വിലകെടുത്തുന്ന സുപരിചയം

 "യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാർ അവനെ അനുഗമിച്ചു. സാബത്തുദിവസം സിനഗോഗിൽ അവൻ പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവന് കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾവഴി സംഭവിക്കുന്നത്‌! ഇവൻ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേൽ കൈകൾവച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാൻ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിച്ചു." (മർക്കോസ് 6:1-6)

വിചിന്തനം 
മുപ്പതുവർഷം സാധാരണക്കാരിൽ ഒരുവനായി ജീവിച്ചതിനു ശേഷമാണ് യേശു തന്റെ പരസ്യജീവിതവും ദൈവരാജ്യപ്രഘൊഷണവും ആരംഭിച്ചത്. ആശാരിപ്പണിയും മറ്റു ചില്ലറ ജോലികളുമായി താൻ ജീവിച്ച നസ്രസ്സിലേക്ക് യേശു തിരിച്ചുവരുന്നത് തികച്ചും വ്യത്യസ്തനായ ഒരാളായിട്ടായിരുന്നു. യഹൂദർ "റബ്ബീ" എന്നഭിസംബോധന ചെയ്യുന്ന ഒരു ഗുരുവും, ഒട്ടേറെ അത്ഭുതങ്ങളിലൂടെ ഒരു അത്ഭുതപ്രവർത്തകനും, ഒട്ടേറെ അനുയായികളുള്ള ഒരു പ്രവാചകനുമൊക്കെ ആയിട്ടാണ് യേശു സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. യേശുവിന്റെ പ്രവർത്തികളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചുമൊക്കെ നല്ല ബോധ്യമുണ്ടായിട്ടും അവനിൽ വിശ്വസിക്കുവാനോ തങ്ങളുടെ രോഗങ്ങളും വേദനകളുമായി അവനെ സമീപിക്കുവാനോ അവർക്കായില്ല. കാരണം, യേശു അവർക്ക് സുപരിചിതനായിരുന്നു. സാന്പത്തികമായി വലിയ മേൽഗതി ഒന്നും ഇല്ലാതിരുന്ന യേശുവിന്റെ കുടുംബത്തെക്കുറിച്ച് നന്നയാറിമായിരുന്ന അവർക്ക്, യേശുവിൽ ഇടർച്ച തോന്നാൻ അതുതന്നെ മതിയായ കാരണമായിരുന്നു. യേശുവിന്റെ പ്രബോധനങ്ങളുടെയും പ്രവർത്തനങ്ങളുടേയും വെളിച്ചത്തിൽ അവനെ വിലയിരുത്താനോ ആദരിക്കാണോ അല്ല അവർ തുനിഞ്ഞത്, മറിച്ച് പരിചയത്തിലൂടെയും തഴക്കത്തിലൂടെയും യേശുവിനെക്കുറിച്ച് അവർക്കുണ്ടായിരുന്ന ബോധ്യങ്ങളുപയോഗിച്ച് അവനെ തള്ളിപ്പറയാനും വിലകെടുത്താനുമാണ്. ഇടയ്ക്കെങ്കിലും നമ്മിലുമുണ്ടാകാറില്ലേ യേശുവിനെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു മനോഭാവം?

