ഞാനാണ്; ഭയപ്പെടേണ്ടാ

"വൈകുന്നേരമായപ്പോൾ അവന്റെ ശിഷ്യന്മാർ കടൽക്കരയിലേക്ക് പോയി. അവർ ഒരു വള്ളത്തിൽ കയറി കടലിനക്കരെ കഫർണാമിലേക്ക് പുറപ്പെട്ടു. അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടൽ ക്ഷോഭിച്ചു. ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചുകഴിഞ്ഞപ്പോൾ യേശു കടലിനു മീതേ നടന്ന് വള്ളത്തെ സമീപിക്കുന്നതുകണ്ട് അവർ ഭയപ്പെട്ടു. അവൻ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ. അവനെ വള്ളത്തിൽ കയറ്റാൻ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവർ ലക്‌ഷ്യം വച്ചിരുന്ന കരയ്ക്ക്‌ അടുത്തു." (യോഹന്നാൻ 6:16-21)

വിചിന്തനം 
യേശുവിനോടൊപ്പമല്ലാതെ ശിഷ്യന്മാർ നടത്തിയ ഒരു യാത്രാനുഭവമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ വിവരിക്കുന്നത്. വള്ളതിൽക്കയറി അവർ യേശുവിന്നരികെനിന്നു പോയപ്പോൾ നേരം ഇരുട്ടിത്തുടങ്ങി. ഈ ഇരുട്ട് കേവലം പ്രകൃതിയിൽ മാത്രമുള്ള ഇരുട്ടായിരുന്നില്ല; പ്രകാശമാകുന്ന യേശുവിൽ നിന്നകപ്പോൾ അവരുടെ ഉള്ളിലും ഇരുട്ട് ബാധിച്ചു. അതുകൊണ്ടുതന്നെ കാറ്റും കോളും അവരെ ഭയപ്പെടുത്തി. ആ ഭയംമൂലം വെള്ളത്തിലൂടെ നടന്നു വള്ളത്തെ സമീപിച്ച യേശുവിനെ തിരിച്ചറിയാൻ അവർക്കായില്ല. നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങളും രോഗങ്ങളും വേദനകളുമാകുന്ന കാറ്റും കോളും ഉണ്ടാകുന്പോൾ നമ്മെയും ഭയം ബാധിക്കാറുണ്ട്. ആപത്തിൽ നമ്മെ സഹായിക്കുന്ന ദൈവം നമ്മിൽനിന്നും ഏറെ അകലെയാണെന്നു നാമും പരിഭ്രമിക്കാറുണ്ട്. അപ്പോഴൊക്കെ നമ്മെ ബലപ്പെടുത്താൻ ഓടിയണയുന്ന കർത്താവിനെ തിരിച്ചറിയാൻ നമുക്കാവുന്നുണ്ടോ? 

ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ നമ്മൾ യേശുവിൽ നിന്നകന്നു ദൈവത്തിന്റെ സംരക്ഷണവലയത്തിനു പുറത്തു പോകാറുണ്ട്. പലപ്പോഴും നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത് നാം പോകുന്ന വഴി നമുക്ക് സുപരിചിതമാണ് എന്ന ചിന്തയാണ്. യേശുവിനെ കൂടാതെ യാത്ര ചെയ്യാൻ ശിഷ്യരെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നുമല്ല. മീൻപിടുത്തം ഉപജീവന മാർഗ്ഗമായി സ്വീകരിച്ചിരുന്ന പലരുണ്ടായിരുന്നു യേശുവിന്റെ ശിഷ്യരായി. അതുകൊണ്ടുതന്നെ യേശുവില്ലാതെയും കടൽ കടക്കാമെന്ന വിശ്വാസം അവർക്കുണ്ടായിരുന്നു. എന്നാൽ ഇരുട്ടും ശക്തിയേറിയ കാറ്റും വന്നപ്പോൾ മാത്രമാണ് കരമുയർത്തി കാറ്റിനെയും കടലിനെയും ശാസിക്കുന്ന കർത്താവ്‌ കൂടെയില്ലെന്ന ബോധ്യം അവർക്കുണ്ടായത്. ഞാൻ പോകുന്ന വഴി എനിക്ക് നന്നായി അറിയാം എന്ന അഹങ്കാര ചിന്തയുമായി യാത്ര തിരിക്കുന്ന നാമും പലപ്പോഴും ജീവിതത്തിൽ കർത്താവിന്റെ അഭാവം തിരിച്ചറിയുന്നത്‌ പ്രശ്നങ്ങളിലകപ്പെടുന്പോഴാണ്. "അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു. അവിടുന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ ശമിച്ചു" (സങ്കീർത്തനം 107:28,29).  

കർത്താവിന്റെ കരബലം കണ്ടറിഞ്ഞ സങ്കീർത്തകൻ പാടി: "ജലം പതഞ്ഞുയർന്നിരന്പിയാലും അതിന്റെ പ്രകന്പനംകൊണ്ട് പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല" (സങ്കീർത്തനം 46:3). കഷ്ടതകളിലും ദുരിതങ്ങളിലും മുങ്ങിത്താഴാൻ തുടങ്ങുന്പോൾ യേശുവിനെ വിളിക്കാൻ നാം തയ്യാറാണോ? ആണെങ്കിൽ യേശു ഇന്നും നമ്മോടു പറയുന്നുണ്ട്: "ഭയപ്പെടേണ്ടാ". നമ്മുടെ പരിഭ്രാന്തിയിൽ നാമവിടുത്തെ തിരിച്ചറിയാൻ കഴിയാതെ വിഷമിക്കുന്പോൾ അവിടുന്ന് തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തുന്നുണ്ട്: "ഞാനാണ്; ഭയപ്പെടേണ്ടാ". ശിഷ്യന്മാർ യേശുവിനെ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ച ഉടൻതന്നെ വള്ളം അവർ ലക്ഷ്യം വച്ചിരുന്ന കരയ്ക്കടുത്തു. വഴിയറിയാതെ ഇരുട്ടിൽ തപ്പിത്തടയുന്ന നമുക്ക് ഈശോയെ ഹൃദയത്തിലേക്ക് സ്വീകരിക്കാൻ സാധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മെയും സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അവിടുത്തേക്ക്‌ കഴിയും. ഈയൊരു വിശ്വാസത്തോടുകൂടി ദൈവത്തിന്റെ കരത്തിനു കീഴിൽ അഭയം പ്രാപിക്കാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, ഞങ്ങളുടെ അന്ധകാരങ്ങളിൽ പ്രകാശവും അലയാഴിയിൽ അഭയശിലയും അങ്ങാണ്. അങ്ങയുടെ രക്ഷാകരമായ സാന്നിധ്യം തിരിച്ചറിഞ്ഞു അങ്ങയിൽ അഭയം പ്രാപികാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ എനിക്കും തരേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!