അവളെക്കണ്ട് അവന്റെ മനസ്സലിഞ്ഞു

"അതിനുശേഷം അവൻ നായിൻ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവൻ നഗരകവാടത്തിനടുത്തെത്തിയപ്പോൾ, മരിച്ചുപോയ ഒരുവനെ ചിലർ എടുത്തുകൊണ്ടു വരുന്നതു കണ്ടു. ഒരു വിധവയുടെ ഏക പുത്രനായിരുന്നു അവൻ. പട്ടണത്തിൽനിന്നു വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞു കർത്താവ്‌ അവളോട്‌ പറഞ്ഞു: കരയേണ്ടാ. അവൻ മുന്നോട്ടുവന്ന് ശവമഞ്ചത്തിൻമേൽ തൊട്ടു. അതു വഹിച്ചിരുന്നവർ നിന്നു. അപ്പോൾ അവൻ പറഞ്ഞു: യുവാവേ, ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക. മരിച്ചവൻ ഉടനെ എഴുന്നേറ്റിരുന്നു. അവൻ സംസാരിക്കാൻ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാർത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പറന്നു." (ലൂക്കാ 7:11-17)

വിചിന്തനം 
കഫർണ്ണാമിൽവച്ച് ഒരു ശതാധിപന്റെ അപേക്ഷ മാനിച്ചു അവന്റെ ഭൃത്യനെ സുഖപ്പെടുത്തിയതിനു ശേഷമാണ് യേശു നായിൻ എന്ന പട്ടണത്തിലേക്ക് പോയത്. ശിഷ്യരോടും വലിയ ഒരു ജനാവലിയോടുമോപ്പം ആ പട്ടണത്തിൽ പ്രവേശിച്ച യേശുവിനെ എതിരേറ്റത് ഒരു വിലാപയാത്രയാണ്. മനസ്സലിഞ്ഞ ഈശോ സംസ്കരിക്കുവാനായി കൊണ്ടുപോയിരുന്ന ആ യുവാവിനെ ഉയിർപ്പിച്ച് വിധവയായ ഒരു സ്ത്രീയുടെ കണ്ണീർ തുടച്ചു. എന്നാൽ ഇവിടെ ശ്രദ്ധേയമായത് ഈ അത്ഭുതം പ്രവർത്തിക്കുവാൻ യേശുവിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. വിശ്വാസത്തോടെ പ്രാർത്ഥനാപൂർവം യേശുവിനെ സമീപിച്ച ശതാധിപനിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങളുണ്ട് നായിനിലെ വിധവയ്ക്ക്. ഒന്നാമതായി, ആ വിധവയ്ക്ക് യേശുവാരാണെന്ന് അറിവുള്ളതായോ, അവിടുത്തെ ശക്തിയിൽ അല്പമെങ്കിലും വിശ്വാസമുള്ളതായോ സുവിശേഷകൻ രേഖപ്പെടുത്തുന്നില്ല. രണ്ടാമതായി, ആ വിധവയോ മറ്റാരെങ്കിലുമോ സഹായമപേക്ഷിച്ചു യേശുവിനെ സമീപിക്കുന്നുമില്ല. എന്നിരുന്നാലും യേശുവിന്റെ മനസ്സലിഞ്ഞു. എന്തുകൊണ്ടായിരിക്കും ആ വിധവയെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞത്? 

