പകരം നൽകാനില്ലാത്തവരുടെ ആതിഥേയൻ

"തന്നെ ക്ഷണിച്ചവനോടും അവൻ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുന്പോൾ നിന്റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവർ നിന്നെ പകരം ക്ഷണിക്കുകയും അത് നിനക്ക് പ്രതിഫലമാവുകയും ചെയ്യും. എന്നാൽ, നീ സദ്യ നടത്തുന്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാൽ, പകരം നൽകാൻ അവരുടെ പക്കൽ ഒന്നുമില്ല. നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രതിഫലം ലഭിക്കും."(ലൂക്കാ 14:12-14)

വിചിന്തനം 
ഘോഷാവസരങ്ങളിൽ അതിനോടനുബന്ധിച്ചു വിരുന്നു നല്കുന്ന പതിവ് മനുഷ്യസംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമാണ്. സുവിശേഷത്തിൽത്തന്നെ, യേശു ഒട്ടേറെ വിരുന്നുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്. ക്ഷണിക്കുന്ന വ്യക്തിയുടെ നിലയോ വിലയോ അവസ്ഥയോ ഒന്നും യേശുവിനു വിരുന്നിൽ പങ്കെടുക്കുന്നതിനു തടസ്സമായി നിന്നിരുന്നില്ല. സമൂഹത്തിലെ ഉന്നതർ മുതൽ പാപികളോടും ചുങ്കക്കാരോടുമൊപ്പം വരെ ഭക്ഷണം കഴിക്കാൻ യേശു സമയം കണ്ടെത്തിയിരുന്നു. ഇത് പലപ്പോഴും യഹൂദപ്രമാണികളിൽ ചിന്താകുഴപ്പം സൃഷ്ടിച്ചിരുന്നു. കാരണം അവർ വിരുന്നിനു മറ്റുള്ളവരെ ക്ഷണിച്ചിരുന്നതും, മറ്റുള്ളവരുടെ വിരുന്നിൽ പങ്കെടുത്തിരുന്നതുമൊക്കെ പ്രധാനമായും സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ആയിരുന്നു. 

യേശുവിനെ വിരുന്നിനു ക്ഷണിച്ച വ്യക്തിയുടെ മനോഗതം മനസ്സിലാക്കിയായിരിക്കണം യേശു അയാളെ ഉപദേശിച്ചത്. ഒട്ടേറെ അത്ഭുതങ്ങളിലൂടെയും മറ്റും സമൂഹത്തിൽ പേരെടുത്തിരുന്ന ഗലീലിയിൽ നിന്നുള്ള പ്രസിദ്ധനായ ഗുരുവിനെ വിരുന്നിനു ക്ഷണിച്ചത് തീർച്ചയായും സമൂഹത്തിൽ അയാളുടെ പ്രശസ്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നിരിക്കണം. അതുപോലെ തന്നെ അവിടെ കൂടിയിരുന്ന എല്ലാവരും തന്നെ അയാളുമായി ബന്ധപ്പെട്ടവരോ കടപ്പെട്ടവരോ ആയിരുന്നിരിക്കണം. ഇതെല്ലാം തിരിച്ചറിഞ്ഞ യേശു തന്റെ ആതിഥേയനോടും, ഒപ്പം അയാളുടെ ചിന്താഗതിയുമായി സാമ്യമുള്ള നാമോരോരുത്തരോടും പറയുന്നത്, നമ്മുടെ പ്രവൃത്തിയിലെ നിഷ്ഫലതയെക്കുറിച്ചാണ്. ലോകത്തിനു മുൻപിൽ ആളാവുന്നതിനും, അതുപോലെ മറ്റ് പ്രതിഫലേച്ഛയോടും കൂടി നമ്മൾ പ്രവർത്തിക്കുന്നതൊന്നും ദൈവത്തിന്റെ മുൻപിൽ വിലമതിക്കപ്പെടുന്നില്ല എന്ന സന്ദേശമാണ് ഈശോ നമുക്ക് തരുന്നത്. സൽപ്രവർത്തികൾ ചെയ്യുന്പോൾ നമ്മുടെ മനോവ്യാപാരം എന്താണ്? യേശുവിന്റെ കാലത്ത്, സമൂഹത്തിൽ തങ്ങൾക്കുള്ള സ്ഥാനമാനങ്ങളും സ്വാധീനവുമൊക്കെ വളർത്തുന്നതിനു വേണ്ടിയാണ് മിക്കവാറും ഇത്തരത്തിലുള്ള വിരുന്നുകൾ നൽകിയിരുന്നതെങ്കിൽ,  രണ്ടായിരം വർഷങ്ങൾക്കു ശേഷവും വിരുന്നുകളെക്കുറിച്ചുള്ള കാഴ്ചപാടിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാൻ സാധിക്കും. ഇന്നും നമ്മിൽ ഒട്ടേറെപ്പേർ സദ്യയോ അത്താഴവിരുന്നോ നൽകുന്പോൾ അതിനെ സമൂഹത്തിൽ തങ്ങളുടെ പേരും പ്രശസ്തിയും വളർത്താനുള്ള ഉപാധിയായി കാണാറുണ്ട്‌. 

ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള ഉദാരത കരുണയും അനുകന്പയുമുള്ള ഹൃദയങ്ങളിൽനിന്നുമാണ് ഉത്ഭവിക്കുന്നത്. ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെയൊക്കെ പ്രതിഫലം ആഗ്രഹിക്കാതെ സഹായിക്കുക എന്നത് ഒരു വലിയ ത്യാഗപ്രവർത്തി തന്നെയാണ്. അവരിൽനിന്നും തിരിച്ചു യാതൊരു പ്രയോജനം ലഭിക്കുക ഇല്ലെന്നു മാത്രമല്ല, പലപ്പോഴും നമ്മിൽനിന്ന് സഹായം സ്വീകരിക്കുന്നവരിൽ നിന്ന് നമുക്ക് പലതരത്തിലുള്ള തിക്താനുഭവങ്ങൾവരെ ഉണ്ടായെന്നും വരാം. എന്നാൽ ലൗകീകമായി യാതൊരു പ്രതിഫലവും ലഭിക്കാത്ത ഇത്തരം പ്രവർത്തനങ്ങളിലൂടെ നമ്മിലെ ആത്മാവിന്റെ ചൈതന്യം വളർത്തുവാൻ നമുക്കാവും. നമ്മിലെ അയോഗ്യതകൾ കണക്കിലെടുക്കാതെ നമ്മെ സദാസഹായിക്കുന്ന ദൈവത്തിനു മുൻപിൽ നമുക്ക് അല്പമെങ്കിലും യോഗ്യത നേടിത്തരുന്നത്‌, പ്രതിഫലം ആഗ്രഹിക്കാതെ നമ്മൾ ചെയ്യുന്ന ഇത്തരത്തിലുള്ള പ്രവർത്തികളായിരിക്കും. ദൈവം നമുക്ക് തരുന്നതുപോലെ, നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള മാനസികാവസ്ഥ ലഭിക്കുന്നതിനായി നമുക്കും പ്രാർത്ഥിക്കാം.

 കർത്താവായ ദൈവമേ, ഒരിക്കലും നന്ദി പ്രദർശിപ്പിച്ചു തീരാനാവാത്തത്ര കൃപകളാൽ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കുന്നു. അങ്ങ് എന്നെ സ്നേഹിക്കുന്നതുപോലെയും അങ്ങ് എനിക്ക് നല്കുന്നതുപോലെയും, മറ്റുള്ളവരെ നിസ്വാർത്ഥമായി സ്നേഹിക്കാനും എനിക്കുള്ളത് അവരുമായി പങ്കുവയ്ക്കുവാനും എന്നെ പഠിപ്പിക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്