കപടഹൃദയന്റെ പ്രാർത്ഥന
"തങ്ങൾ നീതിമാൻമാരാണ് എന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ച്ചിക്കുകയും ചെയ്യുന്നവരോട് അവൻ ഈ ഉപമ പറഞ്ഞു: രണ്ടുപേർ പ്രാർത്ഥിക്കാൻ ദേവാലയത്തിലേക്ക് പോയി - ഒരാൾ ഫരിസേയനും മറ്റെയാൾ ചുങ്കക്കാരനും. ഫരിസേയൻ നിന്നുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു: ദൈവമേ, ഞാൻ നിനക്കു നന്ദി പറയുന്നു. എന്തെന്നാൽ, ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാൻ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സന്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻപോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർത്ഥിച്ചു. ഞാൻ നിങ്ങളോടു പറയുന്നു, ഇവൻ ആ ഫരിസേയനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാൽ, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും." (ലൂക്കാ 18:9-14)
വിചിന്തനം
മറ്റുള്ളവരുടെ പാപങ്ങളുപയോഗിച്ചു സ്വയം നായീകരണത്തിന് ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം. പ്രാർത്ഥിക്കുവാൻ ദൈവസന്നിധിയിൽ എത്തിയ രണ്ടു പേരിലൂടെയാണ് ഈശോ മറ്റുള്ളവരുടെ കുറവുകളെപ്രതി അവരോടു അവജ്ഞയോടെ പെരുമാറുന്നതിന്റെ ആപത്തു നമുക്ക് വെളിപ്പെടുത്തി തരുന്നത്. പുച്ഛം എന്നാൽ മറ്റുള്ളവരെ നിന്ദയോടെ വീക്ഷിക്കുന്നതു മാത്രമല്ല, പുച്ഛത്തോടെ മറ്റുള്ളവരോട് ഇടപഴകുന്ന ഒരു വ്യക്തി താൻ മറ്റുള്ളവരേക്കാൾ ഉന്നതസ്ഥാനീയനാണെന്നും, തന്റെ സൽപ്രവർത്തികളുടെ ഫലമായി താൻ മറ്റുള്ളവരിലെ ശരിയെയും തെറ്റിനെയും വിധിക്കാൻ യോഗ്യനാണെന്നും വിശ്വസിക്കുന്നു. ജീവിതത്തിൽ ശരികൾ മാത്രം ചെയ്ത് അതിലൂടെ ദൈവസന്നിധിയിൽ നീതിമാനാകാൻ ശ്രമിക്കുന്ന ഫരിസേയന്റെയും, പാപത്തിൽ മുങ്ങി മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിച്ചതിലുള്ള കുറ്റബോധവുമായി ദൈവസന്നിധിയെ സമീപിച്ച ചുങ്കക്കാരന്റെയും ജീവിതശൈലികൾ തമ്മിൽ ഒട്ടേറെ അന്തരമുണ്ട്. എന്നാൽ നമ്മിൽനിന്നും അത്രയൊന്നും വ്യത്യസ്തങ്ങളല്ലാത്ത ജീവിതങ്ങൾ നയിക്കുന്നവരിലെ കുറ്റങ്ങൾ ഉപയോഗിച്ച് പോലും ദൈവസന്നിധിയിലും സമൂഹത്തിന്റെ മുൻപിലും സ്വയംനീതീകരിക്കാനുള്ള വ്യഗ്രത നാമും കാട്ടാറില്ലേ?
പാപം ചെയ്യുന്പോൾ, അല്ലെങ്കിൽ ദൈവം കാണിച്ചു തരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ മടികാണിക്കുന്ന അവസരങ്ങളിൽ പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്ന കുറ്റബോധത്തെ മറികടക്കാനുള്ള ഒരു ഉപായമാണ് മറ്റുള്ളവരിലെ കുറ്റങ്ങളെ നോക്കി സ്വയം ആശ്വസിക്കുക എന്നത്. നമ്മുടെ പാപങ്ങളുടെ കാഠിന്യം സ്വയം കുറച്ചു കാണിക്കാനുള്ള വ്യഗ്രതയിൽ നമ്മുടെ പാപങ്ങളെ നാം മറ്റുള്ളവരുടെ പാപങ്ങളും കുറവുകളുമായി താരതമ്യം ചെയ്യുന്നു. ഇങ്ങനെ താരതമ്യം ചെയ്യുന്പോൾ അത് നാം മറ്റുള്ളവരേക്കാൾ മെച്ചമാണെന്ന ഒരു തീരുമാനത്തിലേക്ക് എത്തിക്കാൻ നമ്മെ സഹായിക്കുന്നു. എന്നാൽ ഇവിടെ ശ്രദ്ധേയമായ കാര്യം, ഈ തീരുമാനത്തിലെത്താൻ നമ്മെ സഹായിക്കുന്നത് നമ്മിലെ നന്മകൾ അല്ല, മറിച്ചു മറ്റുള്ളവരിലെ തിന്മകൾ നമ്മിലെ തിന്മകളെക്കാൾ മ്ലേച്ചമായതാണ് എന്ന നമ്മുടെതന്നെയുള്ള വിലയിരുത്തലാണ്. ഇതിന്റെ ഒപ്പം ആ ഫരിസേയനെപ്പോലെ ദൈവത്തെ പ്രീതിപ്പെടുത്താനെന്ന ലാക്കോടെ ചെയ്യുന്ന ഒന്നോ രണ്ടോ സൽപ്രവർത്തികളെ കുറിച്ചുള്ള അവകാശവാദം കൂടിയാകുന്പോൾ നമ്മെക്കുറിച്ചുള്ള അഹങ്കാരവും മറ്റുള്ളവരെക്കുറിച്ചുള്ള പുച്ഛവും ഒക്കെ പുതിയ തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നു.
