യേശുവിലൂടെയുള്ള സ്വാതന്ത്ര്യം

"തന്നിൽ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവർ അവനോടു പറഞ്ഞു: ഞങ്ങൾ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടേയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങൾ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും." (യോഹന്നാൻ 8:31-36)

വിചിന്തനം 
സ്വാതന്ത്ര്യം എന്നതുകൊണ്ട്‌ നാമെല്ലാവരും അർത്ഥമാക്കുന്നത് ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുള്ളപ്പോൾ ചെയ്യുവാൻ കഴിയുന്ന അവസ്ഥ എന്നതാണ്. ഈയർത്ഥത്തിൽ സ്വാതന്ത്ര്യത്തെ കാണുന്പോൾ അത് പലപ്പോഴും അടിമത്തത്തിന്റെ മൂടുപടമായി മാറാറുണ്ട്. എന്നുവച്ചാൽ, സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതാണെന്ന ചിന്താഗതിയോടെ ചെയ്യുന്ന ഒട്ടേറെ കാര്യങ്ങൾ നമ്മെ പാപത്തിനു അടിമയാക്കാറുണ്ട്. ആസക്തികളുടെയും ജഡികമോഹങ്ങളുടെയും ഒക്കെ പിടിയിൽ അകപ്പെടുന്നവർ, പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്: അവർ അവരുടെ പ്രവർത്തികളെ നിയന്ത്രിക്കുകയല്ല, അവരുടെ പ്രവർത്തികൾ അവരെ നിയന്തിക്കുകയാണ് എന്നത്. മനസ്സിന്റെ അഭിലാഷങ്ങൾക്കനുസരിച്ചു, സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്യുന്നവർ പാപത്തിന്റെ അടിമകളാണ്. 

എന്നാൽ യേശുക്രിസ്തുവാകട്ടെ പാപത്തിന്റെ അടിമത്തത്തിൽനിന്നും മാനവരാശിയെ മോചിപ്പിക്കാനാണ് മനുഷ്യരൂപം എടുത്തത്‌. "സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്"(ഗലാത്തിയാ 5:1). യേശുവിലൂടെ ദൈവത്തിങ്കലേക്ക്‌ അടുക്കാൻ ശ്രമിക്കുന്ന ഒട്ടേറെപ്പേരിൽ സാത്താൻ വിതക്കുന്ന ഒരു നുണചിന്തയാണ്, ദൈവഭക്തർ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടിവരും എന്നത്. പാപത്തിന്റെ വർണ്ണപകിട്ടിനടിമകളായി, ദൈവത്തെ നിന്ദിക്കുന്നവർക്കു നഷ്ടമാകുന്നത്, ദൈവം നൽകുന്ന യഥാർത്ഥമായ സ്വാതന്ത്ര്യമാണ്. ഭയത്തിൽനിന്നും, ആകുലതകളിൽനിന്നും, സ്വാർത്ഥതയിൽനിന്നും, തന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് കരുതും എന്ന പേടിയിൽനിന്നും, ബാലഹീനതകളിൽനിന്നും, നമ്മുടെ ജീവിതത്തെ അടക്കിഭരികുന്ന ആസക്തികളിൽനിന്നും ഒക്കെ നമ്മൾ സൃഷിച്ചെടുത്ത മൂടുപടങ്ങളിൽനിന്നും നമ്മെ മോചിപ്പിക്കാൻ യേശുവിലൂടെ നമുക്ക് ദാനമായി ലഭിക്കുന്ന പരിശുദ്ധാത്മാവിനാകും. "ആരെങ്കിലും കർത്താവിങ്കലേക്ക് തിരിയുന്പോൾ ആ മൂടുപടം നീക്കപ്പെടുന്നു. കർത്താവ് ആത്മാവാണ്; കർത്താവിന്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്" (2 കോറിന്തോസ് 3:16,17). 

ദൈവകൃപയിൽ അഭയം പ്രാപിച്ചിരിക്കുന്ന ഒരാളും ദൈവത്തിന്റെ അടിമയല്ല. അടിമകളായി നമ്മെ തിരികെയെടുക്കാനല്ല ദൈവം തന്റെ ഏകജാതനെ ബലിയായി നൽകിയത്. യേശുവിന്റെ തിരുരക്തത്തിന്റെ വിലയാൽ പാപത്തിൽനിന്നും സ്വതന്ത്രരാക്കപ്പെട്ടവരാണ് ക്രിസ്തുശിഷ്യരെല്ലാവരും. യേശു തരുന്ന സ്വാതത്ര്യം അനുഭവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും എളിമയോടും വചനം സ്വീകരിക്കാൻ ഹൃദയതുറവിയോടും കൂടി വേണം അവിടുത്തെ സമീപിക്കാൻ. മക്കളുടെ സ്വാതത്ര്യത്തോടെ പിതാവായ ദൈവത്തെ സമീപിക്കുവാനുള്ള കൃപ തന്റെ വചനങ്ങളിലൂടെ ഈശോ എല്ലാവർക്കും തരുന്നുണ്ട്. "ഇപ്പോൾ നിങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിനു അടിമകളായിരിക്കുകയാൽ നിങ്ങൾക്ക് ലഭിക്കുന്നത് വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവനും" (റോമാ 6:22,23). 

കർത്താവേ, അവിടുത്തെ സ്നേഹവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന തിരുവചനങ്ങൾ എന്റെ ഹൃദയത്തിലെഴുതണമേ. പാപത്തിന്റെ മൂടുപടം വലിച്ചെറിഞ്ഞ്, ദൈവം തന്റെ മക്കൾക്കായി നൽകുന്ന സ്വാതന്ത്ര്യം അനുഭവിക്കുവാനുള്ള കൃപ നൽകണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്