രോഗിയും വൈദ്യനും

"യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാൾ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടുംകൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയർ അതുകണ്ട് ശിഷ്യന്മാരോട് ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതു കേട്ട് അവൻ പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്." (മത്തായി 9:9-13)

വിചിന്തനം 
യേശുവിന്റെ കാലത്ത് യഹൂദർ റോമാസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. വളരെ വിശാലമായിരുന്ന റോമാസാമ്രാജ്യത്തിലെ ഭരണസംബന്ധമായ ഒട്ടേറെ കാര്യങ്ങൾ നിർവഹ്ഹിച്ചിരുന്നത്  കരാറുകാരായിരുന്നു. റോമിന്റെ അധീനതയിലുള്ള ദേശങ്ങളിൽനിന്നും നികുതിപിരിച്ച് സീസറിനു കൊടുത്തിരുന്നത് പ്രധാനമായും ഇത്തരത്തിലുള്ള കരാറുകാരായിരുന്നു. നികുതി ചുമത്തുന്നതിൽ ഒട്ടേറെ സ്വാതന്ത്ര്യവും, അത് പിരിച്ചെടുക്കുന്നതിനായി ഒട്ടേറെ അധികാരങ്ങളും അവർക്ക് നൽകപ്പെട്ടിരുന്നു. ആ അധികാരങ്ങളും സ്വാതന്ത്ര്യവും അവർ പരാമാവധി മുതലെടുക്കുകയും ചെയ്തിരുന്നു. ചക്രവർത്തി അനുശാസിക്കുന്നതിലുമധികം നികുതി മറ്റുള്ളവരുടെമേൽ ചുമത്തി, അധികമുള്ള നികുതിപ്പണം ഉപയോഗിച്ച് സ്വന്തം കീശ വീർപ്പിക്കുന്നത് അവരുടെ പതിവുകളിൽ ഒന്നായിരുന്നു. അധീനതയിലുള്ള ജനങ്ങളുടെ ക്ഷേമത്തിൽ യാതൊരു താല്പര്യവുമില്ലാതിരുന്ന റോമാക്കാർ, നികുതിപ്പിരിവുകാരുടെ അഴിമതി കണ്ടിരുന്നെങ്കിലും അതിനെതിരെ നടപടികളെടുക്കുന്നതിൽ ഉത്സുകരല്ലായിരുന്നു. മത്തായിയും ഇത്തരത്തിലുള്ള ഒരു നികുതിപ്പിരിവുകാരനായിരുന്നു. അന്യായമായ നികുതികളാൽ തങ്ങളെ പീഡിപ്പിച്ചിരുന്ന മത്തായിയെയും യഹൂദർ വെറുത്തിരുന്നു.

ഈശോ ഒട്ടേറെ അത്ഭുതങ്ങളിലൂടെ പ്രശസ്തി നേടിയതിനു ശേഷമാണ് മത്തായിയെ വിളിക്കുന്നത്‌. ആ അവസരങ്ങളിലൊക്കെ, യേശുവിന്റെ ശിഷ്യനാകുവാൻ ആഗ്രഹിച്ച് ഒട്ടേറെപ്പേർ അവിടുത്തെ അനുധാവനം ചെയ്തിരുന്നു. എന്നാൽ അവരെ ആരെയും വിളിക്കാതെ, അഴിമതിക്കാരനും മറ്റ് യഹൂദരാൽ വെറുക്കപ്പെട്ടവനുമായ ഒരു ചുങ്കക്കാരനെ തന്റെ ശിഷ്യനാകുവാൻ വിളിക്കുകയാണ്‌ യേശു ചെയ്തത്! മാത്രവുമല്ല, മത്തായിയോടും അവന്റെ നിരവധിയായ സുഹൃത്തുക്കളോടും ഒപ്പം യേശു ഭക്ഷണത്തിനിരിക്കുകയും ചെയ്തു. സമൂഹത്തിലെ മാന്യന്മാരാരും ചുങ്കക്കാരെ സുഹൃത്തായി പരിഗണിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ മത്തായിയുടെ സുഹൃത്തുക്കളെല്ലാവരും തീര്ച്ചയായും പാപികളായിരുന്നിരിക്കണം. യഹൂദരുടെ ഇടയിൽ ഒരു ഗുരുവിന്റെ പദവി വഹിച്ചിരുന്ന യേശുവിന്റെ ഈ പ്രവർത്തി, തീർച്ചയായും മാന്യരെന്നു അഭിമാനിച്ചു നടന്നിരുന്ന യഹൂദപ്രമാണികളെ ഞെട്ടിച്ചിരിക്കണം. ഇവിടെ നമ്മൾ ഓർക്കേണ്ട ഒരു പ്രധാനകാര്യം, മത്തായിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ആരോപണങ്ങളെല്ലാം സത്യമാണെന്നതാണ്. അന്യായമായി കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയല്ല മത്തായി, പാപകരമായ ജീവിതം നയിച്ചതുമൂലം തന്നെയാണ് അയാൾ സമൂഹത്തിൽനിന്നും പുറത്താക്കപ്പെട്ടത്. എന്നിരുന്നിട്ടും മത്തായിയെ സ്വീകരിച്ച യേശുവിന്റെ ഈ പ്രവർത്തി ഒരുപക്ഷേ അവന്റെ മറ്റു ശിഷ്യരിൽ പോലും ആശയകുഴപ്പം ഉണ്ടാക്കിയിരിക്കണം. അതുകൊണ്ടായിരിക്കണം ഫരിസേയരുടെ ചോദ്യത്തിന് അവർക്ക് ഉത്തരം നൽകാൻ കഴിയാതെ പോയത്. നീതിമാന്മാരെ തേടിയല്ല പാപികളെ തേടിയാണ് താൻ വന്നിരിക്കുന്നതെന്ന് യേശു പറയുന്നത് ഫരിസേയരോട് മാത്രമല്ല, ക്രിസ്തുശിഷ്യൻ എന്നഭിമാനിച്ചിരുന്ന തന്റെ അനുയായികളോട് കൂടിയാണ്. പാരന്പര്യവും പ്രവർത്തികളും ഉയർത്തിക്കാട്ടി സ്വയം നീതീകരിക്കുന്ന നമ്മിലുമില്ലേ ഒരു ഫരിസേയ മനോഭാവം? 

