യദായകമായ വചനത്താൽനിറയ്ക്കണമേ. വചനത്തിന്റെ അമ്മയായ പരിശുദ്ധ കന്യാമറിയമേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്