ലോകത്തെ വെറുക്കുന്നവനാണോ യഥാർത്ഥ ക്രിസ്ത്യാനി?
"തന്റെ ജീവനെ സ്നേഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തുന്നു; ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും" (യോഹന്നാൻ 12:25-26)
വിചിന്തനം
യേശു പല അവസരങ്ങളിലായി ആവർത്തിച്ചു നൽകുന്ന ഒരു സന്ദേശമാണ് ഈ ലോകജീവിതത്തെ വെറുക്കുക എന്നത്. ഇന്നത്തെ വചനഭാഗത്തിലൂടെ അവിടുന്ന് തന്റെ ശിഷ്യരോട് പറയുന്നത്, ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവനാണ് നിത്യജീവൻ നേടുന്നത് എന്നാണ്. ഈ വചനം പലപ്പോഴും ഒട്ടേറെപ്പേരിൽ പലവിധത്തിലുള്ള ആശയകുഴപ്പത്തിനും കാരണമായിട്ടുണ്ട്. സ്വയം വെറുക്കുന്നതിന്റെ ഭാഗമായി സ്വന്തം ശരീരത്തെയും ജീവനെയും പലരീതിയിലും പീഡിപ്പിക്കുകയും അതികഠിനമായ പരിഹാരക്രിയകൾക്കു വിധേയമാക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, സ്വയം വെറുത്തും ചുറ്റുമുള്ള എല്ലാറ്റിനേയും ദ്വേഷിച്ചും ഈ ലോകത്തിൽ നമ്മൾ ജീവിക്കുവാനാണോ ദൈവം ആഗ്രഹിക്കുന്നത്?
"കൊല്ലരുത്" എന്ന ദൈവകല്പനയ്ക്ക് വ്യക്തത നൽകുന്ന തിരുസ്സഭാ പ്രബോധനങ്ങളിൽ ഒരു വ്യക്തി ശരീരത്തെയും ജീവനെയും എങ്ങിനെ പരിചരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. "ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന വിലപ്പെട്ട ദാനങ്ങളാണ് ജീവനും ശാരീരികാരോഗ്യവും. മറ്റുള്ളവരുടെ ആവശ്യങ്ങളും പൊതുനന്മയും കണക്കിലെടുത്തു കൊണ്ട്, നാം പ്രസ്തുത ദാനങ്ങളെ യുക്തമായി പരിരക്ഷിക്കേണ്ടിയിരിക്കുന്നു" (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം - 2288). സ്വന്തം ജീവന് ഹാനികരമായ ഒരു പ്രവൃത്തിയും ചെയ്യാൻ നമുക്കധികാരമില്ല. സ്വന്തം ജീവനെ വെറുക്കണം എന്ന യേശുവിന്റെ പ്രബോധനത്തിന്റെ മൂലപദം കൊണ്ടുദ്ദേശിക്കുന്നത് 'മറ്റു പലതിനേക്കാളും കുറച്ചു സ്നേഹിക്കണം' എന്നാണ്. ലോകത്തെ വെറുക്കണമെന്നും സ്വയം ദ്വേഷിക്കണമെന്നുമൊക്കെ ഈശോ ആവശ്യപ്പെടുന്പോൾ, അവിടുന്ന് പറയുന്നത് അവിടുത്തേക്കും സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതത്തിനും ഉപരിയായി നാമൊന്നിനെയും സ്നേഹിക്കരുത് എന്നാണ്. ഇതനുസരിച്ച് ജീവിക്കുന്പോൾ ത്യജിക്കേണ്ടിവരുന്ന ലൌകീകസുഖങ്ങളെ ഒരിക്കലും ഒരു നഷ്ടമായി കണക്കാക്കരുത്. നമ്മെ ബുദ്ധിമുട്ടിപ്പിക്കുകയോ അനാവശ്യമായി വേദനിപ്പിക്കുകയോ ഒന്നുമല്ല ദൈവഹിതത്തിലൂടെ കാരുണ്യവാനായ ദൈവം ലക്ഷ്യമിടുന്നത്. നമ്മുടെ പരമോന്നതമായ നന്മയും സന്തോഷവും സമാധാനവുമാണ് ദൈവീകപ്രവർത്തികളുടെയെല്ലാം ആത്യന്തികലക്ഷ്യം.