എന്നാൽ, "ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു" (യാക്കോബ് 4:7). പാപകരമായ ജീവിതം നയിച്ച ചുങ്കക്കാരനെ നീതീകരിക്കുക വഴി അയാൾ കടന്നുവന്ന വഴികളെ നീതീകരിക്കുകയല്ല ഈശോ ചെയ്യുന്നത്. അയാൾ നീതീകരിക്കപ്പെട്ടത് തന്റെ വഴി തെറ്റായിരുന്നു എന്ന തിരിച്ചറിവോടെ എളിമപ്പെട്ട് ദൈവസന്നിധിയിൽ എത്തിയപ്പോഴാണ്. താൻ ചെയ്തുവച്ച പാപത്തിന്റെ ഫലങ്ങളെ ദൂരീകരിക്കാൻ ഉതകുന്ന ഒരു പ്രവൃത്തിയും തന്റെ പക്കലില്ലെന്ന തിരിച്ചറിവാണ് അയാളെ പശ്ചാത്തപിക്കാൻ പ്രേരിപ്പിച്ചത്. തന്നെക്കാൾ കൂടുതൽ പാപം ചെയ്യുന്നവരെ നോക്കി തന്റെ പാപങ്ങളുടെ കാഠിന്യം കുറച്ചുകാണാനല്ല അയാൾ മുതിർന്നത്. അനുതാപത്താലുരുകുന്ന ഹൃദയത്തിൽനിന്നും ഉത്ഭവിച്ച പ്രാർത്ഥനയാണ് അയാളെ ദൈവസന്നിധിയിൽ സ്വീകാര്യനാക്കിയത്. ഇന്ന് നമ്മുടെ അവസ്ഥ എന്താണ്? പാപങ്ങൾ ചെയ്യുന്പോൾ നമ്മെക്കാൾ വലിയ പാപം ചെയ്യുന്നവരെ ചൂണ്ടിക്കാട്ടി നമ്മുടെ പവൃത്തികളെ നാം ന്യായീകരിക്കാൻ ശ്രമിക്കാറില്ലേ? ദൈവത്തിന്റെ കരുണയിൽ അഭയം പ്രാപിക്കാതെ നമ്മുടെ പാപങ്ങൾക്ക് നമ്മുടെ തന്നെ പ്രവൃത്തികൾകൊണ്ട് പരിഹാരം ചെയാൻ നാം ശ്രമിക്കാറില്ലേ? നമ്മുടെ പ്രവൃത്തികൾ കൊണ്ട് പാപത്തിനു പരിഹാരം ചെയ്യുവാൻ സാധിക്കുമായിരുന്നെങ്കിൽ യേശുവിന്റെ കുരിശുമരണം ആവശ്യമില്ലാത്തതായിരുന്നു എന്നും പറയേണ്ടിവരും. കർത്താവിന്റെ കുരിശിന്റെ കീഴെയാണ് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നത്. അവിടുത്തെ തിരുരക്തത്താലാണ് നമ്മൾ വിശുധീകരിക്കപ്പെടുന്നത്. സ്വയംനായീകരിച്ചു സ്വർഗ്ഗം നേടിയെടുക്കാമെന്നുള്ള വ്യർത്ഥമോഹം ഉപേക്ഷിച്ച് ദൈവത്തിന്റെ കരുണയിൽ അഭയം പ്രാപിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

അനുതാപികളുടെ ഹൃദയത്തെയും വിനീതരുടെ ആത്മാവിനെയും നവീകരിക്കാൻ അവരോടുകൂടെ വസിക്കുന്ന ദൈവത്തിന്റെ ആത്മാവേ, മറ്റുള്ളവരെ പുച്ഛത്തോടെ വിധിച്ച് സ്വയം ന്യായീകരിക്കുന്ന എന്റെ സ്വഭാവത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ. അത്യുന്നതനും അനന്തതയിൽ വസിക്കുന്നവനുമായ മഹത്വപൂർണ്ണനേ, പാപത്തിന്റെ അത്യഗാധത്തിൽനിന്നും എന്നെ കൈപിടിച്ചുയർത്തേണമേ.ആമേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