സമൂഹത്തിലെ പാപികളോടും കുറ്റവാളികളോടും ഏതു തരത്തിലുള്ള മനോഭാവമാണ് നമ്മൾ സ്വീകരിക്കുന്നത്? പാപകരമായ അവസ്ഥയിൽ ജീവിച്ചപ്പോഴും, ദൈവത്തെ തിരയുന്ന ഒരു ഹൃദയം മത്തായിക്കുണ്ടെന്നു യേശു തിരിച്ചറിഞ്ഞു. വിളികേട്ട മാത്രയിൽ തന്നെ മറ്റൊന്നും ചോദിക്കാതെ മത്തായി എണീറ്റ്‌ യേശുവിനെ അനുഗമിച്ചതിൽനിന്നും അത് വ്യക്തവുമാണ് . ആ ഒരു വിളിയിലൂടെ ഒട്ടേറെ പാപികളെ തന്റെ മേശക്കുചുറ്റും ഒരുമിച്ചുകൂട്ടാൻ യേശുവിനായി. പാപത്തിൽപെട്ട് വഴിയറിയാതുഴലുന്ന ഒറ്റെരെപ്പേർ നമ്മുടെ ഇടയിലുമുണ്ട്. ദൈവത്തെ അറിയാൻ കഴിയാത്തത്രവിധം ഹൃദയം തണുത്തുറഞ്ഞുപോയ അവരിലേക്ക്‌ ജീവിക്കുന്ന ദൈവവചനമായി കടന്നുചെല്ലാൻ നമുക്കാവുന്നുണ്ടോ? നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും  നമ്മിലുള്ള ദൈവത്തെ അവർക്ക് വെളിപ്പെടുത്തികൊടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ? അതോ, അവരെ നിന്ദിച്ചും കുറ്റപ്പെടുത്തിയും സ്വയം നീതീകരിക്കുന്ന ആത്മവഞ്ചകരാണോ നമ്മൾ? ഓർക്കുക, നിങ്ങളിന്നു ഒരു പാപിയല്ലെങ്കിൽ, അതിൽ നിങ്ങൾക്കഭിമാനിക്കാൻ ഒന്നുമില്ല. നിങ്ങളെ പാപത്തിൽനിന്നും മോചിപ്പിച്ചത് കർത്താവായ യേശുക്രിസ്തു തന്റെ രക്തം വിലയായി നൽകിയാണ്‌. സൽപ്രവർത്തികൾ ചെയ്ത് സമൂഹത്തിന്റെ ഭാഗമായി ജീവിക്കാൻ നമ്മെ പ്രാപ്തമാക്കുന്നത് ദൈവകൃപയൊന്നുമാത്രമാണ്. നമ്മുടെ ഓരോരുത്തരുടെയും രോഗങ്ങളും പാപങ്ങളും സ്വശരീരത്തിൽ സ്വീകരിക്കുന്ന വൈദ്യനാണവിടുന്ന്.നമ്മെ സുഖപ്പെടുത്തിയ ക്രിസ്തുവിന്റെ സുവിശേഷം രോഗം ബാധിച്ച സമൂഹത്തിൽ വേണ്ടുംവിധം പ്രചരിപ്പിക്കുവാൻ നമുക്കാവുന്നുണ്ടോ? 

കർത്താവായ യേശുവേ, ഞങ്ങളുടെ രക്ഷകാ, അങ്ങേപ്പക്കൽ വരുവാൻ ഞങ്ങളെ അനുവദിക്കണമേ. ഞങ്ങളുടെ ഹൃദയം തണുത്തുറഞ്ഞതാണ്; കർത്താവേ, അങ്ങയുടെ നിസ്വാർത്ഥ സ്നേഹത്താൽ അതിനെ ചൂടുപിടിപ്പിക്കണമേ. ഞങ്ങളുടെ ഹൃദയം ബലഹീനമാണ്; അങ്ങയുടെ ആത്മാവിനാൽ അതിനു ബലം നല്കണേ. ഞങ്ങളുടെ ഹൃദയം പൊള്ളയാണ്‌; അങ്ങയുടെ ദിവ്യസാന്നിധ്യത്താൽ അതിനെ നിറയ്ക്കണമേ. കർത്താവായ യേശുവേ, ഞങ്ങളുടെ ഹൃദയം അങ്ങയുടെതാണ്; അങ്ങ് മാത്രം എന്നെന്നും അതിൽ വസിക്കണമേ. ആമേൻ. (വിശുദ്ധ അഗസ്തീനോസിന്റെ പ്രാർത്ഥന)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്