സ്വന്തം ഇഷ്ടങ്ങൾക്കുപരിയായി ദൈവേഷ്ടം നിറവേറ്റാൻ സന്നദ്ധത കാട്ടുന്പോഴാണ് നമ്മൾ യേശുവിന്റെ അനുയായികളാകുന്നത്. തന്റെ എകജാതന്റെ ശുശ്രൂഷകരായി അവിടുത്തെ അനുഗമിക്കുന്നവരെ പിതാവായ ദൈവം ബഹുമാനിക്കും എന്നാണു യേശു വാഗ്ദാനം നൽകുന്നത്. "ഞങ്ങളുടെ ദൈവവും കർത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ അർഹനാണ്. അങ്ങു സർവ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്ഥിത്വം ലഭിക്കുകയും ചെയ്തു" (വെളിപാട് 4:11). ഈ ദൈവത്താൽ ബഹുമാനിതനാകുന്നതിനാണ് സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ചു ദൈവഹിതമനുസരിച്ചു ജീവിക്കാൻ യേശു തന്റെ ശിഷ്യരെ ഉത്ബോധിപ്പിക്കുന്നത്.
അവിടുത്തെ ബഹുമാനത്തിനു പാത്രമാകുന്നവരുടെ മുൻപിൽ നടന്ന് എല്ലാം ക്രമീകരിക്കുന്നവനാണ് ദൈവം. അവിടുന്ന് അവരുടെ പിന്നിൽ സഞ്ചരിച്ച് എല്ലാ ആപത്തുകളിൽനിന്നും സംരക്ഷിക്കുന്നു. അവരുടെ മുകളിൽ സഞ്ചരിച്ച് അവരെ സദാ അനുഗ്രഹിക്കുകയും ചെയ്യുന്നു. ദൈവസന്നിധിയിൽ പ്രത്യേകസ്ഥാനമുണ്ടായിരുന്ന അബ്രാഹത്തെയും മോശയേയും ദാവീദിനെയുമൊക്കെ ദൈവം എങ്ങിനെ ബഹുമാനിച്ച് ജനമദ്ധ്യത്തിൽ ഉയർത്തിയെന്നു പഴയനിയമ പുസ്തകങ്ങൾ വ്യക്തമായി വിവരിക്കുന്നുണ്ട്. അവരെല്ലാവരും മറ്റെന്തിലുമുപരിയായി ദൈവഹിതം അനുവർത്തിക്കുവാൻ താല്പര്യം കാണിച്ചവരായിരുന്നു. ഒരു സ്നേഹിതനോടെന്നതു പോലെ കർത്താവ് മുഖാഭിമുഖം സംസാരിച്ചിരുന്ന മോശയുടെ പ്രാർത്ഥനയിൽനിന്നു തന്നെ ഇത് വ്യക്തമാണ്. "അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അങ്ങയുടെ വഴികൾ എനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാൻ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ" (പുറപ്പാട് 33:13). ദൈവഹിതമറിഞ്ഞു അതനുസരിച്ച് ജീവിച്ച് ദൈവത്താൽ ബഹുമാനിക്കപ്പെടാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
കർത്താവേ, ഞാനാഗ്രഹിക്കുന്നതു പോലെയല്ലാതെ, അങ്ങയുടെ ഹിതമനുസരിച്ച് ഞാനെപ്പോഴും അങ്ങേക്ക് വേണ്ടി സേവനം ചെയ്യുവാൻ അവിടുത്തെ ജ്ഞാനത്താൽ എല്ലാറ്റിനെയും നയിക്കേണമേ. ഞാനെന്നിൽ മരിച്ച്, ജീവനാകുന്ന അങ്ങയിൽ ജീവിക്കട്ടെ. ആമേൻ. (ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ പ്രാർത്ഥന - A Prayer of St. Teresa of Avila)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