പുതിയൊരു കൽപന

"അവൻ പുറത്തുപോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനിൽ മഹത്വപ്പെട്ടുവെങ്കിൽ ദൈവം അവനെ തന്നിൽ മഹത്വപ്പെടുത്തും; ഉടൻ തന്നെ മഹത്വപ്പെടുത്തും. എന്റെ കുഞ്ഞുങ്ങളേ, ഇനി അൽപസമയംകൂടി ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ഞാൻ യഹൂദരോട് പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു, ഞാൻ പോകുന്നിടത്തേക്ക് വരാൻ നിങ്ങൾക്ക് കഴിയുകയില്ല. ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും." (യോഹന്നാൻ 13:31-35)

വിചിന്തനം 
എന്താണ് ക്രിസ്തുമതത്തിന്റെ കാതൽ? ഒട്ടേറെപ്പേരുടെ കാഴ്ചപ്പാടിൽ, ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികൾക്ക് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ബുദ്ധിമുട്ടുള്ള പ്രമാണങ്ങളും ഉപദേശങ്ങളും നൽകുന്ന, രണ്ടായിരം വർഷം പഴക്കമുള്ള ഒരു പ്രസ്ഥാനമാണ് ക്രിസ്തുമതം. എന്നാൽ, ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ച് പീഡകളനുഭവിച്ചു മരിച്ച് അടിസ്ഥാനമിട്ട സഭ സദാചാരം വിളന്പുന്ന കേവലം ഒരു മതം മാത്രമാണോ? നല്ലവരായി എങ്ങിനെ ഭൂമിയിൽ ജീവിക്കാമെന്ന ഉപദേശം അനുയായികൾക്ക് നൽകുന്ന ഒരു തത്വസംഹിത മാത്രമേയുള്ളോ ക്രിസ്തുമതത്തിന്? 

ക്രിസ്തുമതത്തെ ഒരിക്കലും മറ്റു മതങ്ങളെ വീക്ഷിക്കുന്ന ദൃഷ്ടികോണുകൊണ്ട് നോക്കിക്കാണരുത്. കാരണം, തത്വസംഹിതകളല്ല ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസത്ത; സ്വസ്ഥമായ ജീവിതമോ വേദനകളുടെ അഭാവമോ അല്ല ഒരു ക്രൈസ്തവന്റെ സ്വപ്നം; ഉത്തമപുരുഷസങ്കൽപമല്ല ഒരാളെ ക്രിസ്ത്യാനിയാക്കുന്നത്; പണമോ പ്രശസ്തിയോ കെട്ടിടങ്ങളോ വ്യക്തികളോ അല്ല ക്രിസ്തുമതത്തിന്റെ കേന്ദ്രബിന്ദു; നല്ലവനായി ജീവിച്ച് നല്ലമരണം പ്രാപിക്കുക എന്നതല്ല ക്രിസ്തീയമായ പ്രത്യാശ. യേശുക്രിസ്തുവാണ് ക്രിസ്തീയ ജീവിതത്തിന്റെ മർമ്മം, ജീവിക്കുന്ന ദൈവത്തിന്റെ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ക്രിസ്തീയനും. ഗുരുവിന്റെ വാക്കുകൾ അനുസരണയോടെ പിന്തുടരുന്നവനാണ് ശിഷ്യൻ. ക്രിസ്തുവിന്റെ ശിഷ്യനാണ് ക്രിസ്ത്യാനിയെങ്കിൽ, ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത് ആചാരങ്ങളുടെ അനുഷ്ടാനം അല്ല, മറിച്ച്, യേശുവിന്റെ കൽപനകളുടെ ശ്രദ്ധാപൂർവമായ പാലനമാണ്. ഇഹലോക സമൃധിയിലേക്കും നല്ല മരണത്തിലേക്കും മരണാനന്തര ജീവിതത്തിലേക്കും ഒക്കെ നമ്മെ നയിക്കാൻ കഴിയുന്ന ഒട്ടേറെ മതങ്ങൾ ഈ ലോകത്തുണ്ടാകാം. എന്നാൽ, സ്നേഹം ലഭിക്കാനുള്ളതല്ല കൊടുക്കാനുള്ളതാണ് എന്ന് പഠിപ്പിക്കുന്ന ഒരു വ്യക്തിയേ ഈ ലോകത്തുള്ളൂ, അത് ഈ ലോകത്തെ പാപത്തിൽനിന്നും മോചിപ്പിക്കാൻ സ്വയം ശൂന്യനായ യേശുവല്ലാതെ മറ്റാരുമല്ല. 

പിതാവായ ദൈവം തന്റെ ഏകജാതനെ മഹത്വപ്പെടുത്തിയത് കുരിശിലൂടെയാണ്. ആ കുരിശിനെ ആശ്ലേഷിക്കുന്നതിനു മുൻപായി, തന്റെ മരണം മുന്നിൽകണ്ടുകൊണ്ട്, യേശു തന്റെ പ്രിയശിഷ്യർക്ക് ഒരു പുതിയ കൽപന നൽകുകയാണ്: നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിൻ എന്ന വാക്കുകളിലൂടെ പരിമിതികളില്ലാതെ സ്നേഹിക്കുവാനാണ് കർത്താവ്‌ തന്റെ ഓരോ ശിഷ്യനോടും കല്പിക്കുന്നത്. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെയല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്. അതുകൊണ്ടാണ് പാപത്തിന്റെ ചേറ്റുകുഴിയിൽ പൂണ്ടുകിടക്കുന്ന എന്നെയും നിങ്ങളെയും ദൈവം സ്നേഹിക്കുന്നത്. നീതിമാൻമാർക്കു മുൻപേ ചുങ്കക്കാരനും വേശ്യയ്ക്കുമായി സ്വർഗ്ഗവാതിൽ തുറന്നു കൊടുക്കുന്നതാണ് ദൈവത്തിന്റെ സ്നേഹം. അതുപോലെ സ്നേഹിക്കാനാകുന്പോഴാണ് ഒരാൾ ക്രിസ്ത്യാനിയാകുന്നത്. ആചാരാനുഷ്ടാനങ്ങളും നിയമപാലനവുമൊക്കെ ഈ സ്നേഹത്തിന്റെ ഒരു വിപുലീകരണം മാത്രമേ ആകുന്നുള്ളൂ. "ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലന്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും  സകല രഹസ്യങ്ങളും ഞാൻ ഗ്രഹിക്കുകയും സകല വിജ്ഞാനവും മലകളെ മാറ്റാൻതക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. ഞാൻ എന്റെ സർവ്വസന്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല" (1 കോറിന്തോസ് 13:1-3). പരസ്പരം സ്നേഹിച്ച് ക്രിസ്തുവിന്റെ ശിഷ്യരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ, എന്നിൽ വന്ന് വസിക്കണമേ, ദൈവസ്നേഹത്താൽ നിറയ്ക്കണമേ. അസൂയയും അഹങ്കാരവും ആത്മപ്രശംസയുമകറ്റി സത്യവും ദയയും ദീർക്ഷമതയുമുള്ളതായ സ്നേഹം പകർന്നുകൊടുക്കുന്ന ഒരുപകരണമാക്കി എന്നെ രൂപാന്തരപ്പെടുത്തേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!