ലോകത്തിന്റെ പ്രകാശം

"യേശു വീണ്ടും അവരോടു പറഞ്ഞു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അപ്പോൾ ഫരിസേയർ പറഞ്ഞു: നീ തന്നെ നിനക്കു സാക്ഷ്യം നൽകുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. യേശു പ്രതിവചിച്ചു: ഞാൻ തന്നെ എനിക്ക് സാക്ഷ്യം നല്കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ നിങ്ങൾ അറിയുന്നില്ല. നിങ്ങളുടെ വിധി മാനുഷികമാണ്‌. ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോട് കൂടെയുണ്ട്. രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്ന് നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടുണ്ടല്ലോ. എന്നെക്കുറിച്ച് ഞാൻ തന്നെ സാക്ഷ്യം നല്കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്കുന്നു. അപ്പോൾ അവർ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങൾ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ദേവാലയത്തിൽ ഭണ്ടാരസ്ഥലത്ത് പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ അവൻ ഇതെല്ലാം പറഞ്ഞത്. എന്നാൽ, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ സമയം ഇനിയും വന്നു ചേർന്നിട്ടില്ലായിരുന്നു. (യോഹന്നാൻ 8:12-20)

വിചിന്തനം 
 കൂടാരതിരുന്നാളിനു ജറുസലേമിൽ തടിച്ചുകൂടിയിരുന്ന യഹൂദരുടെ മദ്ധ്യേവച്ചാണ് യേശു താൻ ലോകത്തിന്റെ പ്രകാശമാണ് എന്ന് പറഞ്ഞത്. കൂടാരതിരുന്നാൾ യഹൂദരെ സംബന്ധിച്ചിടത്തോളം പ്രകാശത്തിന്റെ ഉത്സവം കൂടി ആയിരുന്നു. വാഗ്ദത്തഭൂമിയിലേക്കുള്ള മരുഭൂമി യാത്രയുടെയും, ആ സമയത്ത് ദൈവം ഇരുളിൽ പ്രകാശമായും വെയിലിൽ തണലായും അവരെ നയിക്കുകയും ചെയ്തതിന്റെ ഓർമ്മ ആചരിക്കുവാൻ ജറുസലേം ദേവാലയതിനുമുന്പിൽ എട്ടുദിവസം വലിയ വിളക്കുകൾ കത്തിച്ചാണ് അവർ തിരുന്നാൾ ആഘോഷിചിരുന്നത്. പ്രകാശം ദൈവം തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ഫരിസേയർക്ക്, യേശു പ്രസ്താവന അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ തികച്ചും മാനുഷികമായ രീതിയിൽ ചിന്തിക്കുന്നത് മൂലമാണ് യേശുവിനെ മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെട്ടത്‌. യേശുവിനെ പിതാവായ ദൈവം ലോകത്തിലേക്ക്‌ അയച്ചത്, തന്റെ ജനത്തെ പാപത്തിന്റെ അന്ധകാരത്തിൽനിന്നും മോചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. അതിന് സാക്ഷ്യം നൽകുന്നത് ദൈവത്തിന്റെതന്നെ ദാനമായ പരിശുദ്ധാത്മാവിലൂടെയുള്ള വിശ്വാസമാണ്. ഈ വിശ്വാസത്തെ സ്വീകരിക്കാൻ നമുക്കിന്നാവുന്നുണ്ടോ? 

പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം. എന്നാൽ ഇരുട്ടാകട്ടെ, മനുഷ്യരിൽ ആശയക്കുഴപ്പവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു. കേവലം പകലിലും രാത്രിയിലും മാത്രം ഒതുങ്ങി നിൽക്കുന്ന ബാഹ്യമായ അവസ്ഥകളല്ല ഇരുളും വെളിച്ചവും. നമ്മിലോരോരുത്തരിലും ഉണ്ട് ജീവദായകമായ പ്രകാശവും, നശീകരണ ശേഷിയുള്ള പാപാന്ധകാരവും. ലോകസുഖങ്ങളിൽ മതിമറന്ന് ദൈവത്തിന്റെ പ്രകാശത്തിൽനിന്നും നമ്മൾ പലപ്പോഴും അകന്നുപോകാറുണ്ട്. അന്ധകാരത്തിന്റെ അടിമകളായവർ ഇരുട്ടിൽ തങ്ങൾ ചെയ്യുന്ന പാപങ്ങൾ ഒരിക്കലും വെളിച്ചത്തുവരികയില്ലെന്ന വ്യർത്ഥചിന്തയുടെ വക്താക്കളാണ്. എന്നാൽ, "ദുഷ്ടരുടെ മാർഗ്ഗം സാന്ദ്രതമസ്സുപോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവർക്കറിഞ്ഞുകൂടാ" (സുഭാഷിതങ്ങൾ 4:19). അന്ധകാരത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരു വ്യക്തിയും തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നില്ല, കാരണം "ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാൽ എവിടേക്കാണ് പോകുന്നതെന്ന് അവൻ അറിയുന്നില്ല" (1 യോഹന്നാൻ 2:11). ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ്, അവിടുത്തെ വചനം പാലിക്കാത്ത ഏതൊരാളും അന്ധകാരത്തിലാണ്. 

ദൈവത്തിന്റെ പ്രകാശം നമ്മിൽ പ്രതിഫലിക്കുന്പോൾ, അത് നമ്മുടെ ആത്മാവിന്റെ ഇരുളടഞ്ഞ ഇടങ്ങളിൽ വെളിച്ചംവീശി, നമ്മിലെ പാപങ്ങൾ നമുക്കുതന്നെ വെളിപ്പെടുത്തി തരുന്നു. ആ വെളിച്ചത്തെ സ്വീകരിച്ച് പാപങ്ങൾ ഉപേക്ഷിക്കുവാൻ നമ്മൾ തയ്യാറായാൽ, ജീവദായകമായ ആ പ്രകാശം നമ്മുടെ ആത്മാവിനും ശരീരത്തിനും സൗഖ്യദായകമാകുന്നു. പ്രപഞ്ചത്തിൽ ജീവൻ നിലനിർത്താൻ സൂര്യപ്രകാശം സഹായിക്കുന്നതുപോലെ, ദൈവത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ ആത്മാവിനു പുതുജീവൻ പകർന്നുനൽകി അതിനെ വളർത്തുന്നു. "അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരിൽനിന്നു എഴുന്നേൽക്കുക, ക്രിസ്തു നിന്റെമേൽ പ്രകാശിക്കും" (എഫേസോസ് 5:14). പ്രകാശത്തിന്റെ മക്കളായി, യേശുവിനെയും അവിടുത്തെ പിതാവിനെയും അവിടുന്ന് അയച്ച പരിശുദ്ധാത്മാവിനെയും അറിയുവാനും സ്വീകരിക്കുവാനും, അവരിലുള്ള വിശ്വാസത്തിൽ വർത്തിക്കുവാനും നമുക്കിന്നാവുന്നുണ്ടോ? പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കാരുണ്യവാനും സകല വിശുദ്ധിയുടെയും ഉറവിടവുമായ പിതാവേ, ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ ആത്മാവിലൂടെ അങ്ങയെ അറിയുവാനുള്ള വിവേകം ഞങ്ങൾക്ക് തരേണമേ, അങ്ങയെ അന്വേഷിക്കുവാൻ ഞങ്ങളെ ഉത്സുകരാക്കണമേ, അങ്ങേക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുവാനുള്ള കൃപ തരേണമേ, അങ്ങയിൽ ദൃഷ്ടി ഉറപ്പിക്കുവാനുള്ള നിരീക്ഷണപാടവം നൽകേണമേ, അങ്ങയെപ്പറ്റി ധ്യാനിക്കുവാൻ കാഠിന്യരഹിതമായ ഹൃദയം നൽകേണമേ, അങ്ങയെ പ്രഘോഷിക്കുവാനായി എന്റെ ജീവിതത്തെ നവീകരിക്കണമേ. ആമേൻ. (വിശുദ്ധ ബെനഡിക്റ്റിന്റെ പ്രാർത്ഥന)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്