യേശുവിന്റെ ജീവിതകാലത്ത് പാലസ്തീനായിലെയും പരിസരങ്ങളിലെയും സ്ത്രീകളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പുരുഷാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ആ സമൂഹങ്ങളിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾ എല്ലാക്കാര്യങ്ങൾക്കും അവരുടെ ഭർത്താക്കന്മാരെയാണ് ആശ്രയിച്ചിരുന്നത്. വിധവകളായ സ്ത്രീകൾ പ്രായപൂർത്തിയായ ആണ്‍മക്കളുടെ ഉത്തരവാദിത്തം ആയിരുന്നു. ഭർത്താവും ആണ്‍മക്കളും ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ ഭിക്ഷക്കാരിൽ നിന്നും ഒട്ടും വിഭിന്നമല്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് കുരിശിൽ അന്ത്യശ്വാസം വലിക്കുന്നതിന് മുൻപ് ഈശോ തന്റെ അമ്മയെ യോഹന്നാനു ഭരമേൽപ്പിച്ചത്. തന്റെ ഏകമകന്റെ ശവമഞ്ചത്തിനു പിന്നാലെ വിലപിച്ചുകൊണ്ടു വന്നിരുന്ന ആ വിധവ തീർച്ചയായും യേശുവിൽ തന്റെ അമ്മയുടെ ഓർമ്മകൾ ഉയർത്തിയിരിക്കണം. തന്റെ അമ്മ അനുഭവിക്കാനിരിക്കുന്ന വേദന മുന്നിൽക്കണ്ട യേശുവിന്റെ മനസ്സലിഞ്ഞു, അവിടുന്ന് അവളോടു പറഞ്ഞു: കരയേണ്ടാ. ദൈവം തന്നെയായ യേശുവിന്റെ ജീവിതത്തിൽ കേവലം ഒരു മനുഷ്യസ്ത്രീ മാത്രമായ പരിശുദ്ധ കന്യാമറിയത്തിനു എന്തു സ്ഥാനമാണുള്ളതെന്നു സംശയിക്കുന്നവർക്കുള്ള ഏറ്റവും നല്ല ഉത്തരമാണ് നായിനിലെ വിധവയോടുണ്ടായ യേശുവിന്റെ മനോഭാവം. തന്റെ അമ്മയുടെ വേദന സ്വന്തമായിക്കണ്ട് അത് പരിഹരിക്കുന്ന ഈശോ, തന്റെ അമ്മയിലൂടെ അവിടുത്തെ സമീപിക്കുന്ന എല്ലാവരോടും പുലർത്തുന്ന സമീപനവും ഇതുതന്നെയാണ്. യേശുവിൽ വിശ്വസിക്കാൻ കഴിയാതെ വേദനയുടെ നീർക്കയത്തിൽ കഴിയുന്നവർക്കൊക്കെ യേശുവിലേക്കെത്താനുള്ള ഏറ്റവും നല്ല വഴിയാണ് പരിശുദ്ധ അമ്മ. 

തന്റെ മകനെ ഉയിർപ്പിച്ചതുവഴി ആ വിധവയ്ക്ക് വേദനകളിൽനിന്നും ദുരിതങ്ങളിൽനിന്നും പുറത്തേക്കു ഒരു വഴി ഈശോ തുറന്നുകൊടുത്തു. അവളുടെ നഷ്ടപ്പെട്ടുപോയ സൌഭാഗ്യങ്ങളും സന്തോഷവുമാണ് ആ യുവാവിനോടൊപ്പം പുനർജനിച്ചത്‌. ഒരു വലിയ ജനക്കൂട്ടം അവളോടൊപ്പം ആ ശവമഞ്ചത്തെ അനുഗമിച്ചിരുന്നു. എന്നാൽ അവരിലാർക്കും അവളുടെ വേദന അകറ്റുവാൻ കഴിയുമായിരുന്നില്ല. അവളുടെ സമാധാനവും സന്തോഷവും തിരികെ ലഭിച്ചത് കർത്താവായ യേശുക്രിസ്തു ആ ശവമഞ്ചലിൽ സ്പർശിച്ചപ്പോഴാണ്. പാപത്തിനടിമയായി മൃതമായ ശരീരവും പേറി വേദനയിലും ആകുലതകളിലും ജീവിക്കുന്ന നമ്മെയും സ്പർശിക്കാൻ ഈശോ ഇന്ന് ആഗ്രഹിക്കുന്നുണ്ട്. അവിടുന്ന് നമ്മെ സമീപിക്കുന്പോൾ, ദുരിതങ്ങളും കഷ്ടതകളും എണ്ണിപ്പറഞ്ഞു നാം നടത്തുന്ന വിലാപയാത്ര നിറുത്തിവച്ച്, ജീവദായകമായ അവിടുത്തെ വചനത്തിനു കാതോർക്കാൻ നമ്മൾ തയ്യാറാണോ? 

കാരുണ്യവാനായ യേശുവേ, സങ്കടങ്ങളിൽ ആശ്വാസവും ദുരിതങ്ങളിൽ ആശ്രയവും കഷ്ടതകളിൽ സഹായവുമായി അവിടുത്തെ അമ്മയെ ഞങ്ങൾക്ക് മധ്യസ്തയായി നല്കിയതിനെ ഓർത്തു ഞാനങ്ങേക്ക് നന്ദി പറയുന്നു. അമ്മേ മാതാവേ, പാപികളായ ഞങ്ങൾ അങ്ങയുടെ തിരുക്കുമാരന്റെ ദിവ്യസ്പർശത്താൽ പുതുജീവൻ പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്