മഹത്തായ ഭാഗ്യം
"അവൻ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുന്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു: ദൈവവചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ" (ലൂക്കാ 11:27,28)
വിചിന്തനം
പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ച കന്യാമറിയം, തന്നിലൂടെ ലോകത്തിന് കൈവന്നിരിക്കുന്ന രക്ഷയെക്കുറിച്ചു ബോധവതിയായപ്പോൾ ദൈവത്തെ സ്തുതിച്ചു: "ഇപ്പോൾമുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും" (ലൂക്കാ 1:48). ദൈവം തനിക്കു നൽകിയ സൌഭാഗ്യത്തെക്കുറിച്ച് മറിയത്തിനു വ്യക്തമായ അവബോധം ലഭിച്ചത് എലിസബത്തിന്റെ അഭിവാദനത്തിൽനിന്നുമാണ്. മറിയത്തിന്റെ സാമീപ്യംമൂലം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്ത് ഉദ്ഘോഷിച്ചു: "കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി" (ലൂക്കാ 1:45). ദൈവവചനം ശ്രവിച്ച് അത് ഹൃദയത്തിൽ ഉൾക്കൊണ്ട് അതനുസരിച്ചു ജീവിച്ചതുവഴിയാണ് പരിശുദ്ധ അമ്മ സൌഭാഗ്യവതിയായത്. മുപ്പതിലേറെ വർഷങ്ങൾക്കുശേഷം ജനക്കൂട്ടത്തിലുണ്ടായിരുന്ന ഉണ്ടായിരുന്ന ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിലൂടെ യേശു തന്റെ അമ്മയ്ക്ക് ലഭിച്ച സൌഭാഗ്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്. യേശുവിന്റെ ക്ഷണം സ്വീകരിച്ചു സൌഭാഗ്യകരമായ ഒരു ജീവിതം നയിക്കാൻ നമുക്കിന്നാവുന്നുണ്ടോ?
താൻ നൽകുന്ന സൌഭാഗ്യങ്ങളുടെയും സമൃദ്ധിയുടെയും മദ്ധ്യത്തിൽ ജീവിക്കുന്പോഴും മനുഷ്യന്റെ ഹൃദയത്തിൽ പാപത്തിലേക്കുള്ള ചായ്‌വ് തിരിച്ചറിഞ്ഞ ദൈവം ഒട്ടേറെക്കാലം തന്റെ വചനം പ്രവാചകരിലൂടെ നൽകി. എന്നാൽ കേവലം മനുഷ്യർ മാത്രമായ പ്രവാചകരിലൂടെ ലഭിച്ച മുന്നറിയിപ്പുകളെല്ലാം തള്ളിക്കളയുകയാണ് ദൈവജനം എക്കാലവും ചെയ്തത്. "കർത്താവ് തന്റെ നീതിയെപ്രതി നിയമത്തെ ഉത്കൃഷ്ടമാക്കാനും മഹത്വപ്പെടുത്തുവാനും പ്രീതി കാണിച്ചു. എന്നാൽ, മോഷണത്തിനും കവർച്ചയ്ക്കും അധീനമായ ഒരു ജനമാണിത്" (ഏശയ്യാ 42:21,22) എന്ന് വിലപിക്കുന്ന ദൈവത്തിന്റെ ശബ്ദം ചെവികൊള്ളാൻ ലൗകീകതയെ ദൈവമായി കരുതി ആരാധിച്ച ദൈവജനം തയ്യാറല്ലായിരുന്നു. ഹൃദയങ്ങളെ കല്ലിനേക്കാൾ കടുപ്പമുള്ളതാക്കി അവർ ദൈവത്തിന്റെ സ്നേഹപൂർവമുള്ള വിളികൾക്ക് പുറംതിരിഞ്ഞുനിന്നു. ഇതുമൂലം ബാബിലോണിന്റെയും അസ്സീറിയായുടേയുമൊക്കെ അടിമത്തത്തിന് അധീനരാകേണ്ടി വന്നപ്പോൾ പോലും തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവത്തെ വിളിക്കാൻ അവർ വിസമ്മതിച്ചു. ദൈവത്തിലൂടെയുള്ള സ്വാതന്ത്ര്യത്തേക്കാളും അവർ വിലമതിച്ചത് അടിമത്തത്തിലും അവർക്ക് ലഭ്യമായിരുന്ന സുഖഭോഗങ്ങളാണ്. "എന്തെന്നാൽ എന്റെ ജനം വിഡ്ഢികളാണ്; അവർ എന്നെ അറിയുന്നില്ല. അവർ ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവർക്ക് യാതൊരു ജ്ഞാനവുമില്ല. തിന്മ പ്രവർത്തിക്കാൻ അവർ സാമർത്ഥരാണ്. നന്മ ചെയ്യേണ്ടത് എങ്ങനെ എന്ന് അറിവില്ല" (ജറെമിയാ 4:22). തന്റെ ജനത്തെ ഈ അവസ്ഥയിൽനിന്നും മോചിപ്പിക്കുന്നതിനാണ് വചനമായ ദൈവം മനുഷ്യനായി അവതരിച്ചത്.
മനുഷ്യന്റെ ദുർവ്യാഖ്യാനത്തിലൂടെ നൂറുകണക്കിന് ഭാരമേറിയ കല്പനകളായി ചിതറികിടന്നിരുന്ന ദൈവവചനത്തെ, ദൈവം യേശുവിലൂടെ ലഘുകരിച്ചു. എളിമയുടെയും പരസ്പരസ്നേഹത്തിന്റെയും അനുതാപത്തിന്റെയും സന്ദേശം ഉപമകളിലൂടെയും എളുപ്പത്തിൽ മനസ്സിലാകുന്ന മറ്റു പ്രതീകങ്ങളിലൂടെയും ഈശോ തന്റെ ജനത്തിന് നൽകി. അത് കേൾക്കുന്നതിനായി അവിടുന്ന് നമ്മുടെ ചെവികളെ തുറന്നു; കാണുന്നതിനായി കണ്ണുകൾ കാഴ്ച്ചയുള്ളവയാക്കി; പരിശുദ്ധാത്മാവിനെ ദാനമായി നൽകി കഠിനമായ നമ്മുടെ ഹൃദയങ്ങളെ മാംസളമാക്കി. നമ്മുടെ ജീവിതത്തെ ഒരു അനുഗ്രഹമാക്കി മാറ്റി സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ ധാരാളമായി അനുഭവിക്കാനുള്ള കൃപ സ്വന്തം രക്തം വിലയായി നൽകി ഈശോ നമുക്കായി നേടിത്തന്നു. വിലമതിക്കാനാവാത്ത ഈ സൌഭാഗ്യത്തെ പരിശുദ്ധ അമ്മ തിരിച്ചറിഞ്ഞതുപോലെ നമുക്കും വെളിപ്പെടുത്തിത്തരുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, അങ്ങയിലൂടെ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന സ്വർഗ്ഗീയസൌഭാഗ്യങ്ങൾ തിരിച്ചറിയുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമാണ്. അവിടുത്തെ പരിശുദ്ധാത്മാവിനെ നൽകി അങ്ങയുടെ വചനം ഗ്രഹിക്കുവാനുള്ള ജ്ഞാനം നൽകണമേ, അങ്ങയുടെ സാന്നിധ്യം അനുഭവിച്ചറിയുവാനുള്ള കൃപയേകണമേ. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ അങ്ങയിലൂടെ ഞാനും സ്വർഗ്ഗീയ സൌഭാഗ്യത്തിനു അർഹനാകട്ടെ. ആമേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