ചെറുപ്പംമുതൽ ക്രിസ്തീയവിശ്വാസത്തിൽ വളരുന്നവർക്ക് യേശു സുപരിചിതനായ ഒരു വ്യക്തിയാണ്. ക്രിസ്തുവിന്റെ ജനനംമുതൽ കുരിശുമരണവും ഉയിർപ്പുംവരെയുള്ള വിവരണങ്ങൾ കുറേക്കാലം കേട്ടുകഴിയുന്പോൾ, ഈ സംഭവങ്ങളിലെ മാസ്മരികത അപ്രത്യക്ഷമാകുന്ന അനുഭവം ഒട്ടേറെപ്പേരിൽ പ്രകടമാണ്. ഒട്ടേറെ ഒരുക്കത്തോടും പ്രതീക്ഷയോടുംകൂടെ ആദ്യകുർബ്ബാന സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ തീവ്രത ക്രമേണ നശിക്കുന്നതും പുതുമയുള്ള കാര്യമല്ല. യേശുവിന്റെ ത്യാഗബലി പുനരാവിഷ്കരിക്കപ്പെടുന്ന വിശുദ്ധ കുർബ്ബാനയിൽ വെറും കാഴ്ചക്കാരായി, കടമ നിർവ്വഹിക്കുന്ന മനോഭാവത്തോടെ പങ്കെടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം ദിവസംചെല്ലുംതോറും വർദ്ധിച്ചുവരുകയാണ്. നമ്മുടെ ഇടയിൽ സദാ വസിക്കുന്ന യേശുക്രിസ്തുവിനെ നമ്മിലൊരാളായി കാണുന്ന തെറ്റിനടിപ്പെടുന്പോൾ നാമും യേശുവിന്റെ സ്വന്തം നാട്ടുകാരെപ്പോലെ ചിന്തിക്കാൻ തുടങ്ങുന്നു. പരിചയംകൊണ്ട് യേശുവിനെ സുഹൃത്തും സഹോദരനുമൊക്കെയായി സങ്കൽപ്പിക്കുന്പോൾ പലപ്പോഴും യേശുവിന്റെ ദൈവീകത്വം നമ്മൾ അവഗണിക്കുന്നു. ഞാൻ ഒന്നോരണ്ടോ പാപം ചെയ്താലും കുഴപ്പമില്ല മനുഷ്യനായിപ്പിറന്ന ദൈവത്തിനു എന്റെ അവസ്ഥ മനസ്സിലാകും എന്ന ഒഴികഴിവിലൂടെ, പാപത്തെ ചെറുത്തുനിൽക്കാൻ യേശുവിന്റെ ബലിയിലൂടെ ദൈവം നമുക്ക് പ്രദാനം ചെയ്യുന്ന കൃപകളെ നാം അവമതിക്കുന്നു. 

യേശുവാകുന്ന ദൈവത്തെ മനുഷ്യർക്ക്‌ വെളിപ്പെടുത്തിതരുന്നത് പരിശുദ്ധാത്മാവാണ്. അവിടുത്തെ ദാനങ്ങളായ ജ്ഞാനവും ബുദ്ധിയും വിവേചനവും ആത്മശക്തിയും അറിവും ദൈവഭക്തിയും ദൈവഭയവും ലഭിക്കുന്നതിനായി തങ്ങളുടെ ഹൃദയത്തെ തുറക്കുന്നവർക്ക് മാത്രമേ യേശുവിനെ ദൈവമായിക്കണ്ട് ആദരിക്കുവാനും ആരാധിക്കുവാനും സാധിക്കുകയുള്ളൂ. നമ്മെ പാപത്തിൽനിന്നും മോചിപ്പിക്കാൻ മനുഷ്യനായി പിറന്നു എന്നുള്ളത് യേശുവിന്റെ ഒരു ന്യൂനതയായോ, നമുക്ക് പാപത്തിൽ തുടരാനുള്ള ഒരു മുടന്തൻ ന്യായമായോ ഒരിക്കലും കാണരുത്. യേശു ദൈവമാണെന്ന കറതീർന്ന വിശ്വാസത്തോടെ, പാപങ്ങളെ വെറുത്തുപേക്ഷിച്ച്, നമ്മുടെ വേദനകളും രോഗങ്ങളും നിയോഗങ്ങളുമായി അവിടുത്തെ സമീപിക്കാൻ നമുക്കാവണം. അപ്പോൾ മാത്രമേ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയുമൊക്കെ ദൈവത്തിന് നമ്മിൽ പ്രവർത്തിക്കുവാൻ സാധിക്കൂ. 

രക്ഷകനായ യേശുവേ, ഞങ്ങളുടെ ആഗ്രഹങ്ങളുടെയും പ്രത്യാശയുടെയും പൂർത്തീകരണം അങ്ങയിലാണ്. അങ്ങയുടെ ആത്മാവിലൂടെയാണ് ഞങ്ങൾ കൃപകൾ പ്രാപിക്കുന്നത്; അങ്ങയിലൂടെയാണ് ഞങ്ങൾ സത്യം ഗ്രഹിക്കുന്നത്; അങ്ങാണ് ഞങ്ങൾക്ക് ജീവൻ പ്രദാനം ചെയ്യുന്നത്; അങ്ങയിലൂടെയാണ് ഞങ്ങൾ സ്വതന്ത്രരാക്കപ്പെടുന്നത്. ദൈവമായ അങ്ങയോടുള്ള സ്നേഹത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്