നിലത്തുവീണഴിയുന്ന ഗോതന്പുമണികൾ

"തിരുനാളിൽ ആരാധിക്കാൻ വന്നവരിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. ഇവർ ഗലീലിയിലെ ബെത് സയിദായിൽ നിന്നുള്ള പീലിപ്പോസിന്റെ അടുക്കൽ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു. പീലിപ്പോസ് പോയി അന്ത്രയോസിനോട് പറഞ്ഞു. അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു. യേശു പറഞ്ഞു: മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും." (യോഹന്നാൻ 12: 20-24)

വിചിന്തനം 
പുരാതന ഗ്രീക്കുകാർ ഒട്ടേറെ യാത്ര ചെയ്യാൻ താല്പര്യം കാണിച്ചിരുന്നവരും പുതിയവ കണ്ടെത്തി അവ വെളിച്ചത്തു കൊണ്ടുവരുന്നതിൽ ഉത്സുകരുമായിരുന്നു. അതുകൊണ്ടുതന്നെ യഹൂദരുമായി ശത്രുതയിലായിരുന്നിട്ടുപോലും യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞ കുറെ ഗ്രീക്കുകാർക്ക് അവനേക്കുറിച്ചു കൂടുതൽ അറിയണമെന്ന ആഗ്രഹമുണ്ടായി. അതറിയിച്ചുകൊണ്ട് യേശുവിന്റെ അടുത്തെത്തിയ പീലിപ്പോസിനും അന്ത്രയോസിനും ഒരു ഉപമയാണ് പ്രതികരണമായി ലഭിച്ചത്. തന്റെ രക്ഷാകരസന്ദേശം ലോകമെന്പാടും അറിയപ്പെടേണ്ട സമയം സമീപിച്ചിരിക്കുന്നു എന്ന് ഗ്രീക്കുകാരുടെ ആഗമനത്തിലൂടെ യേശുവിനു ബോദ്ധ്യമായി. എന്നാൽ അപ്പോഴത്തെ അവസ്ഥയിൽ യേശു ലോകം മുഴുവനിലും അറിയപ്പെട്ടാൽ അത് കേവലം അവിടുന്ന് പ്രവർത്തിച്ച അത്ഭുതങ്ങളുടെ ബലത്തിൽ മാത്രമായിരിക്കുമെന്ന് അവിടുത്തേക്കറിയാമായിരുന്നു. അതുകൊണ്ടാണ് താൻ മഹത്വപ്പെടേണ്ട സമയം ആയിരിക്കുന്നുവെന്നു യേശു പറഞ്ഞത്. ദൈവത്തിന്റെ മഹത്വം ഭൂമിയിൽ ഏറ്റവും അധികം വെളിപ്പെട്ടത് കാൽവരിമലയിലെ കുരിശിലൂടെയാണ്. 

യേശു തന്റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും ഒരു ഗോതന്പുമണി മണ്ണിൽ വീണ് അഴുകി ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതന്പു ചെടിയായി രൂപം പ്രാപിക്കുന്നതിനോടാണ് ഉപമിക്കുന്നത്. യേശുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും ഫലമായി ലഭിച്ച പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോഴാണ് അതുവരെ ഭയചകിതരായിരുന്ന ശിഷ്യന്മാർ ലോകമെന്പാടും സുവിശേഷം എത്തിക്കുന്നതിനായി യാത്രയായത്. അവർ അഴുകിവീണപ്പോൾ അവരിൽനിന്നും രൂപം എടുത്ത ഒട്ടനേകം പ്രേക്ഷിതരിലൂടെയാണ് ഇന്ന് ലോകത്തിലങ്ങോളമിങ്ങോളം ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നത്. അന്ന് ഗ്രീക്കുകാർ യേശുവിനെ തേടി ശിഷ്യരുടെ അടുത്ത് ചെന്നതുപോലെ ഇന്നു നമ്മെയും ഒട്ടേറെപ്പേർ സമീപിക്കുന്നുണ്ട്. എന്നാൽ യേശു എവിടെയാണെന്നറിഞ്ഞ് അവിടുത്തെ അന്വേഷിക്കുന്നവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നമുക്കാവുന്നുണ്ടോ? 

യേശുവിൽ ഒരു നവജീവിതാനുഭവം ലഭിക്കുന്പോൾ മാത്രമേ നമുക്ക് മറ്റുള്ളവരെ യേശുവിലേക്ക് ആനയിക്കാനാവുകയുള്ളൂ. ഒരു ഗോതന്പുമണി അഴുകുന്നതിനു ഏറ്റവും  വലിയ തടസ്സം അതിന്റെ പരുക്കനായ പുറംതോട് തന്നെയാണ്. ഇതുപോലെത്തന്നെ, വെറുപ്പും വിദ്വേഷവും അഹങ്കാരവും പാപാസക്തികളും നിറഞ്ഞ ഒരു പുറംതോട് നമുക്കെല്ലാവർക്കുമുണ്ട്‌. ഈ പുറന്തോടിനുള്ളിൽ നിർജ്ജീവമായി കഴിയുന്ന നമ്മെ അതു പൊട്ടിച്ചു മണ്ണിലഴിയാൻ  പ്രാപ്തമാക്കുന്നത് പരിശുദ്ധാത്മാവാണ്. പലപ്പോഴും ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപമാനങ്ങളും വേദനകളുമൊക്കെ ഈ പുറംതോട് പൊട്ടിക്കുന്നതിനു ഉപയുക്തമായി ഭവിക്കാറുണ്ട്. "അവമാനത്തിൽ വിതയ്ക്കപ്പെടുന്നു; മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു. ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു." (1 കോറിന്തോസ് 15:43) എന്ന് പൗലോസ്‌ അപ്പസ്തോലനും നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവാത്മാവാൽ നിറഞ്ഞു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതന്പുചെടിയായി ഉയിർത്തെണീക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ ദൈവമേ, അങ്ങെവിടെയാണെന്നും എങ്ങിനെ അങ്ങയുടെ അടുത്തെത്താമെന്നും എന്റെ ഹൃദയത്തെ പഠിപ്പിക്കണമേ. എനിക്ക് ജീവനും പുനർജീവനും നൽകുന്നത് അങ്ങാണ്. എന്നിലുള്ള എല്ലാ നന്മയും അങ്ങിൽ നിന്നാണ്. എങ്കിലും ഇപ്പോഴും ഞാൻ അങ്ങയെ ശരിയായി അറിയുന്നില്ല. അതിനാൽത്തന്നെ, അങ്ങെന്തിനു എന്നെ സൃഷ്ടിച്ചുവോ അത് പ്രാവർത്തികമാക്കാൻ എനിക്കിനിയും സാധിച്ചിട്ടില്ല. അങ്ങയെ അന്വേഷിക്കുവാൻ എന്നെ ശീലിപ്പിക്കണമേ. അങ്ങയെ നേടാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയെ കണ്ടെത്തുവാൻ എന്നെ അനുവദിക്കണമേ. ആമേൻ. (  വി. ആൻസെമിന്റെ  പ്രാർത്ഥന - Prayer of St. Anselm)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്